വയനാട് മെഡിക്കൽ കോളജ്; വിദഗ്ധ ഡോക്ടർമാരില്ല; നേത്ര ബാങ്ക് പ്രവർത്തനം അവതാളത്തിൽ
text_fieldsമാനന്തവാടി: വയനാട് മെഡിക്കൽ കോളജ് നേത്ര ബാങ്ക് പ്രവർത്തനം പൂർണ സജ്ജമായില്ല. ലക്ഷങ്ങൾ ചെലവഴിച്ച് സ്പെക്യുലാർ മൈക്രോസ്കോപ്പ് ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചെങ്കിലും ആവശ്യമായ ജീവനക്കാരില്ലാത്തതാണ് പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
2023 ലാണ് വയനാട് മെഡിക്കൽ കോളജിൽ നേത്ര ബാങ്ക് പ്രവർത്തനം ആരംഭിച്ചത്.
നാഷനൽ പ്രോഗ്രാം ഫോർ കൺട്രോൾ ഓഫ് ബ്ലയ്ൻഡ്നെസ്സ് അനുവദിച്ച 30 ലക്ഷം ഉപയോഗിച്ച് നേത്രദാന ശസ്ത്രക്രിയയിൽ പ്രധാനമായ സ്പെക്യുലാർ മെക്രോസ്കോപ് സ്ഥാപിക്കുകയും ചെയ്തു.
ലാമിനാർ േഫ്ലാ, എയർ കണ്ടിഷൻ സംവിധാനം എന്നിവയും ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ചു.
മൃതശരീരത്തിൽ നിന്നും നീക്കം ചെയ്യുന്ന കോർണിയ സൂക്ഷിക്കാനുള്ള എം.കെ മീഡിയ ഡൽഹി എയിംസിൽനിന്ന് സൗജന്യമായി ലഭ്യമാക്കി. നേത്രദാനത്തിന് സമ്മതമറിയിച്ച് നൂറുകണക്കിന് അപേക്ഷകൾ ബാങ്കിലെത്തുന്നുണ്ടെങ്കിലും നേത്രപടലം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പരിശീലനം ലഭിച്ച ഒഫ്താൽമോളജിസ്റ്റിന്റെ സേവനം ലഭ്യമാകാത്തതിനാൽ ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ച ഉപകരണങ്ങൾ നോക്കുകുത്തിയായി മാറുകയാണ്. മൃതശരീരത്തിൽനിന്ന് നീക്കം ചെയ്യുന്ന കോർണിയ എം.കെ മീഡിയയിൽ സൂക്ഷിക്കുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്.
പിന്നീട് സ്പെക്യുലർ മൈക്രോസ്കോപ് ഉപയോഗിച്ച് ഈ നേത്രപടലത്തിന്റെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് കാഴ്ച ഇല്ലാത്ത ആളുകൾക്ക് വെച്ചുപിടിപ്പിക്കുന്നത്.
എന്നാൽ, പരിശോധനക്കാവശ്യമായ പരിശീലനം ലഭിച്ച ഒഫ്താൽമോളജിസ്റ്റിനെയോ സാങ്കേതിക വിദഗ്ധരെയോ നിയമിക്കാനുള്ള യാതൊരു നടപടികളും ആയിട്ടില്ല. പ്രതിദിനം 250ലധികം ആളുകൾ എത്തുന്ന നേത്രരോഗ വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരാണ് ഇപ്പോഴുള്ളത്. ഒരു ഡോക്ടർ മൊബൈൽ യൂനിറ്റിലും സേവനമനുഷ്ടിക്കുകയാണ്.
മെഡിക്കൽ കോളജായി ഉയർത്തിയതോടെ രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലും കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിരവധി പേരെത്തുന്ന അവസ്ഥയിൽ വിദഗ്ധരായ ഡോക്ടർമാരെ നിയമിക്കണമെന്നാണ് ആവശ്യമുയരുന്നത്.
നേത്ര ബാങ്കായി പ്രവർത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ പൂർണമായും ഇവിടെ ഒരുക്കാത്തതും പ്രതിസന്ധികൾക്കിടയാക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.