വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമാകില്ല; കിട്ടുമോ, പ്രത്യേക പാക്കേജ്
text_fieldsകൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിലെ ചട്ടങ്ങൾ പ്രകാരം അതിന് കഴിയില്ല. പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട രാജ്യത്തെ വിവിധ ചട്ടങ്ങൾ പ്രകാരം ഒരു പ്രകൃതിദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചിരുന്നു. ലോക്സഭയിൽ കെ. സുധാകരൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് (എസ്.ഡി.ആർ.എഫ്), കേന്ദ്ര ദുരന്ത നിവാരണ ഫണ്ട് (എൻ.ഡി.ആർ.എഫ്) എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ, ദേശീയ ദുരന്തമായി ഒരു പ്രകൃതി ദുരന്തത്തെയും പ്രഖ്യാപിക്കാൻ അനുവദിക്കുന്നില്ല. എന്നാൽ, കേന്ദ്ര ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ വയനാടിനായി പ്രത്യേക സഹായ പാക്കേജ് അനുവദിക്കാനാകും. പ്രധാനമന്ത്രി മോദി വയനാട് സന്ദർശിച്ചതോടെ ഏവരും പ്രതീക്ഷയിലാണ്.
വയനാട്ടിലേത് ലെവൽ 3 ദുരന്തം
തീവ്രതയുടെയും നാശനഷ്ടങ്ങളുടെയും തോത് പരിഗണിച്ച് ഇന്ത്യയിലെ പ്രകൃതിദുരന്തങ്ങളെ മൂന്നു വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.
ലെവൽ 1: പ്രാദേശിക ഭരണകൂടങ്ങൾക്ക് കൈകാര്യം ചെയ്യാവുന്ന നൂറിന് താഴെ ആളുകളെ മാത്രം ബാധിക്കുന്ന ദുരന്തങ്ങളാണ് ഇവ.
ലെവൽ 2: ആയിരം വരെ ആളുകളെ ബാധിക്കുന്ന കാർഷിക വിളകൾ, വീടുകൾ തുടങ്ങിയവക്ക് കാര്യമായ നഷ്ടമുണ്ടാക്കുന്ന സംസ്ഥാന സർക്കാറിന്റെ സഹായം ആവശ്യമുള്ള ദുരന്തങ്ങളാണ് ഇതിൽ പെടുന്നത്.
ലെവൽ 3: അതിതീവ്രമായ നാശനഷ്ടങ്ങൾ ഉണ്ടാകുന്ന, ആയിരത്തിൽ കൂടുതൽ ആളുകളെ ബാധിക്കുന്ന കേന്ദ്രസർക്കാറിന്റെ സഹായം ആവശ്യമുള്ള പ്രകൃതിദുരന്തങ്ങളാണിവ. 2018ലെ പ്രളയം, 2001ലെ ഗുജറാത്ത് ഭൂമികുലുക്കം, 2013ലെ ഉത്തരാഖണ്ഡ് ഉരുൾപൊട്ടൽ തുടങ്ങിയവ ഈ ഗണത്തിൽപെടുന്നവയാണ്.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെയാണ് വയനാട് ഉരുൾപൊട്ടൽ ബാധിച്ചത്. 1721 വീടുകളിലായുള്ള 4833 മനുഷ്യരെയാണ് ദുരന്തം ബാധിച്ചത്.
വേണം പ്രത്യേക കേന്ദ്ര പാക്കേജ്
ദുരന്തത്തെ ലെവൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാറിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്ന് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
വയനാട്ടിലെ ദുരന്തം വലിയ ആഘാതമാണ് ഉണ്ടാക്കിയെതന്നും വിദഗ്ധപഠനം ആവശ്യമാണെന്നുമാണ് കഴിഞ്ഞ ദിവസം ജില്ല സന്ദർശിച്ച കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ. പുനരധിവാസത്തിന് മാത്രമായി 2000 കോടി രൂപ ആവശ്യമുണ്ടെന്നാണ് സംസ്ഥാന സർക്കാർ ഇവരെ അറിയിച്ചത്.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങൾക്കായി 11,500 കോടി രൂപയാണ് പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനുള്ള പാക്കേജിനായി നീക്കിവെച്ചത്. ആൾനാശവും സ്വത്ത് നാശവും പരിഗണിക്കുമ്പോൾ വയനാടിനും സമാനമായ ആശ്വാസ പാക്കേജ് കേന്ദ്രത്തിൽനിന്ന് ഉണ്ടാകണമെന്നാണ് വയനാട് ദുരിതാശ്വാസത്തിന്റെ ഏകോപന ചുമതലയുള്ള മന്ത്രിസഭാസമിതി ആവശ്യപ്പെടുന്നത്.
ദുരന്തമേഖലയിലെ നല്ലൊരു ശതമാനം ആളുകളും തോട്ടംതൊഴിലാളികളടക്കമുള്ള സാധാരണക്കാരായിരുന്നു. വീടുണ്ടാക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനുമായി പലരും ലക്ഷങ്ങൾ വായ്പയെടുത്തിട്ടുണ്ട്. ഇവരുടെ കടങ്ങൾ എഴുതിത്തള്ളുകയോ വായ്പകൾക്ക് അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിക്കുകയോ വേണമെന്നും ആവശ്യമുയരുന്നുണ്ട്.
വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട ആശങ്കയാണ് ക്യാമ്പിൽ കഴിയുന്നവരും ഉന്നയിക്കുന്നത്. ദുരന്തനിവാരണനിയമം 13 വകുപ്പ് പ്രകാരം വായ്പകൾ എഴുതിത്തള്ളണമെന്നാണ് ആവശ്യം.
കാർഷിക മേഖലയിലെ നഷ്ടം ഇങ്ങനെ
ഏലം, കാപ്പി, കുരുമുളക്, തേയില, തെങ്ങ്, വാഴ, കമുക്, ഇടവിളകൾ എന്നിവയാൽ സമൃദ്ധമായിരുന്നു ഉരുൾപൊട്ടൽ മേഖല. ഇവിടെ 310 ഹെക്ടർ കൃഷി നശിച്ചുവെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. മൂന്ന് വാര്‍ഡുകളിലെ 750ലധികം കുടുംബങ്ങൾക്ക് കൃഷിയുണ്ടായിരുന്നു.
50 ഹെക്ടർ സ്ഥലത്തെ ഏലം, 100 ഹെക്ടറിൽ കാപ്പി, 70 ഹെക്ടറിൽ കുരുമുളക്, 55 ഹെക്ടര്‍ തേയില, 10 ഹെക്ടർ നാളികേരം, 15 ഹെക്ടർ കമുക് കൃഷി, 10 ഹെക്ടർ വാഴ എന്നിങ്ങനെയാണ് നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കുകൾ. ലക്ഷങ്ങളുടെ കാർഷിക ഉപകരണങ്ങളും നശിച്ചു.
ക്ഷീര വികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടമെന്നാണ് ക്ഷീര വികസന വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. 112 കന്നുകാലികളാണ് മേഖലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 48 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.