ആശ്വാസത്തിനിടയിലും വേദനയോടെ...
text_fieldsആർത്തിരമ്പിയെത്തിയ ഉരുൾപൊട്ടലിൽ പെടാതെ ഭര്‍ത്താവ് രക്ഷപ്പെട്ടത് ഒരു നിമിത്തമായി കരുതുമ്പോൾ തന്നെ തനിക്ക് പ്രിയപ്പെട്ടവരായിരുന്ന പലരും ഇന്നില്ലെന്നത് ഈ വീട്ടമ്മയെ വേദനിപ്പിക്കുന്നു
അമ്പലപ്പുഴ: കേരളത്തിന്റെ ഉള്ളുലച്ച ചൂരൽമല ദുരന്തത്തിന്റെ വാർത്തകൾ ഒഴുകുമ്പോൾ അമ്പലപ്പുഴ ആമയിട സ്വദേശിനി രാജിയുടെ ഞെട്ടൽ വിട്ടുമാറുന്നില്ല. ആർത്തിരമ്പിയെത്തിയ ഉരുൾപൊട്ടലിൽ പെടാതെ ഭര്‍ത്താവ് രക്ഷപ്പെട്ടത് ഒരു നിമിത്തമായി കരുതുമ്പോൾ തന്നെ തനിക്ക് പ്രിയപ്പെട്ടവരായിരുന്ന പലരും ഇന്നില്ലെന്നത് ഈ വീട്ടമ്മയെ വേദനിപ്പിക്കുന്നു.
അമ്പലപ്പുഴ ആമയിട ആഞ്ഞിലിപ്പുരക്കൽ വേലായുധന്റെ മകൻ വി. ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് രാജി. 18 വര്‍ഷമായി വെള്ളാർമല ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ് ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ഞായറാഴ്ച ഉണ്ണികൃഷ്ണന് മാതൃസഹോദരിയുടെ മരണാനന്തര ചടങ്ങിനായി നാട്ടിൽ എത്തിയിരുന്നു.
പിറ്റേന്ന് തിരിച്ച് പോകാന്‍ ഒരുങ്ങുമ്പോള്‍ മഴയും കാറ്റും ശക്തമായതോടെ രാജി യാത്ര മുടക്കുകയായിരുന്നു. സ്കൂള്‍ ഇന്‍ചാര്‍ജ്ജ് കൂടിയായതിനാല്‍ ജോലിത്തിരക്കുണ്ടായിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ യാത്ര വേണ്ടെന്നുവെച്ചു. ചൊവ്വാഴ്ച രാവിലെ തിരിക്കാനിരിക്കെയാണ് ഒന്നരയോടെ സഹപ്രവര്‍ത്തകര്‍ ദുരന്തവാര്‍ത്ത അറിയിക്കുന്നത്. പിന്നീട് ഒന്നും ചിന്തിച്ചില്ല, ചൊവ്വാഴ്ച പുലർച്ചെ വെള്ളാർമലയിലേക്ക് തിരിച്ചു.
താൻ പഠിപ്പിച്ച കുട്ടികളും നാട്ടിലേക്ക് പോരുന്നതിന് തൊട്ടുമുമ്പ് കണ്ട നാട്ടുകാരും എവിടെയാണെന്ന ആശങ്കയിലാണ് ഉണ്ണികൃഷ്ണൻ. മറ്റ് അധ്യാപകർക്കൊപ്പം സ്കൂളിന് സമീപത്തുള്ള ഒരു വീട്ടിൽ വാടകക്കാണ് ഉണ്ണികൃഷ്ണൻ താമസിച്ചിരുന്നത്. മേപ്പാടിയില്‍ എത്തിയശേഷം വീട്ടിലേക്ക് വിളിച്ച് ഭാര്യയെ വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. കുട്ടികളുടെ രക്ഷിതാക്കളുടെ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും എല്ലാവരെയും കിട്ടിയില്ല. മേപ്പാടിയിലെ ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്പുകളിലും തെരച്ചില്‍ തുടരുകയാണ്.
ഉണ്ണികൃഷ്ണന് ജോലിയില്‍ പ്രവേശിച്ച ശേഷം മാസങ്ങളോളം കുടുംബസമേതമാണ് സ്കൂളിനടുത്ത് താമസിച്ചിരുന്നത്. ഉണ്ണികൃഷ്ണന് സ്കൂളില്‍ പോകുമ്പോള്‍ സമീപവാസികളുമായി ഏറെ അടുപ്പത്തിലായിരുന്നു രാജി.
തിരികെ അമ്പലപ്പുഴയിലേക്ക് വന്നെങ്കിലും അവരുമായി അടുത്ത ബന്ധം തുടർന്നു. അമ്പലപ്പുഴയിലെ ഒരു ട്യൂഷൻ സെന്ററിൽ അധ്യാപകനായിരുന്ന ഉണ്ണികൃഷ്ണൻ 2006ലാണ് പി.എസ്.സി നിയമനത്തിൽ വയനാട് മേപ്പാടി വെളളാർമല ഹയർസെക്കൻഡറി സ്കൂളിൽ ജോലിയിൽ പ്രവേശിക്കുന്നത്. അമ്പലപ്പുഴയിലേക്ക് മാറ്റം കിട്ടുമായിരുന്നെങ്കിലും അതിന് ശ്രമിച്ചിരുന്നില്ല. വെള്ളാർമലയിലെ നാട്ടുകാരുമായി ഉണ്ണികൃഷ്ണന് അത്രയധികം അടുപ്പമാണ് ഉണ്ടായിരുന്നത്.
തന്നെ സ്നേഹിച്ച നാട്ടുകാരെയും താൻ പഠിപ്പിച്ച കുട്ടികളെയും കുറിച്ച് അറിയാനുള്ള കാത്തിരിപ്പിലാണ് ഇടറുന്ന ഹൃദയവുമായി വെള്ളാർമലയുടെ ഉണ്ണിമാഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.