വയനാട് ദുഃഖാചരണ ദിവസത്തെ ചെയർപേഴ്സന്റെ കേക്ക്മുറി ആഘോഷം; വിഡിയോ പുറത്തായതിന് ജീവനക്കാരനെ പിരിച്ചുവിട്ടു
text_fieldsപന്തളം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുഃഖാചരണ ദിവസം പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ച സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു.
പന്തളം അറത്തിൽ മുക്കിലെ വെൽനെസ്സ് സെന്ററിലെ അംഗപരിമിതനായ താൽക്കാലിക ജീവനക്കാരൻ അനന്തുവിനെയാണ് നഗരസഭ കൗൺസിൽ യോഗം കൂടി ചെയർപേഴ്സൻ പിരിച്ചുവിട്ടത്. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാന സർക്കാർ രണ്ട് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
ഈ ദിവസം ചെയർപേഴ്സൻ സുശീല സന്തോഷ്, നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു, ആശുപത്രിയിലെ ചുരുക്കം ജീവനക്കാർ ഉൾപ്പെടെ ഒരു വർഷം പൂർത്തിയാക്കിയ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള, പന്തളം, അറത്തിൽ മുക്ക്, വെൽനെസ് സെന്ററിന്റെ ഒന്നാം വാർഷികമാണ് ആഘോഷമായി സംഘടിപ്പിച്ചത്.
അഞ്ചിൽ താഴെ ആളുകൾ മാത്രം പങ്കെടുത്ത ആഘോഷ പരിപാടി വിഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടു എന്ന് ആരോപിച്ചാണ് താൽക്കാലിക ജീവനക്കാരനെതിരെ നഗരസഭ നടപടി സ്വീകരിച്ചത്. വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന അനന്തു സംഭവദിവസം സെന്ററിൽ എത്തിയിരുന്നില്ല. അനന്തുവിന്റെ ഭാര്യയാണ് അനന്തുവിന് പകരമായി സെന്ററിൽ എത്തിയത്.
ഭാര്യ വിഡിയോ ചിത്രീകരിച്ച് അനന്തുവിന് അയച്ചുകൊടുക്കുകയും അനന്തു വിവിധ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയുമായിരുന്നു. ഇങ്ങനെ സംഭവം പുറത്തായി എന്ന് ആരോപിച്ചാണ് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ 17ന് അജ്ഞാത വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു അനന്തു.
സെന്ററിന്റെ പകരക്കാരനായി അനന്തുവിന്റെ ഭാര്യയായിരുന്നു പോയിരുന്നത്. അനന്തു തിരിച്ചുവരുന്നതുവരെ അനന്ദുവിന്റെ ഭാര്യയെ നിയമിക്കുന്നതിനും ചികിത്സ കഴിഞ്ഞു വരുന്ന മുറക്ക് അനന്തുവിനെ ജോലിയിൽ പ്രവേശിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചിരുന്നത് പ്രകകാരമാണ് ഭാര്യ സംഭവദിവസം ജോലിക്ക് പോയത്.
ജീവനക്കാരനെ ബലിയാടാക്കൽ; കൗൺസിലിൽ യു.ഡി.എഫ് പ്രതിഷേധം
പന്തളം: അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്തളം നഗരസഭ വെൽനസ് സെന്ററിലെ താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടതിൽ നഗരസഭ കൗൺസിലിൽ യു.ഡി.എഫ് പ്രതിഷേധം. ഒരു വർഷമായി താൽക്കാലിക ജോലി നോക്കി വന്ന അംഗപരിമിതനായ അനന്തു എന്ന ക്ലീനിങ് സ്റ്റാഫിന് കഴിഞ്ഞ ജൂലൈ 17ന് ചക്കാലവട്ടത്തിനു സമീപം വച്ചാണ് അജ്ഞാത വാഹനമിടിച്ചു ഗുരുതര പരിക്കേറ്റത്.
കോട്ടയം മെഡിക്കൽ കോളജിൽ മേജർ ഓപ്പറേഷൻ നടത്തി. മൂന്ന്മാസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തു. വിശ്രമം കഴിയുന്നതുവരെ അനന്തുവിന്റെ ഭാര്യയെ നിയമിക്കാനും ചികിത്സ കഴിഞ്ഞു വരുന്ന മുറക്ക് അനന്തുവിനെ ജോലിയിൽ പ്രവേശിപ്പിക്കാനും കൗൺസിൽ ഐകകണ്ഠ്യന ആണ് തീരുമാനിച്ചത്.
ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള കേക്ക്മുറി ആഘോഷം പുറത്തുവന്നതിന് ജീവിനക്കാരനെ ബലിയാടാക്കുന്നതിനെതിരായ കൗൺസിലിലെ പ്രതിഷേധത്തിന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.