വയനാട്; കേന്ദ്രത്തിന്റെ തടസ്സവാദം ധനകമീഷൻ വ്യവസ്ഥകൾക്ക് വിരുദ്ധം
text_fieldsതിരുവനനന്തപുരം: വയനാട് പുനരധിവാസത്തിന് ദുരന്തപ്രതികരണ നിധിയിൽനിന്ന് പണമനുവദിക്കുന്നതിലെ കേന്ദ്രത്തിന്റെ തടസ്സവാദങ്ങൾ 15ാം ധനകമീഷൻ വ്യവസ്ഥകൾക്ക് വിരുദ്ധം. ദുരന്ത പ്രതികരണ നിധിയിൽനിന്നുള്ളത് സാമ്പത്തിക സഹായം മാത്രമാണെന്നും നഷ്ടപരിഹാരമല്ലെന്നുമാണ് കേന്ദ്ര നിലപാട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കാര്യം അറിയിച്ച് കേന്ദ്രസഹമന്ത്രി നിത്യാനന്ദറായി നൽകിയ കത്തിലും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ധനകമീഷൻ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ പേജുകൾ മാറ്റിവെച്ചിരിക്കുന്ന വിഷയങ്ങളിൽ ഒന്ന് ‘ഡിസാസ്റ്റർ റിസ്ക് ഫിനാൻസാ’ണ്.
ദുരന്തമുണ്ടാകുന്ന ഘട്ടങ്ങളിൽ സഹായം കൊടുക്കുക എന്നതായിരുന്നു നേരത്തേയുള്ള കാഴ്ചപ്പാട്. 2005ലെ ദുരന്തനിവാരണ നിയമത്തോടെ ഈ സമീപനത്തിൽ മാറ്റം വന്നു. ദുരന്തം മുന്നിൽ കണ്ട് സ്വീകരിക്കേണ്ട തയാറെടുപ്പുകളും ബോധവത്കരണവും മുതൽ ദുരന്തമുണ്ടായാൽ കൈക്കൊള്ളേണ്ട നടപടികൾ, ദുരന്ത ശേഷമുള്ള പുനർനിർമാണം വരെ നീളുന്ന സമഗ്രമായ സമീപനമാണ് നിലവിലേത്. ഈ മാറ്റം ഉൾക്കൊണ്ട് ഡിസാസ്റ്റർ റിസ്ക് ഫിനാൻസാണ് ധനകമീഷന്റെ ശിപാർശ ചെയ്തിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും ഇതിൽ മുഖ്യപരിഗണനയാണ്.
ധനകമീഷൻ നിഷ്കർഷ പ്രകാരം 100 രൂപയാണ് എസ്.ഡി.ആർ.എഫിലുള്ളതെങ്കിൽ അതിൽ 80 രൂപ ദുരന്തപ്രതികരണത്തിനും 20 രൂപ കാലാവസ്ഥ വ്യതിയാനം ഉണ്ടാകാതിരിക്കാനുള്ള ഇടപെടലുകൾക്കുമാണ്. 80 രൂപയെ ദുരന്തസഹായം, പുനർനിർമാണം, തയാറെടുക്കൽ ചെലവുകൾ എന്നിങ്ങനെ മൂന്നായി വീതിക്കണം.
ഇതു പ്രകാരം സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്ക് കമീഷൻ ശിപാർശ ചെയ്തത് ആകെ 1,28,122 കോടിരൂപയാണ്. ഇതിൽ ദുരന്ത സഹായത്തിനായി 64,061 കോടി രൂപയും പുനർനിർമാണത്തിനും നഷ്ടപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമായി 48,046 കോടി രൂപയും തയാറെടുപ്പ് ചെലവുകൾക്കായി 16,015 കോടി രൂപയുമാണ് ധനകമീഷൻ ശിപാർശ ചെയ്തത്.
സമാനരീതിയിൽ കേന്ദ്രസർക്കാറിന് കീഴിലെ ദേശീയ ദുരന്തപ്രതികരണ നിധിയിലെ 54,770 കോടി രൂപയിൽ 27,385 കോടി സഹായത്തിനായും 20,539 കോടി പുനർനിർമാണത്തിനായും 6846 കോടി തയാറെടുപ്പ് ചെലവുകൾക്കുമാണ്. ഈ മാനദണ്ഡങ്ങളെയാണ് ‘സഹായമല്ലാതെ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയില്ല’ എന്ന വാദത്തിലൂടെ കേന്ദ്രംതന്നെ വെല്ലുവിളിക്കുന്നത്. ധനകമീഷൻ ശിപാർശ ചെയ്ത മാനദണ്ഡങ്ങൾക്കുമപ്പുറമാണ് വയനാട്ടിന്റെ ദുരന്തതീവ്രത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.