വയനാട് പുനരധിവാസം; ‘പ്ലാനി’ൽ മാറ്റമില്ല
text_fieldsതിരുവനന്തപുരം: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ടൗണ്‍ഷിപ്പില്‍ പണിയുന്ന വീടുകളുടെ നിര്‍മാണച്ചെലവ് കുറക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിശ്ചയിച്ച തുകക്ക് ആനുപാതികമായി വീടുകളുടെ എണ്ണം കുറക്കാനും നിർദേശിച്ചു.
നൂറിൽ താഴെ വീട് സ്പോണ്സര് ചെയ്തവരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പത്തിനു മുകളിൽ വീട് സ്പോൺസർ ചെയ്തവർ നേരിട്ടും മറ്റുള്ളവർ ഓൺലൈനിലുമാണ് പങ്കെടുത്തത്. 30 ലക്ഷം രൂപയാണ് 1000 ചതുരശ്ര അടി വീടിന്റെ നിര്‍മാണച്ചെലവായി കണക്കാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മൊത്തത്തില്‍ നിര്‍മാണം നടക്കുമ്പോഴുള്ള തുകയില്‍ ആനുപാതിക കുറവ് മാത്രം പ്രതീക്ഷിക്കാം.
സംസ്ഥാനമാകെ നിലവിലുള്ള തരത്തിൽ തുകയിൽ കുറവ് വരുത്തണമെന്ന സ്പോണ്‍സര്‍മാരുടെ ആവശ്യം അംഗീകരിച്ചില്ല. 25 വീട് നിര്‍മിക്കാന്‍ തയാറാണെന്നും ഭൂമി നല്കിയാല് സ്വന്തം ചെലവില്‍ നിര്‍മിക്കാന്‍ തയാറാണെന്നുമുള്ള നിര്‍ദേശവും തള്ളി. ടൗണ്‍ഷിപ്പിലെ എല്ലാ വീടും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നിര്‍മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വീടിന് 12 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയതെന്നുപറഞ്ഞ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളോട് നിര്‍മിക്കുന്ന വീടുകളുടെ എണ്ണം തുകക്ക് ആനുപാതികമായി കുറക്കാൻ നിര്‍ദേശിച്ചു. ഹൗസിങ് ബോര്‍ഡിനെ കൊണ്ട് 10 വീട് നിര്‍മിച്ചുനല്‍കാമെന്നും 1.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയതെന്നും എ.ഐ.വൈ.എഫ് ഭാരവാഹികള്‍ അറിയിച്ചപ്പോള്‍, നിര്‍മാണത്തിനായി മറ്റാരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈഫ് ഭവന പദ്ധതിക്കായി സര്‍ക്കാര്‍ നല്കുന്ന തുച്ഛമായ തുകയും പരാമര്‍ശ വിഷയമായി. മുകളിലേക്ക് ഉള്‍പ്പെടെ നിര്‍മിക്കാന്‍ കഴിയുംവിധമാണ് അടിത്തറ നിര്‍മിക്കുന്നതെന്നും അതില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒന്നോ രണ്ടോ ലക്ഷം രൂപയുടെ നിര്‍മാണച്ചെലവ് കുറക്കാനാകുമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വിശദീകരിച്ചു. ഫർണിച്ചർ ഉൾപ്പെടെ എല്ലാ സൗകര്യവും ഒരുക്കുന്നതിനാലാണ് ഈ നിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസും മുസ്ലിം ലീഗുമടക്കം നൂറിനു മുകളില്‍ വീട് സ്പോണ്സര് ചെയ്യുന്നവരുടെ യോഗത്തിലും 30 ലക്ഷം രൂപ നിർമാണച്ചെലവ് എന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നിരുന്നു.
വീടുകളുടെ സ്പോൺസർഷിപ്പിന് വെബ് പോർട്ടൽ
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ച് വെബ്പോർട്ടൽ തയാറാക്കും. നിലവിലെ സ്പോൺസർമാരുടെ വിവരങ്ങളും ഭാവി സ്പോൺസർമാർക്കുള്ള ഓപ്ഷനും അതിൽ ലഭ്യമാക്കും. ഓരോ സ്പോൺസർക്കും സവിശേഷ ഐ.ഡി നൽകും. ഓൺലൈൻ പെയ്മെന്റ് ഓപ്ഷനും ഉണ്ടാകും. സ്പോൺസർമാർക്ക് സർട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നൽകും.
സ്പോൺസർഷിപ് മാനേജ്മെന്റിന് പ്രത്യേക യൂനിറ്റ് ഉണ്ടാകും. ഇതിന് സ്പെഷൽ ഓഫിസറെ നിയമിക്കും. ജില്ല ദുരന്തനിവാരണ അതോറിറ്റി പ്രോജക്ട് ഇംപ്ലമെന്റേഷൻ യൂനിറ്റ് (പി.ഐ.യു) പ്രവർത്തനം അവലോകനംചെയ്യും. മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും അവലോകനമുണ്ടാകും. ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, സ്പോൺസർ, കോൺട്രാക്ടർ എന്നിവർ തമ്മിലുള്ള ത്രികക്ഷി കരാർ ഉണ്ടാകും. കരാറിന്റെ നിർവഹണം പി.ഐ.യു ഏകോപിപ്പിക്കും. നിർമാണ പ്രക്രിയകളുടെ ഉപാധികളും നിബന്ധനകളും സമയക്രമങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ടൗൺഷിപ് നിർമാണത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി സർക്കാർ വൈകാതെ കരാർവെക്കും. ഇതിന്റെ കരട് തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.