വയനാട് പുനരധിവാസം: മിച്ച ഭൂമി പിടിച്ചെടുക്കണം-എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: മിച്ചഭൂമി പിടിച്ചെടുത്ത് വയനാട് ഉരുള്‍പൊട്ടലിന് ഇരകളായവരെ പുനരധിവസിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ. റവന്യൂ രേഖകള്‍ പരിശോധിച്ചതിൽ 290 ഏക്കര്‍ മിച്ച ഭൂമിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പുനരധിവാസത്തിന് ഭൂമിയില്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. വയനാട്ടിലെ വൈത്തിരി താലൂക്കില്‍ 200.23 ഏക്കര്‍ കോഴിക്കോട് രാരോത്ത് വില്ലേജിലെ 90.62 ഏക്കറും മിച്ചഭൂമി ഏറ്റെടുക്കാനുണ്ടെന്നാണ് താലൂക്ക് ലാൻഡ് ബോർഡിൽനിന്ന പുറത്ത് വന്ന വിവരം.
മിച്ചഭൂമിയെന്ന് സര്‍ക്കാര്‍ രേഖകളിലുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല വില്ലേജുകളിലെ 200.23 ഏക്കര്‍ ഭൂമി നിലവില്‍ ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമാണ്. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 2016ല്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച ഭൂമിയാണിത്. ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 84 പ്രകാരം മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ള ഭൂമിയുടെ ആധാരം അസാധുവാണ്.
ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകളെ അട്ടിമറിച്ച ആധാരങ്ങള്‍ റദ്ദ് ചെയ്യാന്‍ വകുപ്പ് 120 (എ) പ്രകാരം കലക്ടര്‍ക്ക് അധികാരമുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഒത്താശ ചെയ്യുകയാണ്. കോഴിക്കോട് രാരോത്ത് വില്ലേജിലെ 90.62 ഏക്കര്‍ മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2016ല്‍ ടി.എല്‍.ബി ഉത്തരവിറക്കിയത്.
വയനാട്ടിലെ റവന്യൂ രേഖകള്‍ പ്രകാരമുള്ള മിച്ചഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ ഹൈകോടതിയിൽ ഒളിച്ചുകളി നടത്തുകയാണ്. സ്വകാര്യ കുത്തകകള്‍ കൈവശം വെച്ച് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഏക്കര്‍ കണക്കിനുള്ള മിച്ചഭൂമി പിടിച്ചെടുത്ത് പുനരധിവാസം ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.