ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നു, തിരിച്ചറിഞ്ഞത് 107 മൃതദേഹങ്ങൾ
text_fieldsമുണ്ടക്കൈ: ജീവന്റെ തുടിപ്പുകൾ ഇനി അവശേഷിക്കുന്നില്ലെന്ന തിരിച്ചറിവുണ്ട്, പക്ഷേ ബാക്കിയായ ബന്ധുക്കൾക്ക് തങ്ങളുടെ ഉറ്റവരുടെ ദേഹങ്ങൾ അന്ത്യകർമത്തിനായെങ്കിലും കണ്ടെടുത്തുനൽകണം. അതിനായുള്ള തീവ്രയജ്ഞത്തിലാണ് മുഴുവൻ നാടും. തിരച്ചിൽ ഊർജിതമായി തുടരവേ, വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. എന്നാൽ, 189 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 85 പുരുഷന്മാരും 76 സ്ത്രീകളുമാണ്. 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 100 മൃതദേഹ അവശിഷ്ടങ്ങൾ കണ്ടുകിട്ടി. 225 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്നു ദിവസങ്ങളിലായി നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഉന്നതതല യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനി ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള -കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറൽ വി.ടി. മാത്യു യോഗത്തെ അറിയിച്ചു. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്ന് ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗൻ അറിയിച്ചു.
ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയെ ചൂരൽമലയുമായി ബന്ധിപ്പിക്കാൻ പുഴയിൽ സൈന്യത്തിന്റെ ഇരുമ്പ് പാലത്തിന്റെ (ബെയ്‍ലി പാലം) പണി പൂർത്തിയായത് നിർണായകമായി. ഇതിലൂടെ വലിയ പാലത്തിലൂടെയെന്നവണ്ണം വാഹനങ്ങളടക്കം കടന്നുപോകാൻ തുടങ്ങി.
മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ലഭിച്ച മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും വയനാട്ടിലേക്ക് കൊണ്ടുവന്നു. നിലമ്പൂർ മേഖലയിൽനിന്ന് ഇതുവരെ 58 മൃതദേഹങ്ങളാണ് ലഭിച്ചത്. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും രണ്ട് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങളാണിവ. 95 ശരീര ഭാഗങ്ങളും ഇവിടെനിന്ന് കണ്ടെടുത്തു.
ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിലായി ആകെ 578 കുടുംബങ്ങളിലെ 2,328 പേരാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ വ്യാഴാഴ്ച ഉച്ചയോടെ ദുരന്തമേഖല സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.