വയനാട് പുനരധിവാസം: ആദ്യപട്ടികയിൽ 242 പേര് മാത്രം
text_fieldsകൽപറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുൾ ദുരന്തത്തിൽ 1555 വീടുകൾ പൂർണമായും വാസയോഗ്യമല്ലാതായെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടും പുനരധിവാസ ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയിൽ ഇടം പിടിച്ചത് 242 പേര് മാത്രം.
ദുരന്തത്തില്‍ 2007 വീടുകള്‍ക്ക് നാശം സംഭവിച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രിയും പറഞ്ഞിരുന്നു. ഇനിയും കണ്ടെത്താത്ത 32 പേരടക്കം 298 പേർ മരണപ്പെട്ട, 1200 കോടി രൂപയുടെ നാശനഷ്ടമുണ്ടായ ദുരന്തത്തിന് ഇരയായ നിരവധി കുടുംബങ്ങളാണ് പട്ടികയിൽ ഇടം പിടിക്കാതെ പോയത്. ആദ്യഘട്ട പട്ടികയാണ് പുറത്തിറക്കിയതെന്നും രണ്ടാം ഘട്ടം പ്രസിദ്ധീകരിക്കുമെന്നും സർക്കാർ പറയുന്നുണ്ടെങ്കിലും അതിലും കുറഞ്ഞ കുടുംബങ്ങൾ മാത്രമാകും ഇടംപിടിക്കുകയെന്നാണ് വിവരം. ഇതോടെ പല കുടുംബങ്ങളും ദുരന്ത ഭൂമിയിലേക്ക് തിരിച്ചുപോകേണ്ടിവരും.
ദുരന്തത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലായി വീട് നഷ്ടപ്പെട്ടവര്‍, വാടകക്കും പാടികളിലും താമസിച്ചിരുന്ന ദുരന്തബാധിതര്‍ എന്നിവരാണ് നിലവിലെ പട്ടികയില്‍ ഉള്‍പ്പെട്ടത്. 90 ശതമാനം വീടുപണി പൂർത്തീകരിച്ചവരും വീട്ടു നമ്പർ ഇല്ലാത്തതുകാരണം ലിസ്റ്റിൽ ഉൾപ്പെടാതെ പോയവരും എസ്റ്റേറ്റ് പാടിയുടെ ഒരു മുറി തകർന്ന് താമസക്കാരൻ മരിച്ചപ്പോൾ അതേ പാടിയുടെ മറ്റൊരു മുറിയിൽ താമസിക്കുന്ന കുടുംബവും പട്ടികയിൽ നിന്ന് പുറത്താണ്. വീടുകൾ പൂർണമായി നശിച്ചില്ല എന്ന കാരണത്താലും നിരവധി കുടുംബങ്ങൾ പട്ടികയിൽ ഇടംപിടിച്ചില്ല. ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം വാസയോഗ്യവും അല്ലാത്തതുമായ വീടുകളുടെ അതിര്‍ത്തി നിര്‍ണയിച്ചതോടെയാണ് പലരും ഗുണഭോക്തൃ പട്ടികയിൽനിന്ന് പുറത്തായത്. എന്നാൽ, ഇനിയും ദുരന്ത സാധ്യതയുള്ളതും ആൾതാമസമില്ലാതായതോടെ കാട്ടാനകളുൾപ്പെടെ തമ്പടിക്കുകയും ചെയ്യുന്ന പ്രദേശത്തേക്ക് എങ്ങനെ തിരിച്ചുപോകുമെന്നാണ് ദുരന്ത ബാധിതർ ചോദിക്കുന്നത്.
നേരത്തേ തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് തയാറാക്കിയ പട്ടികയിൽ 520 കുടുംബങ്ങൾ ഇടം നേടിയിരുന്നു. സർക്കാർ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന 69 കുടുംബങ്ങൾ ഉൾപ്പെടെ 807 ദുരന്തബാധിത കുടുംബങ്ങൾ നിലവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വാടക ക്വാർട്ടേഴ്സുകളിൽ താമസിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.