വയനാട് ദുരന്തം: നിർത്തലാക്കിയ 300 രൂപ ദിനബത്ത പുനരാരംഭിക്കാനാവുമോയെന്ന് പരിശോധിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വയനാട് ദുരന്തബാധിതരായി വാടകവീടുകളിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ രണ്ടുപേർക്ക് വീതം 300 രൂപ വീതം ദിനബത്ത കൊടുത്തിരുന്നത് പുനരാരംഭിക്കാനാവുമോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്ന് മൂന്നുമാസം വരെ മാത്രമേ അത്തരത്തിൽ സഹായധനം വിതരണം ചെയ്യാൻ പറ്റൂ എന്നതിനാലാണ് അത് നിർത്തിയത്. ഇനിയുമത് കൊടുക്കാൻ കഴിയുമോയെന്നത് ഗൗരവമായി പരിഗണിക്കും. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ എം.പിമാരുടെ ഫണ്ടിൽനിന്ന് ഒരു കോടി രൂപ വരെ ചെലവഴിക്കാൻ അനുമതിയുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് രാജ്യത്തെ എല്ലാ എം.പിമാർക്കും താൻ നേരിട്ട് കത്ത് അയച്ചിട്ടുണ്ടെന്നും നിയമസഭയിൽ ടി. സിദ്ദീഖ് എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാന ദുരന്തനിവാരണ നിധിയുടെ മനദണ്ഡങ്ങളിൽ ഹൈകോടതി ഇളവ് വരുത്തിയതിനാൽ 120 കോടി രൂപ വിനിയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ, ദുരന്തത്തിൽ കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് പകരം കൃഷിഭൂമി നൽകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ നിയമം അനുസരിച്ചല്ല വയനാട്ടിൽ ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നിശ്ചയിക്കുന്ന തുക ഉടമകൾക്ക് നൽകും. ഇത് ഹൈകോടതിയും അംഗീകരിച്ചിട്ടുണ്ട്. അതിന്‍റെപേരിൽ വീണ്ടും എതിർപ്പ് ഉയരുമെന്ന് തോന്നുന്നില്ല. എന്നാൽ, ആശങ്കയുടെ പേരിൽ ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ഇനിയും ഭൂമി ഏറ്റെടുക്കുമോയെന്നാണ് അവരുടെ ആശങ്ക. അക്കാര്യം കോടതിയിൽ പറഞ്ഞാൽ ഹൈകോടതിതന്നെ അത് പരിഹരിക്കുമെന്നാണ് കരുതുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.