ദുരന്തഭൂമിയിലേക്ക് സഹായമെത്തിക്കുന്നവർ ശ്രദ്ധിക്കുക: കുടിവെള്ളം വേണ്ട
text_fieldsകൽപറ്റ: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന മുണ്ടക്കൈ, ചൂരൽമല നിവാസികൾക്ക് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും സഹായം പ്രവഹിക്കുകയാണ്. വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മരുന്നുകളും തുടങ്ങി വിവിധ സാധനസാമഗ്രികളാണ് കനിവുള്ള മനുഷ്യർ സഹജീവികൾക്കായി എത്തിക്കുന്നത്. എന്നാൽ, ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിനുള്ള കുടിവെള്ളം നിലവിൽ ലഭിച്ചിട്ടുണ്ടെന്നും ഇനിയുള്ള സഹായങ്ങളിൽ കുടിവെള്ളം ഒഴിവാക്കണം എന്നും വയനാട് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.
പൊതു ജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും വയനാടിനു ലഭിക്കുന്ന എല്ലാവിധത്തിലുള്ള സഹായങ്ങൾക്കും ഭരണകൂടം നന്ദി അറിയിച്ചു. അതിനിടെ, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
- *ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയാതെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.
- ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്ത വിധം നന്നായി അടച്ചു സൂക്ഷിക്കുക.
- ആഹാരം കഴിക്കുന്നതിന് മുൻപ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- മലമൂത്ര വിസർജ്ജനം ശൗചാലയത്തിൽ മാത്രം നടത്തുക. ശേഷം കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
- വ്യക്തിശുചിത്വം പാലിക്കുക.
- വളർത്തുമൃഗങ്ങളെയോ പക്ഷികളെയോ താമസിക്കുന്നവരുമായി ഇടപഴകാൻ അനുവദിക്കരുത്.
- തുറസ്സായ സ്ഥലങ്ങളിൽ തുപ്പരുത്.
- പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
- ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ അവ മുടങ്ങാതെ കഴിക്കുക.
- വെള്ളക്കെട്ടുകളിൽ താമസിക്കുന്നവരും വെള്ളം കയറിയ ഇടങ്ങൾ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഴ്‌ചയിലൊരിക്കൽ 200 മി. ഗ്രാം. ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.