വയനാടോ റായ്ബറേലിയോ; സസ്പെൻസ് വിടാതെ രാഹുൽ, 'രണ്ട് മണ്ഡലങ്ങളിലെ ജനങ്ങൾക്കും സന്തോഷമുള്ള തീരുമാനം പ്രഖ്യാപിക്കും'
text_fieldsമലപ്പുറം: വയനാട്, റായ്ബറേലി ലോക്സഭ മണ്ഡലങ്ങളിൽ ഏത് നിലനിർത്തുമെന്ന സസ്പെൻസ് വിടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എടവണ്ണയിൽ ഇന്ന് നടന്ന യോഗത്തിലും ഏത് മണ്ഡലം നിലനിർത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചില്ല. രണ്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ ജയിച്ചിരുന്നു.
താൻ ധർമ്മ സങ്കടത്തിലാണ് ഇപ്പോഴുള്ളതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങൾക്ക് സന്തോഷമുണ്ടാകുന്ന തീരുമാനമെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വീണ്ടും കാണാമമെന്ന് പ്രതീക്ഷിക്കുന്നു. ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നത്. അന്വേഷണ ഏജൻസികളും രാഷ്ട്രീയാധികാരവും കൂടെ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്നായിരുന്നു ബി.ജെ.പിയുടെ ധാരണ. ജനങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് അവർ കാണിച്ചുകൊടുത്തു.
വർഗീയതക്കും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന സന്ദേശമാണ് അയോധ്യയിലെ ജനങ്ങൾ നൽകിയത്. അംബാനിയും അദാനിയുമാണ് മോദിയെ ഉപദേശിക്കുന്നത്. ഇവരാണോ മോദി പറഞ്ഞ പരമാത്മാവെന്നും രാഹുൽ ഗാന്ധി ചോദിച്ചു. വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായാണ് രാഹുൽ മണ്ഡലത്തിൽ എത്തുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിച്ചു. എടവണ്ണയിലെ പൊതുയോഗത്തിന് ശേഷം ഉച്ചക്ക് രണ്ടര കൽപ്പറ്റ ടൗണിൽ നടക്കുന്ന പരിപാടിയിലും രാഹുൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി പറയാനായി അദ്ദേഹം കേരളത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.