ഉരുൾ പുനരധിവാസം; കൽപറ്റയിൽ വേണ്ടത് 58.5 ഹെക്ടർ, ഉള്ളത് 40 മാത്രം
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വിഭാവനംചെയ്യുന്ന ടൗൺഷിപ്പിന് ആകെ വേണ്ടത് 58.5 ഹെക്ടർ ഭൂമി. എന്നാൽ ഹെഡ്സർവേയർമാരുടെ നേതൃത്വത്തിൽ വ്യാഴാഴ്ചയോടെ സർവേ പൂർത്തിയായപ്പോൾ ആകെ 40 ഹെക്ടർ ഭൂമി മാത്രമാണ് അനുയോജ്യമെന്നാണ് കണ്ടെത്തിയത്.
30 ഉദ്യോഗസ്ഥരടങ്ങുന്ന സർവേ ടീമാണ് ഇന്നലെ സ്ഥലത്തുണ്ടായിരുന്നത്. പാറക്കല്ലുകൾ, കുത്തനെ ചരിവുള്ള സ്ഥലം, ബഫർസോൺ തുടങ്ങിയവ ഒഴിവാക്കിയാൽ ഇവിടെ 38-40 ഹെക്ടർ ഭൂമി മാത്രമേ ടൗൺഷിപ്പിന് അനുയോജ്യമായതുള്ളൂവെന്നാണ് കണ്ടെത്തിയത്. 25 ഡിഗ്രി വരെ ചരിവുള്ള സ്ഥലം മാത്രമാണ് പരിഗണിക്കുന്നത്.
കൽപറ്റ ബൈപാസിനോട് ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റിന്റെ പുൽപ്പാറ ഡിവിഷനിലെ 78.73 ഹെക്ടറും ഹാരിസൺ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിന്റെ 65.41 ഹെക്ടർ ഭൂമിയും ഏെറ്റടുക്കാനാണ് നേരത്തേ സർക്കാർ തീരുമാനിച്ചത്.
ഡ്രോൺ സർവേയിൽ കൽപറ്റയിൽ 58.5 ഹെക്ടറും നെടുമ്പാലയിൽ 48.96 ഹെക്ടറും വാസയോഗ്യമെന്ന് കണ്ടെത്തി. ഇതനുസരിച്ചാണ് രണ്ടിടത്തെയും ടൗൺഷിപ്പിന്റെ വലുപ്പമടക്കമുള്ള പുനരധിവാസ പദ്ധതി സർക്കാർ തയാറാക്കിയതും മന്ത്രിസഭ അനുമതി നൽകിയതും.
എന്നാൽ, അന്തിമ സർവേ പൂർത്തിയാകുമ്പോൾ കൽപറ്റയിൽ മാത്രം 15.5 ഹെക്ടറിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൽപറ്റ ബൈപാസിനോട് ചേർന്ന് തുടങ്ങി ഫാക്ടറിക്ക് മുന്നിലും പിന്നിലുമായി വരുന്ന സ്ഥലമാണ് അനുയോജ്യമായത്.
എട്ട് സംഘങ്ങളാണ് സർവേ നടത്തിയത്. ഇവരെല്ലാം ശേഖരിച്ച വിവരങ്ങൾ സൂക്ഷ്മപരിശോധന നടത്തി മാത്രമേ സ്ഥലത്തിന്റെ അന്തിമ കണക്ക് പുറത്തുവരൂ. അതേസമയം, മറ്റൊരു ടൗൺഷിപ് പദ്ധതി വരുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിൽ സർവേ നടത്താനുള്ള നിർദേശം ഇതുവരെ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടില്ല.
ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ കൈവശക്കാരായ ഹാരിസൺ മലയാളം കമ്പനി വീണ്ടും ഹൈകോടതിയെ സമീപിക്കുകയാണെന്ന് സൂചനയുണ്ട്. ഇതുകൂടി പരിശോധിച്ചായിരിക്കും ഇവിടെ സർവേ നടത്തുകയെന്നാണ് വിവരം. എന്നാൽ, റവന്യൂ മന്ത്രി കെ. രാജൻ വ്യാഴാഴ്ച ഈ സ്ഥലവും സന്ദർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.