ഉരുൾപൊട്ടൽ: കണ്ടെത്താനുള്ളത് 180 പേരെ, ആകെ മരണം 402 ആയി; തിരച്ചിൽ തുടരും
text_fieldsമേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണം 402 ആയി. ദുരന്തത്തിൽപ്പെട്ട 180 പേരെ കണ്ടെത്താനുണ്ട്. സർക്കാറിന്‍റെ കണക്കുകൾ പ്രകാരം 226 മരണമാണ് സംഭവിച്ചത്. കണ്ടെടുത്തതിൽ 181 ശരീരഭാഗങ്ങളും ഉൾപ്പെടും.
തിരിച്ചറിയാത്ത മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും പുത്തുമലയിൽ സംസ്കരിച്ചു. മൃതശരീരങ്ങൾ തിരിച്ചറിയാനുള്ള ശാസ്ത്രീയ പരിശോധന തുടരുകയാണ്. 83 രക്തസാംപിളുകൾ ശേഖരിച്ചു.
ചാലിയാർ പുഴയിൽ നിന്ന് 76 മൃതദേഹങ്ങളും 159 ശരീരഭാഗങ്ങളും ഇതുവരെ ലഭിച്ചു. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും മൂന്ന് ആൺകുട്ടികളുടെയും നാല് പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. മീൻകുട്ടി, പോത്തുക്കൽ മേഖലകളിലും ഇതുവരെ പരിശോധന നടത്താത്ത സൂചിപ്പാറയിലെ സൺറൈസ് വാലിയിലും പരിശോധന നടത്തും. ദൗത്യസംഘത്തെ വ്യോമസേന ഹെലികോപ്റ്ററിൽ സ്ഥലത്തെത്തിക്കും.
അതേസമയം, മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 24 മണിക്കൂറും മൊബൈൽ പൊലീസ് പെട്രോൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദുരിതബാധിതരെ വിളിക്കുന്നതായി വിവരമുണ്ടെന്നും ദുരിതബാധിതരെ മാനസികമായി തകർക്കുന്ന ഒരു നടപടിയുംം ഉണ്ടാകരുതെന്നും റവന്യു മന്ത്രി കെ. രാജൻ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.