ഉരുൾദുരന്തത്തിന് മൂന്നുമാസം; കലക്ടറേറ്റ് സമരവുമായി ദുരന്തബാധിതർ
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തത്തിന് മൂന്നുമാസം തികയുമ്പോൾ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ സമരവുമായി ദുരന്തബാധിതർ. ഇവരുടെ കൂട്ടായ്മയായ ജനശബ്ദം ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തിലാണ് ജില്ല കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തിയത്.
ബുധനാഴ്ച രാവിലെ 10ന് ആരംഭിച്ച ധര്‍ണയിൽ ദുരന്തബാധിത പ്രതിനിധികളായി 50 പേര്‍ സമരത്തിൽ പങ്കെടുത്തു. ഇതാദ്യമായാണ് തങ്ങളുടെ ആവശ്യവുമായി ദുരന്തമേഖലയിലുള്ളവർ പ്രത്യക്ഷ സമരം നടത്തുന്നത്. മൂന്നുമാസമാകുമ്പോഴും സ്ഥിരം പുനരധിവാസമടക്കമുള്ള പ്രധാന നടപടികൾപോലും വഴിമുട്ടിയ അവസ്ഥയാണ്. ടൗൺഷിപ് പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കുമെന്ന് പറഞ്ഞ രണ്ട് എസ്റ്റേറ്റ് ഭൂമികളും നിയമപ്രശ്നത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
ഇതോടെയാണ് ദുരന്തമേഖലയിലുള്ളവർ നേരിട്ട് സമരത്തിനെത്തിയത്. പുനരധിവാസ നടപടികള്‍ ത്വരിതപ്പെടുത്തുക, പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം കുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, അര്‍ഹതയുള്ള മുഴുവന്‍ കുടുംബങ്ങളെയും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുക, മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിയന്തര സഹായവും നിത്യവൃത്തിക്കുള്ള തുകയും എല്ലാ ദുരന്തബാധിത കുടുംബങ്ങള്‍ക്കും ലഭ്യമാക്കുക, മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
കര്‍മസമിതി ചെയര്‍മാന്‍ നസീര്‍ ആലക്കല്‍ അധ്യക്ഷതവഹിച്ചു. അണ്ണയന്‍ ചൂരല്‍മല, ജിജിഷ് മുണ്ടക്കൈ, ഉസ്മാന്‍ മുണ്ടക്കൈ, നൗഫല്‍ മുണ്ടക്കൈ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍മസമിതി കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മല സ്വാഗതവും രാജേന്ദ്രന്‍ ചൂരല്‍മല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.