വയനാട് ഉരുൾപൊട്ടൽ: എസ്റ്റിമേറ്റ് മാനദണ്ഡം അറിയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. എങ്ങനെയാണ് തുക വിലയിരുത്തിയതെന്ന് വ്യക്തമാക്കണമെന്നാണ് കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞത്. ഹൈകോടതിയിൽ നൽകിയ എസ്റ്റിമേറ്റ് തുക സംബന്ധിച്ച കണക്കുകൾ വലിയ വാർത്തയായിരുന്നു. ഇത് യഥാർഥ കണക്കല്ലെന്നും ചെലവഴിച്ച തുകയെന്ന രീതിയിൽ പ്രചാരണം നടന്നുവെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. ഈ കണക്കുകളുടെ മാനദണ്ഡമാണ് ഇന്ന് കോടതി ആരാഞ്ഞത്.
ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ നിർദേശം. ദുരിതബാധിതർക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ മേൽനോട്ടം എന്ന നിലയിൽ കൂടിയാണ് കോടതി കേസെടുത്തിരുന്നത്. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. ദുരിതബാധിതർക്ക് കേന്ദ്രസഹായം വേഗത്തിൽ ലഭ്യമാക്കാൻ നടപടി വേണം. ഇതിനായുള്ള സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണിക്കാൻ കേന്ദ്രം തയാറാകണമെന്നും കോടതി നിർദേശിച്ചു.
നേരത്തെ ദുരന്തനിവാരണത്തിനും രക്ഷാപ്രവർത്തനത്തിനുമായി 1202 കോടി ചെലവാകുമെന്ന സത്യവാങ്മൂലത്തിലെ പരാമർശം ഏതാനും വാർത്ത ചാനലുകൾ ‘ദുരന്തനിവാരണത്തിന് ചെലവായ തുക’ എന്ന നിലയിൽ റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദം ഉടലെടുത്തത്. രക്ഷാപ്രവർത്തനത്തിൽ സൗജന്യമായി സേവന മനസ്സോടെ പങ്കെടുത്ത സന്നദ്ധസംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇത്രയും തുക എങ്ങനെ ചെലവായെന്ന ചോദ്യവുമായി രംഗത്തെത്തിയതോടെ സർക്കാർ സംശയമുനയിലായി.
ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചെലവായെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. മൃതദേഹ സംസ്കരണം പൂർണമായും നടത്തിയത് സന്നദ്ധസംഘങ്ങളായിരുന്നു. പിന്നെ എങ്ങനെ ഇത്ര തുക ചെലവുവന്നു എന്ന ചോദ്യവും ഉയർന്നു. സമാനമായി വളണ്ടിയർമാർക്ക് നൽകിയ ഭക്ഷണം, വസ്ത്രം, മെഡിക്കൽ ഐയ്ഡ് തുടങ്ങിയ കാര്യങ്ങളിലും ചോദ്യങ്ങളുയർന്നു. വയനാട് ദുരന്തത്തിന്റെ മറവിൽ സർക്കാർ അഴിമതി നടത്തിയെന്ന തരത്തിൽ ഏതാനും പ്രതിപക്ഷ പാർട്ടി നേതാക്കളൂം രംഗത്തെത്തിയതോടെ വിവാദം ഒരുപകൽ മുഴുവൻ കത്തി.
സർക്കാർ പക്ഷത്തുനിന്ന് വിശദീകരണവുമായി ആദ്യം രംഗത്തെത്തിയത് മന്ത്രി എം.ബി രാജേഷ് ആണ്. ആഗസ്റ്റ് 19ന് കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടം തന്നെയാണ് ഹൈകോടതിയിൽ സത്യവാങ്മൂലമായി നൽകിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും വിശദീകരണ പ്രസ്താവന പുറത്തിറക്കി. നിലവിൽ സമർപ്പിച്ച മെമ്മോറാണ്ടത്തിലെ തുക അപര്യാപ്തമാണെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.