പ്രിയങ്കയും സോണിയയും വയനാട്ടിൽ; നാളെ റോഡ് ഷോയും പത്രിക സമർപ്പണവും
text_fieldsമൈസൂരു: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും വയനാട്ടിലെത്തി. മൈസൂരു വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്. മൈസൂരു വിമാനത്താവളത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് രാവിലെ 10.30ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. റോഡ് ഷോക്ക് പിന്നാലെ കലക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ല കലക്ടർക്ക് പത്രിക നൽകും.
എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ മത്സരമായത് കൊണ്ടാണ് ഗാന്ധി കുടുംബം മൊത്തം വയനാട്ടിൽ എത്തുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍, മോന്‍സ് ജോസഫ്, അബ്ബാസലി ശിഹാബ് തങ്ങള്‍, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ് തുടങ്ങിയ നേതാക്കളും റോഡ്ഷോയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.