മന്ത്രി ഒ.ആർ. കേളു അറിയാൻ...
text_fieldsപട്ടികജാതി-വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഒ.ആർ. കേളു ഇന്ന് വയനാട്ടിലെത്തും. വയനാട്ടിൽ നിന്നുള്ളതും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളതുമായ സി.പി.എമ്മിന്റെ ആദ്യ മന്ത്രിയായ അദ്ദേഹത്തെ വയനാടൻ ജനത ഏറെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. പ്രതിസന്ധികളിൽ നട്ടംതിരിയുകയാണ് വയനാട്, പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിയുമോ...?
കൽപറ്റ: രണ്ടു വർഷമേ കാലാവധിയുള്ളൂവെങ്കിലും പിണറായി വിജയൻ മന്ത്രി സഭയിൽ വയനാട്ടുകാർക്ക് ഒരു മന്ത്രിയെ ലഭിച്ചിരിക്കുകയാണ്. വയനാടിന്റെ പിന്നാക്കാവസ്ഥ കൃത്യമായി ബോധ്യമുള്ള, ജില്ലയുടെ നിരവധി ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്നതിൽ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്ന, അവകാശ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ഒ.ആർ. കേളുവെന്ന പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി വയനാടിന്റെ രോദനങ്ങൾക്ക് കഴിയുന്നത്ര പരിഹാരം ഉണ്ടാക്കുമെന്നു തന്നെയാണ് ജനതയുടെ പ്രതീക്ഷ. കോഴിക്കോട് -കണ്ണൂര്‍ ജില്ലകളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ചേർത്ത് വയനാട് ജില്ല രൂപവത്കരിച്ച് അര നൂറ്റാണ്ട് തികയാൻ വർഷങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും വികസനത്തിന്റെ കാര്യത്തിൽ ഇപ്പോഴും ശിശു തന്നെയാണ് ജില്ല. മാറിവരുന്ന സർക്കാറുകൾ നൽകുന്ന വാഗ്ദാനങ്ങൾ മാത്രമാണ് പലപ്പോഴും ചുരം കയറാറുള്ളത്. മന്ത്രി ഒ.ആർ. കേളുവിന്റെ ശ്രദ്ധയിലേക്ക്...
കിതക്കുന്ന മെഡിക്കൽ കോളജ്
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പുളിയാർ മലയിൽ തറക്കല്ലിടുകയും തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തി മാനന്തവാടിയിലേക്ക് മാറ്റുകയും ചെയ്ത മെഡിക്കൽ കോളജിന് ഒന്നാം പിണറായി സർക്കാറിന്റെ കാലാവധി തീരാറായപ്പോൾ നടത്തിയ ഉദ്ഘാടനമൊക്കെ ബഹു ജോറായിരുന്നു. ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയത് പക്ഷെ ബോർഡിൽ മാത്രമായി എന്നാണ് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ജനങ്ങളുടെ പരാതി.
കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാനുള്ള മെഡിക്കൽ കോളജ് മാത്രമായി വയനാട് മെഡിക്കൽ കോളജ് മാറുന്നതാണ് ഇപ്പോഴത്തെയും കാഴ്ച. ആവശ്യത്തിന് ഡോക്ടർമാരോ കെട്ടിടങ്ങളോ ജീവനക്കാരോ സ്ഥല സൗകര്യങ്ങളോ ഇല്ലാതെ എങ്ങനെ ഒരു മെഡിക്കൽ കോളജ് പ്രവർത്തിക്കാനാണ്. ചുരം കയറാൻ മടിക്കുന്ന ഡോക്ടർമാരും കോളജിന് വലിയ ശാപമാണ്. വയനാട്ടിലെത്തുന്ന ഡോക്ടർമാർ മിക്കപ്പോഴും ചാർജ് ഏറ്റെടുക്കുന്നതിന് മുമ്പേ ചുരമിറങ്ങാനുള്ള ഇടപെടലുകൾ തുടങ്ങിയിട്ടുണ്ടാവും. മതിയായ ചികിത്സ കിട്ടാതെ മരണപ്പെടുന്ന സംഭവങ്ങളും മെഡിക്കൽ കോളജിൽ അടുത്തിടെ അരങ്ങു തകർക്കുന്നുണ്ട്. ആ സമയത്തുണ്ടാകുന്ന ബഹളങ്ങൾക്ക് പലപ്പോഴും താത്കാലിക ആയുസ്സേ ഉണ്ടാവാറുള്ളു. മതിയായ ചികിത്സ ലഭിക്കാതെ കിതക്കുന്ന മെഡിക്കൽ കോളജിൽ എങ്ങനെ സുതാര്യമായ ചികിത്സ ഉറപ്പുവരുത്താനാകും. മെഡിക്കൽ കോളജിന് വേണ്ടി തലപ്പുഴയിലെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പോലും ചുവപ്പ് നാടയിലാണ്.
അഴിയാക്കുരുക്ക്
വയനാടൻ ജനതയുടെ യാത്രക്ക് ഏക ആശ്രയം റോഡ് ഗതാഗതം മാത്രമാണ്. റെയിൽവേയോ വിമാനത്താവളമോ ഇല്ലാത്ത വയനാടിനെ ഗതാഗത സൗകര്യങ്ങളുടെ അഭാവം കാലങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്നു. മൂന്നിൽ ഏതെങ്കിലും ഒരു ചുരം കയറാതെ ജില്ലയിലെത്താനാവില്ല. താമരശ്ശേരി വഴി വയനാട് ചുരവും കുറ്റ്യാടി വഴി പക്രം തളം ചുരവും പേരിയ ചുരവും നാടുകാണി ചുരവുമാണ് വയനാട്ടിലേക്കും തിരിച്ചും ബന്ധപ്പെടാനുള്ള പാതകൾ. നാല് വർഷം മുമ്പുള്ള പ്രളയ സമയത്ത് ചുരങ്ങളിലൂടെയുള്ള ഗതാഗതം നിലച്ചതോടെ ദിവസങ്ങളോളം വയനാട് ഒറ്റപ്പെട്ട ഓർമകൾ ഇന്നും ജനങ്ങളുടെ ഭയപ്പെടുത്തുന്ന ഓർമകളാണ്. ചില സമയങ്ങളിൽ പ്രത്യേകിച്ച് അവധി ദിനങ്ങളിൽ ദാഹജലം പോലും ലഭിക്കാതെ, പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ നൂറ് കണക്കിനാളുകൾ മണിക്കൂറുകൾ ചുരത്തിൽ കുരുങ്ങുന്നത് നിത്യ കാഴ്ചയാണ്. വയനാട് ചുരത്തിനു ബദൽ പാതകളെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അവയെല്ലാം ചുവപ്പുനാടയിൽ വിശ്രമത്തിലാണ്. പടിഞ്ഞാറത്തറ - പൂഴിത്തോട്- പെരുവണ്ണാമൂഴി, ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ, മേപ്പാടി - അട്ടമല- നിലമ്പൂർ, കുഞ്ഞോം-വിലങ്ങാട്, ആനക്കാം പൊയിൽ- കള്ളാടി-തുരങ്കപ്പാത എന്നിവയാണ് വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന പ്രധാന ബദൽ പാത നിർദേശങ്ങൾ. തുരങ്ക പാതക്കാണ് ഇപ്പോൾ സർക്കാറിന്റെ പ്രഥമ പരിഗണന. എന്നാൽ, അതിന്റെ നടപടി ക്രമങ്ങൾ പോലും ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്. മറ്റു ബദൽ പാതകളുടെ കാര്യത്തിലുള്ള നടപടികളാവട്ടെ തുലാസിലുമാണ്.
റെയിൽപാത ചുവപ്പ് നാടയിൽ
ജില്ലയുടെ കാലങ്ങളായുള്ള വലിയൊരു സ്വപ്നമാണ് റെയിൽ പാത. ബ്രിട്ടീഷുകാരുടെ കാലത്ത് നിർദേശിച്ച വയനാട്ടിലൂടെ കടന്നുപോകുന്ന നഞ്ചൻ കോഡ്- നിലമ്പൂർ റെയിൽ പാതക്ക് 1921ലാണ് ഇന്ത്യൻ റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്.
ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും മുറവിളി മാത്രമാണ് ബാക്കി. 2002 ലെ റെയിൽവേ ബജറ്റിൽ സർവേക്ക് അംഗീകാരം നൽകുകയും 2016ൽ ഡി.പി.ആർ തയാറാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തെങ്കിലും എവിടേയുമെത്തിയില്ല. കേന്ദ്ര സർക്കാറിന്റെ നിസ്സംഗതയും സംസ്ഥാന സർക്കാറിന്റെ അലംഭാവവും വയനാട്ടുകാരുടെ റെയിൽവേ മോഹത്തിന് മങ്ങലേൽപിക്കുന്നു വെന്ന് വേണം പറയാൻ. വയനാട്ടിലൂടെ കടന്നു പോകാവുന്ന റെയിൽ പാതക്ക് വേണ്ടി പല പദ്ധതി പ്രഖ്യാപനങ്ങളും പുതിയ നിർദേശങ്ങളും ഉയർന്നുവരുമെങ്കിലും അവയെല്ലാം കെട്ടടങ്ങാൻ അധികം സമയം വേണ്ടിവരില്ല. ജന പ്രതിനിധികളടക്കം പിന്നീട് വാതുറക്കുക വല്ല തെരഞ്ഞെടുപ്പും വരുമ്പോഴാവും. വന ഭൂമിയിലൂടെ എങ്ങനെ പാത കൊണ്ടുപോകാമെന്ന ചർച്ചകളാണ് ഇപ്പോഴും നടക്കുന്നത്.
ചെറുവിമാനത്താവളം
ചെറു യാത്രാ വിമാനങ്ങള്‍ക്കുള്ള മിനി ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് വയനാട്ടില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയും അതിന്റെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിയിട്ടും നാളുകളേറെയായി. എന്നാൽ, സ്ഥലം കണ്ടെത്തുന്ന കാര്യത്തില്‍ പോലും ഇനിയും വ്യക്തതയായിട്ടില്ല.
രാത്രിയാത്ര നിരോധനം
വയനാടിനെ കർണാടകയുമായി ബന്ധിപ്പിക്കുന്ന മുത്തങ്ങ, ബാവലി വഴികളിൽ രാത്രി യാത്ര നിരോധനം പ്രാബല്യത്തിൽ വന്ന് 14 വർഷം പിന്നിട്ടു. മുത്തങ്ങ വഴി ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെ രാത്രി ഒമ്പതിന് ശേഷവും ബാവലി വഴി വൈകീട്ട് ആറിന് ശേഷവും യാത്ര വിലക്കേർപ്പെടുത്തിയത് കച്ചവടക്കാരെയും വിദ്യാർഥികളെയും ഉൾപ്പെടെ കാര്യമായി ബാധിച്ചിട്ടും നിസ്സംഗതയാണ് സർക്കാറുകൾക്ക്.
കർണാടകയുടെയും വനംവകുപ്പിന്റെയും നിലപാടാണ് മുഖ്യമായും ഇപ്പോഴും തൽസ്ഥിതി തുടരുന്നതിന് കാരണമാകുന്നത്. സംസ്ഥാന സർക്കാറാകട്ടെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ നടത്തുന്നുമില്ല. രാഹുൽ ഗാന്ധി വയനാട് എം.പി ആകുകയും കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്തപ്പോൾ യാത്ര നിരോധനത്തിന് പരിഹാരമാകുമെന്ന് വയനാടൻ ജനത വിശ്വസിച്ചിരുന്നു. എന്നാൽ, അവിടെയും നിരാശ മാത്രമായിരുന്നു ഫലം. മൈസൂരു, ബംഗളൂരു ഉൾപ്പെടെ കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് ഉപരിപഠനം നടത്തുന്നത്. കച്ചവടക്കാരും ഈ നഗരങ്ങളിൽ നിരവധിയാണ്.
ഗോത്ര വിഭാഗങ്ങളോട് പുറം തിരിഞ്ഞ്
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആദിവാസി കുടുംബങ്ങള്‍ ഒരു പതിറ്റാണ്ടുമുമ്പ് ആരംഭിച്ച കിടപ്പാടത്തിന് വേണ്ടിയുള്ള ഭൂസമരം ഇന്നും തുടരുകയാണ്. പതിറ്റാണ്ടു മുമ്പ് അവകാശം സ്ഥാപിച്ച വനഭൂമിയില്‍ യഥാര്‍ഥ അവകാശം ലഭിക്കാന്‍ കേളുവിന്റെ മന്ത്രിപദം ഉതകുമെന്ന വിശ്വാസത്തിലാണ് സമര കേന്ദ്രങ്ങളിലെ ആദിവാസി കുടുംബങ്ങള്‍.
ജില്ലയിലെ ഏറ്റവും പ്രബല വിഭാഗമായ ആദിവാസികൾ വോട്ട് ബാങ്ക് മാത്രമാണ് രാഷ്ട്രീയ പാർട്ടികൾക്ക്. വീടും വിദ്യാഭ്യാസവും അവകാശങ്ങളും ഈ വിഭാഗത്തിന് പലപ്പോഴും അന്യം. നിരന്തര ചൂഷണത്തിന് വിധേയരാവുന്ന ഒരു വിഭാഗത്തെ കൈപിടിച്ചുയർത്തുന്നതിന് പദ്ധതികളും ഫണ്ടും നിരവധിയാണെങ്കിലും പാതിവഴിയിൽ അവയെല്ലാം ആവിയായിപ്പോകുന്നു. പോഷകാഹാരക്കുറവ് പരിഹരിക്കാൻ കോടികളുടെ പദ്ധതികളുണ്ടെങ്കിലും അർഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്ന് മാത്രം.
ചോർന്നൊലിക്കുന്ന കൂരയിൽ അന്തിയുറങ്ങുന്ന ആദിവാസികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും നിത്യ കാഴ്ചയാണ്. നിരവധി വീടുകളാണ് നിർമാണത്തിന്റെ പാതിയിൽ നിൽക്കുന്നത്. നിർമിച്ചവയാകട്ടെ പലതും അപാകത കാരണം വാസയോഗ്യവുമല്ല. സഞ്ചാര യോഗ്യമല്ലാത്ത വഴികളും കോളനികളിലെ നിത്യ കാഴ്ചകളാണ്. ലൈഫ് ഭവന പദ്ധതിയിൽ പോലും ആദിവാസി ഭവന നിര്‍മാണം നടക്കാത്ത സ്ഥിതിയുണ്ട്. വിദ്യാർഥികളെ സ്കൂളിലെത്തിക്കാനുള്ള വിദ്യാവാഹിനി പദ്ധതി താളം തെറ്റിക്കിടക്കുന്നത് കൊഴിഞ്ഞ് പോക്കിന്റെ ആഴം വർധിപ്പിക്കുന്നു. വിദ്യാഭ്യാസത്തിനുള്ള സ്റ്റൈപ്പെന്റുകൾ പോലും യഥാ സമയം ലഭിക്കാതെ പഠനം പാതി വഴിയിൽ അവസാനിപ്പിക്കുകയാണ് പലരും.
ജില്ലയിൽ ആദിവാസികളെ കേന്ദ്രീകരിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായ സംഭവങ്ങളും ധാരാളം. ആദിവാസികളെ പ്രത്യേകിച്ച് പണിയ വിഭാഗങ്ങളിലെ സ്ത്രീകളുടെ രേഖകൾ ഉപയോഗിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നത് ഈയിടെ പുറത്തു വന്നിരുന്നു. ആദിവാസികൾക്കിടയിലെ ദുരൂഹ മരണങ്ങളിലും പലപ്പോഴും പൊലീസ് കാര്യമായ ഇടപെടലോ അന്വേഷണമോ നടത്താറില്ല.
കുടകിൽനിന്ന് തിരിച്ചെത്തുന്ന മൃതദേഹങ്ങൾ
ജില്ലയിൽ നിന്ന് കുടകിലും മറ്റും ജോലിക്ക് പോകുന്ന ആദിവാസികളുടെ ദുരൂഹ മരണങ്ങൾ വർധിക്കുമ്പോഴും ഭരണകൂടം മൗനത്തിലാണ്. വർഷങ്ങൾക്കു മുമ്പ് ആദിവാസികളെ കുടകിൽ ജോലിക്ക് കൊണ്ടുപോകുന്നതിന് ജില്ല ഭരണ കൂടം കർശന നിയമങ്ങൾ കൊണ്ടുവന്നിരുന്നെങ്കിലും മാസങ്ങളുടെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. 2008ൽ നീതി വേദി എന്ന സംഘടന സംഘടിപ്പിച്ച പീപ്പിൾസ് ട്രൈബ്യൂണലിൽ കർണാടകയിലെ തോട്ടങ്ങളിൽ നിന്ന് ആദിവാസികളുടെ 122 ദുരൂഹ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആദിവാസി ദുരൂഹ മരണങ്ങളിൽ അവയവ മാറ്റ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയം അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്(എ.പി.സി.ആർ)എന്ന സംഘടനയുടെ നേതൃത്വത്തിൽ അടുത്തിടെ ജില്ലയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷം സംശയം പ്രകടപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം ജില്ല കലക്ടർ മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ടിൽ 10 വർഷത്തിൽ 100 മരണങ്ങളുണ്ടായതായി പറഞ്ഞിരുന്നു.
കർണാടകയിലെ പ്രത്യേകിച്ച് കുടകിലെ ഇഞ്ചിപ്പാടങ്ങളിൽ മദ്യവും മറ്റു ലഹരികളും നൽകി ആദിവാസികളെ കൊണ്ട് കൂലി പോലും നൽകാതെ എല്ലു മുറിയെ പണിയെടുപ്പിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളെ പോലും കടുത്ത പീഡനത്തിന് ഇരയാക്കാറുണ്ടെന്ന് ആരോപണമുയർന്നിരുന്നെങ്കിലും ഇതു സംബന്ധിച്ച് കാര്യമായ അന്വേഷണം നടത്താൻ പോലും തയാറായിട്ടില്ല.
സർക്കാർ സഹായമില്ലാതെ അവിവാഹിത ആദിവാസി അമ്മമാർ
സർക്കാറിന്റെ പക്കൽ കൃത്യമായ കണക്കില്ലാത്തതിനാൽ ജില്ലയിലെ അവിവാഹിതരായ ആദിവാസി അമ്മമാർക്ക് സർക്കാർ സഹായം നഷ്ടമാകുകയാണ്. മന്ത്രിയുടെ മണ്ഡലമായ മാനന്തവാടിയിലെ തിരുനെല്ലി പഞ്ചായത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസി അമ്മമാരുള്ളത്. 2005ലും 2010 ലുമായി തുടര്‍ച്ചയായി 10 വര്‍ഷം അദ്ദേഹം ഈ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു.
2016ലെ സർക്കാർ കണക്കനുസരിച്ച് കേരളത്തിൽ ആകെ 1070 അവിവാഹിതരായ ആദിവാസി അമ്മമാരാണുള്ളത്. എന്നാൽ, ഔദ്യോഗിക കണക്കിനേക്കാൾ ഏറെ കൂടുതലാണ് ഇവരുടെ എണ്ണം. ഇവർക്ക് സ്വയം തൊഴിൽ അടക്കമുള്ള പുനരധിവാസ പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ടെങ്കിലും കൃത്യമായ കണക്കില്ലാത്തതിനാൽ നിരവധി അർഹർ പുറത്താണ്. 2014ലെ കണക്കുപ്രകാരം തിരുനെല്ലിയിൽ ഇത്തരത്തിലുള്ള 68 അമ്മമാരാണുള്ളത്. എന്നാൽ, ‘സ്നേഹസ്പർശം’ എന്ന പേരിൽ സാമൂഹിക സുരക്ഷമിഷൻ മുഖേന പ്രതിമാസം ആയിരം രൂപ നൽകുന്ന പെൻഷൻ പദ്ധതി വാങ്ങുന്നവർ പത്തുപേർ മാത്രമാണ്.
കാടിറങ്ങി വന്യമൃഗങ്ങൾ
ഇരുട്ടിന്റെ മറവിലാണ് പണ്ട് വന്യജീവികളുടെ ആക്രമണം ഉണ്ടായിരുന്നതെങ്കിൽ ഇന്ന് പകൽ പോലും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് വയനാട്ടുകാർക്ക്. അടുത്തിടെയുണ്ടായ മനുഷ്യ- വന്യ ജീവി സംഘർഷങ്ങൾ കാണുമ്പോൾ വനമേതെന്നോ ജനവാസ മേഖലെയേതന്നോ മൃഗങ്ങൾക്കും തിരിച്ചറിയാതായിരിക്കുന്നു എന്നു വേണം കരുതാൻ. 2023 ജനുവരി 12ന് വനപ്രദേശം ഇല്ലാത്ത എടവക പഞ്ചായത്തിലാണ് പട്ടാപ്പകൽ കടുവയുടെ ആക്രമണമേറ്റ കർഷകൻ തോമസ് കൊല്ലപ്പെടുന്നത്. ആകെ വിസ്തൃതിയുടെ 36.48 ശതമാനവും വനമേഖലയായ വയനാട്ടിൽ കാടിറങ്ങിവരുന്ന വന്യ മൃഗങ്ങളാണ് ജില്ല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശന്ങ്ങളിലൊന്ന്. വർഷങ്ങൾക്കുള്ളിൽ നിരവധി മനുഷ്യരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയതിന് കണക്കില്ല. കഴിഞ്ഞ ഏഴു വർഷത്തിനിടെ മേപ്പാടി എന്ന പ്രദേശത്തുമാത്രം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് പേരാണ്. കാട്ടാനകൾ നാട്ടിലെത്തുന്നത് മനുഷ്യ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വയനാട്ടിൽ എല്ലായിടങ്ങളിലും വന്യമൃഗ പ്രശ്നങ്ങളുണ്ട്. ഒരു വർഷത്തിനിടെ 10 പേരാണ് വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെട്ടത്. എട്ട് വർഷത്തിനിടെ ജില്ലയിൽ വന്യമൃഗ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടതായി മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെ നിയമസഭയിൽ പറഞ്ഞിരുന്നു.
2023 ലാണ് ഏറ്റവും കൂടുതൽ മരണമുണ്ടായത്. കിടങ്ങുകളും ഫെൻസിങ്ങുകളും തകർന്നതോടെ വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുകയാണ്. വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുൾപ്പെടെത് ഉൾപ്പെടെ നിരവധി വീടുകളാണ് വന്യമൃഗങ്ങൾ തകർത്തത്. പലപ്പോഴും ന്യായമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല.
സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ വന്യമൃഗശല്യമുള്ള വയനാട്ടിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ പോലും ബന്ധപ്പെട്ടവർ തയാറല്ല. റേഞ്ച് ഓഫിസർമാരെ കൂട്ടത്തോടെ പരിശീലനത്തിനയച്ച് മാസങ്ങളായി. സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീമിനെ സ്ഥലം മാറ്റിയപ്പോൾ പകരം ആളെ നിയമിച്ചത് കഴിഞ്ഞ ദിവസം കേണിച്ചിറയിൽ കടുവ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രതിഷേധം രൂക്ഷമായപ്പോൾ. വന്യമൃഗ ആക്രമണത്തിന് ഇരയാകുന്നവർക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും ഇപ്പോഴും കിട്ടാത്തവർ നിരവധി.
ജനങ്ങളുടെ ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തുംവിധം 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം നാളുകളായി ഉന്നയിക്കുന്നതാണെങ്കിലും നടപടിയുണ്ടാവുന്നില്ല.
വിളനാശവും വിലത്തകർച്ചയും
വിളനാശവും വിലത്തകർച്ചയും കാലവസ്ഥ വ്യതിയാനവും വയനാടിനെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഭൂരിപക്ഷവും കാർഷിക മേഖലയിലെ ആശ്രയിച്ചു കഴിയുന്നവരാണ് വയനാട്ടുകാർ. എന്നാൽ, അടുത്ത കാലത്തായി കാർഷിക മേഖല ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ഒരു കാലത്ത് നെല്ലറകളുടെ നാടായിരുന്ന ജില്ലയിൽ നെൽകൃഷി പലരും ഉപേക്ഷിച്ചു. കുരുമുളകും കവുങ്ങുമെല്ലാം കീടബാധ കാരണം നശിച്ചുകൊണ്ടിരിക്കുന്നു. വന്യമൃഗശല്യം കാരണം രാത്രി തോട്ടങ്ങളിൽ കാവലിരിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. കറുത്ത പൊന്നിന്റെ ശക്തിയില്‍ ഉയര്‍ന്നുവന്ന ഗ്രാമങ്ങള്‍ പലതും കീടബാധ വന്നതോടെ സാമ്പത്തികമായി ക്ഷയിച്ചു.
ഫലപ്രദമായ മരുന്ന് കണ്ടെത്താനോ രോഗപ്രതിരോധത്തിനുള്ള കണ്ടെത്തലോ ഉണ്ടാകുന്നില്ല. സീസൺ സമയങ്ങളിൽ കാർഷിക ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നുമില്ല. കർഷകരെ സഹായിക്കുന്നതിന് സർക്കാർ പദ്ധതികൾ പലതും അവതാളത്തിലാണ്. കാലാവസ്ഥ വ്യതിയാനം ജില്ലയുടെ കാർഷിക മേഖലയെയും വിളവെടുപ്പിനെയും തകിടം മറിച്ചു. കെടുതിയിലും വന്യമൃഗ ശല്യത്തിലും കൃഷി നശിച്ചവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. ബാങ്കുകളിൽ നിന്നും വായ്പയെടുത്താണ് പലരും കൃഷി നടത്തിയത്. വിളനാശവും വിലത്തകർച്ചയും വായ്പ തിരിച്ചവ് മുടങ്ങാൻ കാരണമായതോടെ ബാങ്കുകൾ ജപ്തി നോട്ടീസുകളുമായി കർഷകരുടെ വീടുകൾ കയറിയിറങ്ങുകയാണ്. അതോടെ ജില്ലയിലെ കർഷക ആത്മഹത്യകളും വർധിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ എവിടെ
വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ല വയനാടാണ്. ജില്ലയിൽ ഗവൺമെന്റ് കോളജില്ലാത്ത ഏക നിയോജക മണ്ഡലം ബത്തേരിയാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബത്തേരിയിൽ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രഖ്യാപിച്ചിരുന്നെങ്കിലും വർഷങ്ങൾ പലതു കഴിഞ്ഞിട്ടും തീരുമാനം ഫയലിൽ സുഖ നിദ്രയിലായിരുന്നു. 2023-24 വർഷത്തിൽ കോളജ് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാനും കെട്ടിട നിർമാണത്തിനും 30 കോടി വകയിരുത്തങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികളൊന്നുമുണ്ടായില്ല.
ഗോത്ര വിദ്യാർഥികൾക്കടക്കം ഉപരി പഠനത്തിന് ജില്ലയിൽ സൗകര്യമൊരുക്കുന്നത് ലക്ഷ്യമിട്ടായിരുന്നു തീരുമാനം. ജില്ലയിൽ ഏതാനും സ്വാശ്രയ കോളജുകൾ ഉണ്ടെങ്കിലും ഉയർന്ന് ഫീസ് നൽകി പഠിക്കാനുള്ള സാമ്പത്തിക ശേഷി പലർക്കുമില്ല. പ്ലസ് വൺ സീറ്റുകളുടെ അപര്യാപതയു ജില്ലക്ക് കീറാ മുട്ടിയായി ഇപ്പോഴും തുടരുന്നു. ഗോത്ര വിദ്യാർഥികൾ കൂടുതലുള്ള ജില്ലയിൽ ആവശ്യത്തിന് സീറ്റ് കിട്ടാത്ത സാഹചര്യവുമുണ്ടായി. പ്രഫഷനൽ സ്ഥാപനങ്ങളുടെ കുറവ് വിദ്യാർഥികൾക്ക് തീരാ ദുരിതമാണ് സമ്മാനിക്കുന്നത്. ഒരു വർഷം മുമ്പാണ് ജില്ലയിൽ നീറ്റിന് പോലും സെന്റർ അനുവദിച്ചത്.
ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് ചെറിയ കോഴ്സുകൾക്ക് പോലും മറ്റു സംസ്ഥാനങ്ങളെയോ അയൽ ജില്ലകളെയോ ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.