വയനാടിന്റെ മെഡിക്കൽ കോളജ്: ബീനാച്ചി എസ്റ്റേറ്റ് പരിഗണിച്ചുകൂടേ?
text_fieldsസുൽത്താൻ ബത്തേരി: ഗവ. മെഡിക്കൽ കോളജ് സ്ഥാപിക്കുന്ന കാര്യത്തിൽ ജില്ലയിൽ വിവാദം കത്തുമ്പോൾ എല്ലാവരും സൗകര്യപൂർവം മറക്കുകയാണ് ബീനാച്ചി എസ്റ്റേറ്റിനെ. മധ്യപ്രദേശ് സർക്കാറിെൻറ ഉടമസ്ഥതയിലുള്ള ഈ എസ്റ്റേറ്റുകൊണ്ട് ഇവിടത്തുകാർക്ക് എന്ത് പ്രയോജനമെന്നത് ജനപ്രതിനിധികളും സർക്കാറും ഗൗരവത്തിലെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അടുത്ത കാലത്തായി കടുവകൾ താവളമാക്കിയതോടെ എസ്റ്റേറ്റ് പ്രദേശം 'ഭീഷണി'യായി മാറിയിട്ടുണ്ട്. ദേശീയപാതയോരത്താണ് വിശാലമായ തോട്ടം. പനമരം റോഡിൽ അരിവയൽ ഭാഗത്തേക്കും സുൽത്താൻ ബത്തേരി- കൽപറ്റ റോഡിൽ കൊളഗപ്പാറയിലേക്കും എസ്റ്റേറ്റ് നീളുകയാണ്.
400 ഏക്കറോളം വരും. ഇതിൽ പകുതിയോളം കാപ്പി കൃഷിയുണ്ടായിരുന്നു. ബാക്കി ഭാഗം വനംപോലെ കിടക്കുകയാണ്. കോവിഡ് തുടങ്ങിയതോടെ മധ്യ പ്രദേശിൽനിന്നുള്ള തൊഴിലാളികളിൽ ഒട്ടുമിക്കവരും അവിടേക്ക് മടങ്ങി. അതോടെ കാപ്പിയുള്ള ഭാഗവും പരിചരണമില്ലാതെ കാടുകയറി.
കഴിഞ്ഞ ഏതാനും മാസങ്ങളായി എസ്റ്റേറ്റിെൻറ എല്ലാ ഭാഗവും വനത്തിന് സമാനമായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് കടുവകളും മറ്റും താവളമുറപ്പിച്ചത്. രണ്ടുമാസം മുമ്പ് മൂന്ന് കടുവകൾ എസ്റ്റേറ്റിൽ തങ്ങുന്നതായി വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഒരു കടുവയും രണ്ട് കുട്ടികളുമായിരുന്നു എസ്റ്റേറ്റിനടുത്ത ജനവാസ കേന്ദ്രങ്ങളിലിറങ്ങിയത്.
എസ്റ്റേറ്റിലേക്കുതന്നെ കടുവകളെ തുരത്തുകയാണ് വനം വകുപ്പ് ചെയ്തത്. കരിമ്പുലിയും ഇവിടെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സീസി, അരിവയൽ, നമ്പിശൻപടി, മന്ദംകൊല്ലി, പഴുപ്പത്തൂർ, ബീനാച്ചി, പൂതിക്കാട്, എക്സ് സർവിസ്മെൻ കോളനി, കൊളഗപ്പാറ എന്നിങ്ങനെയാണ് എസ്റ്റേറ്റിന് ചുറ്റുമുള്ള പ്രദേശങ്ങൾ. സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഈ ഭാഗങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ കഴിയാൻ തുടങ്ങിയിട്ട് കാലങ്ങളായി.
2005ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ബീനാച്ചി എസ്റ്റേറ്റിലെ മെഡിക്കൽ കോളജ് സാധ്യത ചില സ്ഥാനാർഥികൾ ആദ്യമായി ഉയർത്തിയത്. പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ഇക്കാര്യം ചർച്ചയായെങ്കിലും വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. കേരള സർക്കാർ മധ്യപ്രദേശ് സർക്കാറുമായി ചർച്ചകൾ നടത്തിയാൽ മാത്രമേ എസ്റ്റേറ്റ് കൈമാറ്റം സാധ്യമാകൂ.
നിവേദനം നൽകി; പക്ഷേ...
ബീനാച്ചിയിലെ മധ്യപ്രദേശ് സർക്കാർ കാപ്പിത്തോട്ടം ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം മുഖ്യമന്ത്രിക്ക് താൻ നിവേദനം കൊടുത്തതായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കാര്യമായ താൽപര്യം കാണിക്കുന്നില്ല. കേരള സർക്കാർ മധ്യപ്രദേശ് സർക്കാറുമായി ചർച്ച നടത്തി തുീരുമാനമെടുത്താൽ കാശ് മുടക്കാതെ ഭൂമി ഏറ്റെടുക്കാനാവും. ഭൂമി സൗജന്യമായി കിട്ടുകയെന്നത് വലിയ ആശ്വാസമാകും. എന്നാൽ, ആ വഴിക്ക് സർക്കാർ നീങ്ങുന്നില്ല- െഎ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
മാനന്തവാടിയിൽ മെഡി. കോളജ്: ജനകീയ കൂട്ടായ്മ 13ന്
മാനന്തവാടി: ജില്ല ആശുപത്രിയിൽ മെഡിക്കൽ കോളജ് ഉടൻ ആരംഭിക്കണമെന്ന ആവശ്യവുമായി മെഡിക്കൽ കോളജ് കർമസമിതി ജനുവരി 13ന് മൂന്നിന് മാനന്തവാടി വ്യാപാര ഭവനിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.
മേപ്പാടി വിംസ് മെഡിക്കൽ കോളജ് ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച സാഹചര്യത്തിൽ, മാനന്തവാടി ജില്ല ആശുപത്രിയിൽ മെഡിക്കൽ കോളജ് താൽക്കാലികമായി തുടങ്ങാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർമസമിതി ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പിെൻറ ബോയ്സ് ടൗണിലെ 65 ഏക്കർ ഭൂമി വിനിയോഗിക്കണം. വൈത്തിരി താലൂക്കിൽ സ്വകാര്യ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതിനാൽ ഗവ. മെഡിക്കൽ കോളജ് മാനന്തവാടി താലൂക്കിൽ ആരംഭിക്കുന്നതാണ് അഭികാമ്യമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ല ആശുപത്രിക്കുവേണ്ടി 100 കോടിയോളം രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിട്ടം ഇതിനായി ഉപയോഗിക്കുവാൻ കഴിയും.
അയൽ ജില്ലകളായ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽപ്പെട്ട തൊട്ടിൽപാലം, കുറ്റ്യാടി, നാദാപുരം ,വിലങ്ങാട്, കൊട്ടിയൂർ, കേളകം , ആറളം, കൊളക്കാട് , കണ്ണവം, കർണാടകയിലെ കുടക് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്കും പ്രയോജനമാവും. കർമസമിതി ചെയർമാൻ കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.എ ആൻറണി, ഇ.ജെ. ബാബു, കെ.എം. ഷിനോജ്, ബാബു ഫിലിപ്പ്, കെ. മുസ്തഫ, കെ.ജെ. ലോറൻസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.