വയനാട് പുനരധിവാസം: സ്ഥലം ഏറ്റെടുക്കാൻ ബോണ്ട്, തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി
text_fieldsകൊച്ചി: വയനാട് ഉരുൾ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി. ഇക്കാര്യത്തിൽ നിയമ, റവന്യൂ മന്ത്രിമാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നടക്കുന്നതിനാൽ നഷ്ടപരിഹാരത്തുക ബോണ്ടായി കോടതിയിൽ കെട്ടിവെക്കാനാവുമോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിതലത്തിലാണ് തീർപ്പുണ്ടാകേണ്ടത്. ബോണ്ട് കെട്ടിവെക്കുന്നത് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തെ ബാധിക്കുമോയെന്ന ആശങ്ക അകറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ.
ചൂരൽമല-മുണ്ടക്കൈ ദുരിതബാധിതർക്കായി മാതൃക ടൗൺഷിപ് നിർമിക്കാൻ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇത് ചോദ്യംചെയ്താണ് എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചത്. 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നൽകാതെ ഭൂമി വിട്ടുനൽകില്ലെന്നാണ് ഉടമകളുടെ നിലപാട്. അവകാശത്തർക്കം നിലനിൽക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കൽ എളുപ്പമാവുമെന്നാണ് സർക്കാർ കരുതിയിരുന്നത്.
എന്നാൽ, ഇതിനിടെയാണ് ഹരജിയുടെ രൂപത്തിൽ കുരുക്ക് വീഴുന്നത്. നിർവാഹമില്ലാത്ത സാഹചര്യത്തിലാണ് ‘കോടതി നിർദേശിച്ചാൽ’ ബോണ്ട് കെട്ടിവെക്കാമെന്ന് സർക്കാർ അറിയിച്ചത്. കോടതിയും ഇതേ നിർദേശം മുന്നോട്ടുവെച്ചതോടെ തീരുമാനമെടുക്കേണ്ട ബാധ്യത സർക്കാറിന്റേതായി. ബോണ്ട് കെട്ടിവെച്ചാൽ ഭൂമി വിട്ടുനൽകാനാവുമോയെന്ന് അറിയിക്കാൻ ഹരജിക്കാരോടും കോടതി നിർദേശിച്ചിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിനെ ഇത് ഏത് രീതിയിൽ ബാധിക്കുമെന്നത് സംബന്ധിച്ച് നിയമപരിശോധന നടത്താത്തതാണ് സർക്കാറിനെ കുഴക്കുന്നത്. ഈ സാഹചര്യത്തിൽ നിയമ വിദഗ്ധരുടെ ഉപദേശം തേടിയിരിക്കുകയാണ് സർക്കാർ. ചൊവ്വാഴ്ച നിലപാട് സർക്കാർ രേഖാമൂലം കോടതിയെ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.