നാടിന്റെ ഹൃദയംതൊട്ട സൈനികർ മടങ്ങുന്നു; കലക്ടറേറ്റിൽ യാത്രയയപ്പ്
text_fieldsചൂരൽമല (വയനാട്): ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായ വയനാടിന്റെ മണ്ണിൽ നിന്ന് മഹാരക്ഷാ ദൗത്യത്തിന്റെ സ്മരണകൾ ബാക്കിയാക്കി സൈന്യം മടങ്ങിത്തുടങ്ങി. 391 അംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്ന് വ്യാഴാഴ്ച മടങ്ങിയത്. സൈന്യത്തിന്റെ രണ്ട് സംഘങ്ങൾ ദുരന്തഭൂമിയിൽ തങ്ങും. ബെയ്‌ലി പാലവുമായി ബന്ധപ്പെട്ട എൻജിനീയറിങ് വിങ്ങിലെ 23 സൈനികരും ഹെലികോപ്ടർ വഴി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സംഘവുമാണ് ഇനി ബാക്കിയുള്ളത്. ഇവരും വരുംദിവസങ്ങളിൽ മടങ്ങുമെന്നാണ് വിവരം.
വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം സൈനികരാണ് വയനാട്ടിലെത്തിയത്. ബെയ്‍ലി പാലം നിർമിച്ച എൻജിനീയറിങ് വിഭാഗത്തിൽ മാത്രം 153 പേർ സേവനം ചെയ്തു. ടെറിറ്റോറിയിൽ ആർമി, സ്പെഷൽ ഓപറേഷൻ ഗ്രൂപ്, ഡി.എസ്.ഐ, ഡോഗ് സ്ക്വാഡ്, ഐ.ആർ.ബി, ഇന്ത്യൻ നേവി തുടങ്ങി വിവിധ വിഭാഗങ്ങളിലെ സൈനികരും വയനാട് ദൗത്യത്തിനായി അണിനിരന്നു. ദുരന്തമുഖത്ത് കൈമെയ് മറന്ന് പ്രവർത്തിച്ച സൈന്യത്തിന് നാട്ടുകാരോടൊപ്പം സർക്കാർ യാത്രയയപ്പ് നൽകി. ദുരന്തഭൂമിയിൽ ജനങ്ങൾ നൽകിയ സേവനങ്ങൾക്ക് സൈന്യവും നന്ദി അറിയിച്ചു.
രക്ഷാപ്രവർത്തനം പൂർണമായി എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്ന് സൈന്യം അറിയിച്ചു. സൈന്യത്തിന്റെ മഹത്തായ സേവനത്തിന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നന്ദിയറിയിച്ചു. ഒത്തൊരുമിച്ച് ഒരു ശരീരം പോലെ പ്രവർത്തിച്ചെന്നും ചെയ്യാനാകുന്നതെല്ലാം സൈന്യം ചെയ്തെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണ് മടങ്ങിയവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.