വയനാട് പുനരധിവാസം: കേന്ദ്രവായ്പ വിനിയോഗിക്കാൻ ഡിസംബർ 31 വരെ സമയം നീട്ടിനൽകി
text_fieldsകൊച്ചി: വയനാട് പുനരധിവാസത്തിന് അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാത്തതിന് കേന്ദ്രസർക്കാറിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. പണം മാർച്ച് 31നകം ചെലവഴിക്കണമെന്ന കേന്ദ്ര നിർദേശം അപ്രായോഗികമാണെന്ന് അറിയിച്ചപ്പോൾ പദ്ധതി നടപ്പാക്കുന്ന സർക്കാർ വകുപ്പുകളുടെ അക്കൗണ്ടിലേക്ക് തുക മാറ്റണം എന്നാണോ ഉദ്ദേശിച്ചത് എന്നതിൽ വ്യക്തത വരുത്താൻ കോടതി നിർദേശിച്ചിരുന്നു. ഇത് ചെയ്യാതെ, ഡിസംബർ 31 വരെ സമയം അനുവദിച്ചതായി കേന്ദ്രം അറിയിച്ചതാണ് വിമർശനത്തിനിടയാക്കിയത്.
കാര്യങ്ങൾ ഇത്ര നിസ്സാരമായി കാണരുതെന്ന് കോടതി പ്രതികരിച്ചു. വെറുതെ സമയം കളയുകയാണിപ്പോൾ. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കരുത്. ഹൈകോടതി ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് കൃത്യമായി മറുപടി നൽകേണ്ടതില്ലെന്നും കോടതിക്ക് മുകളിലാണ് തങ്ങളെന്നും കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കരുതുന്നുണ്ടെങ്കിൽ ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥരെ അടുത്ത വിമാനത്തിൽ ഇവിടെ വരുത്താനറിയാമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ ഓർമിപ്പിച്ചു.
ചൂരൽമല -മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷമായ പ്രതികരണമുണ്ടായത്. ഡിസംബർ 31നകം പദ്ധതി നടപ്പാക്കണമെന്ന നിർദേശവും പ്രായോഗികമല്ലെന്ന് കോടതി പറഞ്ഞു. ബന്ധപ്പെട്ട ഏജൻസിയുടെ അക്കൗണ്ടിലേക്ക് തുക മാറ്റുകയാണ് സാധ്യമായ കാര്യം. അതല്ലെങ്കിൽ മറ്റെന്തോ അജണ്ടയാണ് കേന്ദ്രത്തിന് ഉള്ളതെന്ന് കരുതേണ്ടിവരും.
ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അടങ്ങിയ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാർ അഭിഭാഷകൻ സമയം തേടിയെങ്കിലും തിങ്കളാഴ്ചതന്നെ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. സത്യവാങ്മൂലം വെള്ളിയാഴ്ച ഹാജരാക്കേണ്ടതായിരുന്നെങ്കിലും ചെയ്തില്ല. ഇനി തിങ്കളാഴ്ച നൽകാൻ പറയുമ്പോൾ അതിനും തടസ്സം ഉന്നയിക്കുകയാണോയെന്നും കോടതി ചോദിച്ചു. എന്ത്, എപ്പോൾ ചെയ്യുമെന്ന് പറയുകയല്ല, രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്.
വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാറാണ് തീരുമാനം എടുക്കേണ്ടത്. സംസ്ഥാന ബാങ്കിങ് സമിതിയുടെ തീരുമാനം കണക്കിലെടുക്കാം. തീരുമാനം വൈകിപ്പിക്കരുത്. ബാങ്ക് ഓഫ് ബറോഡയടക്കം ചില ബാങ്കുകൾ റിക്കവറി നടപടി തുടങ്ങിയ സാഹചര്യത്തിൽ ഇക്കാര്യത്തിലും വ്യക്തത വരുത്തണം.
അതേസമയം, ദുരന്തഭൂമിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ എന്നുമുതൽ നീക്കിത്തുടങ്ങുമെന്ന് കോടതി സംസ്ഥാന സർക്കാറിനോടും ദുരന്തനിവാരണ അതോറിറ്റിയോടും ആരാഞ്ഞു. അവശിഷ്ടങ്ങൾ മൂന്നുഘട്ടമായി നീക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.