ഉരുൾ ദുരന്തം: ഇരകൾക്ക് വാഗ്ദാനം മാത്രം
text_fieldsകൽപറ്റ: ഒറ്റരാത്രിയിൽ നൂറുകണക്കിന് ജീവനുകളും ആയുഷ്കാലത്തെ സമ്പാദ്യങ്ങളും ഉരുളെടുത്ത മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ ഇരകൾക്ക് എന്തുകിട്ടിയെന്നു ചോദിച്ചാൽ വാഗ്ദാനം മാത്രം എന്നാണ് ഒറ്റവാക്കിൽ ഉത്തരം. നാലു മാസം മുമ്പ് ഉരുളിൽ ആണ്ടുപോയ കുടുംബങ്ങളിൽ ബാക്കിയായവരെ ചേർത്തുനിർത്താൻ സർക്കാറുകൾ നൽകിയ ഉറപ്പുകളും വാഗ്ദാനങ്ങളുമെല്ലാം പ്രഹസനം മാത്രമായെന്ന് ദുരന്തബാധിതർതന്നെ പറഞ്ഞുതുടങ്ങിയിരിക്കുന്നു. എന്നാൽ, വിഷയത്തിൽ കോടതി ഇടപെടൽ മാത്രമാണ് ഇരകളുടെ ഇപ്പോഴത്തെ പ്രതീക്ഷ. പുനരധിവാസം അനന്തമായി നീളുന്നതിനെതിരെയും ഫണ്ടുണ്ടായിട്ടും നടപടികൾ മാത്രമുണ്ടാകാത്ത വിഷയത്തിലും ഹൈകോടതി നേരിട്ട് ഇടപെടുന്നത് നടപടികൾ വേഗത്തിലാക്കുമെന്നാണ് ഇരകളുടെ ആശ്വാസം.
ദുരന്ത മേഖലയിൽ ഹെലികോപ്ടറിൽ കറങ്ങിയും പരിക്കേറ്റവരെ ആശുപത്രിയിലെത്തി തലോടിയും ചേർത്തുനിർത്തി ഫോട്ടോയെടുത്തും കൂടെയുണ്ടെന്ന ഉറപ്പും നൽകി തിരിച്ചുപോയ പ്രധാനമന്ത്രിയാകട്ടെ നാലുമാസമാകാറായിട്ടും മൗനം തുടരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ കാറ്റഗറി മൂന്നിൽ പെടുത്തി അതിതീവ്ര ദുരന്തമായി പരിഗണിക്കാൻ പോലും തയാറാകാതെ, സംസ്ഥാനം വിശദ റിപ്പോർട്ട് നൽകിയത് വൈകിയെന്നുപറഞ്ഞ് സഹായങ്ങൾ തടയുകയാണ് കേന്ദ്രം.
എല്ലാ വർഷവും നൽകുന്ന എസ്.ഡി.ആർ.എഫ് ഫണ്ടിൽനിന്ന് ചെലവഴിക്കാനാണ് കേന്ദ്രത്തിന്റെ ഉപദേശം. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല. പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി നിയമക്കുരുക്കിൽ അനിശ്ചിതത്വത്തിലായതിന് പുറമെയാണ് ഇരുട്ടടിയായി കേന്ദ്ര സർക്കാർ നിലപാട്. ഭാഗ്യത്തിന് രക്ഷപ്പെട്ട 985 കുടുംബങ്ങളാണ് ഇപ്പോഴും ദുരന്ത ഓർമകളിൽ ഭയപ്പാടോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്വാർട്ടേഴ്സുകളിൽ കഴിയുന്നത്. നിരന്തരം കൗൺസലിങ് ഉൾപ്പെടെ നൽകിയിട്ടും മഴയൊന്ന് കനത്ത് പെയ്താൽ ഇപ്പോഴും വാവിട്ട് കരയുന്നവർ അനവധി. ഇവർക്ക് ലഭിക്കുന്ന മാസ വാടകയും ഉപജീവന തുകയും എപ്പോൾ വേണമെങ്കിലും നിലക്കുന്ന അവസ്ഥ. സർക്കാർ പ്രഖ്യാപിച്ച ധനസഹായം കിട്ടാത്തവർ നൂറിലധികം ഇപ്പോഴുമുണ്ട്.
അതേസമയം, പുനരധിവാസത്തിന് ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ നിയമക്കുരുക്കിലകപ്പെട്ട് പ്രതിസന്ധിയിലായതോടെ ഉരുൾ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നേരിട്ട് നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിൽ 545 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചിട്ടുണ്ട്. വിവിധ സംഘടനകളും വ്യക്തികളും ഹെക്ടർ കണക്കിന് സ്ഥലവും അറുന്നൂറിലധികം വീടുകളും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ടൗൺഷിപ്പിനോട് താൽപര്യം ഇല്ലെന്നും സ്വന്തംനിലക്ക് ഭൂമി കണ്ടെത്തി വീട് നിർമിക്കാനും മറ്റും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരായ നിരവധി കുടുംബങ്ങൾ രംഗത്തുവരുന്നുണ്ട്. ഉറ്റവരെല്ലാം നഷ്ടമായി പല കുടുംബങ്ങളിലും ഒറ്റക്കായ നിരവധി പേർ ഇപ്പോൾതന്നെ വയനാടിന് പുറത്തുള്ള ബന്ധുവീടുകളിലും മറ്റും താമസിക്കുന്നുണ്ട്. ഇവരിൽ പലരും ബന്ധുക്കളാരുമില്ലാത്ത വയനാട്ടിലെ നിർദിഷ്ട ടൗൺഷിപ്പിൽ താമസിക്കാൻ താൽപര്യമുള്ളവരല്ല. നിലവിൽ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിനായി ഏറ്റെടുക്കാൻ തീരുമാനിച്ച രണ്ടു എസ്റ്റേറ്റുകളുടെയും നടത്തിപ്പുകാരും എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് ജില്ല കലക്ടറും കോടതികളെ സമീപിച്ച സാഹചര്യത്തിൽ സ്ഥലം ഏറ്റെടുക്കൽ പോലും അനന്തമായി നീളുമെന്നാണ് ദുരന്ത ബാധിതർ ആശങ്കപ്പെടുന്നത്.
നടപ്പാകാത്ത സർക്കാർ വാഗ്ദാനങ്ങൾ
ദുരന്ത ബാധിതർക്കായി ജില്ലയിൽ രണ്ട് ടൗൺഷിപ്പുകൾ നിർമിക്കും
1000 സ്ക്വയര്‍ ഫീറ്റ് വീതമുള്ള 1000 വീടുകൾ നിർമിച്ചു നൽകും
പുനരധിവാസ പാക്കേജില്‍ ജീവനോപാധികളും
വനിതകള്‍ക്ക് അനുയോജ്യമായ തൊഴില്‍ പരിശീലനം
കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം
സ്കൂളുകളും ആരാധനാലയങ്ങളും
ഡിസംബര്‍ 31ഓടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും
തിരച്ചിൽ പുനരാരംഭിക്കും
സർക്കാറിനെതിരായ ആരോപണങ്ങൾ
ദുരന്ത ബാധിതരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല
കടങ്ങൾ എഴുതിത്തള്ളാനുള്ളത് 26 കോടി
സർക്കാർ സഹായങ്ങൾ കിട്ടാതെ നൂറിലധികം ഇരകൾ
200 മൃതദേഹ ഭാഗങ്ങളുടെ ഡി.എൻ.എ ഫലം ലഭിച്ചില്ല
തുടർചികിത്സ ആവശ്യമുള്ള 115 പേരുടെ കാര്യത്തിൽ നടപടിയില്ല
ഇപ്പോഴും കണ്ടെത്താത്ത 47 പേരുടെ കാര്യത്തിൽ തീരുമാനമെടുത്തില്ല
തിരച്ചിൽ പുനരാരംഭിച്ചില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.