അർധരാത്രി പ്രകൃതിയുടെ സംഹാര താണ്ഡവം, വിറങ്ങലിച്ച് മുണ്ടക്കൈ; പുത്തുമലയേക്കാൾ വലിയ ദുരന്തം
text_fieldsകൽപ്പറ്റ: പുത്തുമലയിലെ ദുരന്തത്തിന് അഞ്ചാണ്ട് തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് വയനാടിന്‍റെ ഹൃദയം തകർത്ത് മറ്റൊരു ഉരുൾപൊട്ടിയത്. 2019ലെ ദുരന്തഭൂമിയിൽനിന്ന് ഏറെ അകലെയല്ല മുണ്ടക്കൈയും ചൂരൽമലയും. അർധരാത്രി പിന്നിട്ട വേളയിൽ പ്രകൃതി നടത്തിയ സംഹാര താണ്ഡവം പുറംലോകമറിഞ്ഞത് മണിക്കൂറുകൾ പിന്നിട്ട ശേഷമാണ്. മൃതദേഹങ്ങൾ പലതും ഒഴുകിയെത്തിയ നിലയിൽ സമീപ ജില്ലയിലെ ചാലിയാർ നദിയിൽനിന്ന് നടുക്കത്തോടെയാണ് കണ്ടെത്തിയത്.
ഉറക്കത്തിലാണ്ട മുണ്ടക്കൈയിലെ നാനൂറോളം കുടുംബങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം. മരണത്തിന്‍റെ ഇരുണ്ട കൈകൾ എത്ര ജീവനുകൾ നിത്യനിദ്രയിലേക്ക് കവർന്നെടുത്തുവെന്നത് ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. മുണ്ടക്കൈയിലെ ചെറുപട്ടണത്തെ നാമാവശേഷമാക്കിയ ഉരുൾപൊട്ടൽ സമാനതകളില്ലാത്ത ദുരന്തമാണ്. പുത്തുമലയേക്കാൾ പലമടങ്ങ് നാശമാണ് മുണ്ടക്കൈയിൽ ഉണ്ടായിരിക്കുന്നതെന്ന് പുറത്തുവരുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ചൂരൽമലയിലെ ഒരു സംഘം ആളുകൾ, തങ്ങളുടെ അയൽവാസികളായ പലരെയും കാണുന്നില്ലെന്ന ആശങ്ക മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. പുത്തുമലയേക്കാൾ വലിയ ദുരന്തമാണ് ഇന്നത്തേതെന്നും അവർ പറയുന്നു. മുമ്പെങ്ങും കാണാത്ത വിധം സൈന്യം ഉൾപ്പെടെ എത്തിയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണിനടിയിൽ എത്രപേർ അകപ്പെട്ടുവെന്നതിന് യാതൊരു വ്യക്തതയുമില്ല. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിനു പേർ മണ്ണിനടിയിൽ പെട്ടിരിക്കാം.
അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെയും എൻ.ഡി.ആർ.എഫിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വൈകാതെ സൈന്യമെത്തും. ദുരന്തഭൂമിയിൽ പലയിടത്തുനിന്നായി ഇതുവരെ 45 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഛിന്നഭിന്നമായ മനുഷ്യ ശരീരങ്ങൾ ചാലിയാറിന്‍റെ കുത്തൊഴുക്കിൽ കിലോമീറ്ററുകൾ പിന്നിട്ട് നിലമ്പൂരിൽ എത്തിയപ്പോഴുള്ള കാഴ്ച ആരുടെയും കരൾ പിളർക്കുന്നതാണ്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽനിന്നും 11 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പോത്തുകല്ല് പഞ്ചായത്ത് പരിധിയിലെ വിവിധ കടവുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇരുട്ടി കുത്തി, അമ്പുട്ടാൻ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പി പാലം എന്നീ കടവുകളിൽ നിന്നും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റ് എട്ടിന് രാത്രിയാണ് പുത്തുമലയിൽ 17 പേരുടെ ജീവനെടുത്ത പേമാരി പെയ്തിറങ്ങിയത്. ഉരുള്‍പൊട്ടി ഒഴുകിയെത്തിയ മണ്ണും പാറക്കൂട്ടങ്ങളും വെള്ളവും മേപ്പാടി പച്ചക്കാട് താഴ്‌വാരത്തെ പുത്തുമലയെ പാടെ തകര്‍ത്തു. ദുരന്ത ശേഷം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ കാണാതായ അഞ്ചു പേര്‍ എവിടെയെന്ന നൊമ്പരമേറിയ ചോദ്യം ഇന്നും അവശേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.