വയനാട്ടിൽ ഭൂരിപക്ഷ ചർച്ച
text_fieldsകൽപറ്റ: ആരു ജയിക്കുമെന്ന കാര്യത്തിൽ അശേഷം സംശയമില്ലാത്ത വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. 14,71,742 വോട്ടർമാരുള്ള വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വയനാട് പാർലമെൻറ് മണ്ഡലത്തിൽ ഭൂരിപക്ഷത്തെ കുറിച്ച് മാത്രമാണ് ഇപ്പോഴത്തെ ചർച്ച. പ്രിയങ്കയുടെ വിജയത്തിളക്കം കുറക്കാനാണ് എൽ.ഡി.എഫും എൻ.ഡി.എയും കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത്. മണ്ഡലത്തില്‍ എൽ.ഡി.എഫിനുവേണ്ടി പ്രിയങ്കയെ നേരിടുന്നത് സി.പി.ഐയിലെ സത്യന് മൊകേരിയാണ്.
കോഴിക്കോട് കോര്പറേഷന് കൗണ്‍സിലറും മഹിളാമോര്‍ച്ച സംസ്ഥാന നേതാവുമായ നവ്യ ഹരിദാസാണ് എൻ.ഡി.എ സ്ഥാനാര്‍ഥി. പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. രാഹുൽ ഗാന്ധി നേടിയ മൂന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിലെത്തിക്കാനുള്ള ശ്രമം യു.ഡി.എഫ് നടത്തുമ്പോൾ പ്രിയങ്കയുടെ വിജയത്തിന്റെ മാറ്റ് പരമാവധി കുറക്കാനും കഴിഞ്ഞ തവണ നേടിയ സ്വന്തം വോട്ടുകളിൽ ഒട്ടും വിള്ളലുണ്ടാവാതിരിക്കാനുമാണ് എല്‍.ഡി.എഫും എന്‍.ഡി.എയും കിണഞ്ഞുശ്രമിക്കുന്നത്. 2019ല്‍ രാഹുല്‍ ഗാന്ധിയുടെ 4,31,770 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും നൽകി കന്നിയങ്കത്തിനിറങ്ങിയ പ്രിയങ്കയെ ലോക്സഭയിലെത്തിക്കുന്നതിന് ദേശീയ- സംസ്ഥാന നേതാക്കളുടെ പടതന്നെ വയനാട്ടിൽ ആഴ്ചകളായി തമ്പടിച്ചിട്ടുണ്ട്. പ്രിയങ്കയാകട്ടെ, മൂന്നാം ഘട്ട പര്യടനത്തിന് ഞായറാഴ്ച വീണ്ടും മണ്ഡലത്തിലെത്തും.
കേന്ദ്ര ഭരണത്തിനെതിരായ പോരാട്ടത്തിൽ എൽ.ഡി.എഫിന് റോളില്ലെന്നും ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് മത്സരമെന്നുമുള്ള തരത്തിലാണ് ഇപ്പോൾ യു.ഡി.എഫ് പ്രചാരണം. അതേ സമയം, മറ്റൊരു തെരഞ്ഞെടുപ്പ് അടിച്ചേൽപിച്ചതിനെതിരെയും വിസിറ്റിങ് എം.പിയെ നാടിന് വേണ്ടെന്ന സന്ദേശവുമുയർത്തിയാണ് പ്രിയങ്കക്കെതിരായ എൽ.ഡി.എഫ് പ്രചാരണം.
എന്നാൽ, സി.പി.ഐയെ ഒറ്റക്കാക്കി സി.പി.എം പ്രചാരണത്തിൽ ഒട്ടും സജീവമായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. വയനാടിനെ ഗാന്ധി കുടുംബം കുത്തകയാക്കാനുള്ള ശ്രമത്തിനെതിരെയാണ് എൻ.ഡി.എ പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.