തമിഴ്നാട്ടിൽനിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളിയെ വയനാട് പൊലീസ് പിടികൂടി
text_fieldsകൽപറ്റ: തമിഴ്നാട് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ലെനിനെ വയനാട് പൊലീസ് പിടികൂടി.
കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതകം, ബലാത്സംഗം, പോക്സോ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണഗിരി മൈലമ്പാടി എം.ജെ. ലെനിനെ(40)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്.
കോട്ടയം, കോഴിക്കോട് പൊലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെയും സഹായത്തോടെയായിരുന്നു നടപടി. ഇയാള്‍ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. തമിഴ്നാട്ടില്‍ ബലാത്സംഗം, കൊലപാതക കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു ഇയാൾ. അമ്പലവയല്‍ കൂട്ട ബലാത്സംഗ കേസില്‍ വിചാരണക്കു മുമ്പുള്ള കുറ്റം വായിച്ചു കൊടുക്കല്‍ പ്രക്രിയക്കായി ബത്തേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് തമിഴ്നാട് പൊലീസുകാരില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ട് മേപ്പാടി സ്റ്റേഷന് പരിധിയിലെ കാപ്പംകൊല്ലിയില്‍ വെച്ചാണ് രക്ഷപ്പെട്ടത്. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇരട്ടക്കൊലപാതക കേസില്‍ 64 വര്‍ഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിന്. 2022ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എറണാകുളത്ത് നിന്ന് തട്ടിക്കൊണ്ടുവന്ന് എടക്കലിലെ ഹോംസ്റ്റേയിലെത്തിച്ച് ലഹരിവസ്തുക്കള്‍ നല്കി 17 പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ്. അമ്പലവയല്‍ സ്റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക്, റോബറി എന്നീ കേസുകളിലും, ബത്തേരി സ്റ്റേഷനില്‍ അക്രമിച്ച് പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലും, കല്‍പ്പറ്റ സ്റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക് കേസിലും പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.