‘അവർ ഞങ്ങളുടെ കുഞ്ഞുങ്ങളായിരുന്നു...’: കീഴ്ക്കാംതൂക്കായ പാറക്കെട്ടിൽ അള്ളിപ്പിടിച്ച് വടം ഉപയോഗിച്ച് രക്ഷാദൗത്യം
text_fieldsമേപ്പാടി (വയനാട്): ‘അവർ ഞങ്ങളുടെ കുഞ്ഞുങ്ങളായിരുന്നു...’ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ നിന്ന് 10 കിലോമീറ്റർ അകലെ അട്ടമല വനത്തിൽ താമസിച്ചിരുന്ന നാലുകുഞ്ഞുങ്ങളടങ്ങിയ ആദിവാസി കുടുംബത്തെ രക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാക്കുകളാണിത്. അട്ടമല മലമുകളിലെ ചെങ്കുത്തായ പാറയിലെ ഷെഡ്ഡിൽ താമസിച്ച ഇവരെ എട്ടുമണിക്കൂർ നീണ്ട കഠിനപരിശ്രമത്തിനൊടുവിലാണ് രക്ഷിച്ചത്. കീഴ്ക്കാംതൂക്കായ പാറക്കെട്ടിൽ അള്ളിപ്പിടിച്ച് വടം ഉപയോഗിച്ചായിരുന്നു രക്ഷാദൗത്യം.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാല് മക്കൾ അടങ്ങിയ കുടുംബത്തിനാണ് വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യം തുണയായത്. കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. ആഷിഫ്, മുണ്ടക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജയചന്ദ്രൻ, കൽപറ്റ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ. അനിൽകുമാർ, കൽപറ്റ ആർ.ആർ.ടി അനൂപ് തോമസ് എന്നിവരാണ് ജീവൻപണയം വെച്ച് ദൗത്യം വിജയിപ്പിച്ചത്. ഭക്ഷണം പോലുമില്ലാതെ എല്ലും തോലുമായ കുഞ്ഞുങ്ങളെ കണ്ടപ്പോൾ തങ്ങളുടെ കുഞ്ഞുങ്ങളെയാണ് ആദ്യം ഓർത്തുപോയതെന്ന് ഇവർ പറയുന്നു.
ജോലി സംബന്ധമായി പോകുന്നതിനിടെയാണ് കാട്ടിലൂടെ നടന്നുപോകുന്ന ശാന്തയും മകനും ഫോറസ്റ്റ് ഓഫിസറുടെ ശ്രദ്ധയിൽപെട്ടത്. സാധാരണ പുറത്തുനിന്നുള്ളവരെ കണ്ടാൽ ഓടിമാറുന്ന അവരെ ഉടൻതന്നെ അടുത്തുള്ള പാടിയിൽ താമസിപ്പിച്ചു. ബെഡ്ഷീറ്റ് പുതപ്പിച്ചു, വൈദ്യസഹായവും നൽകി. ശാന്തയോട് മയത്തിൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ചൂരൽമല ഏറാട്ടുകുണ്ട് ഊരിലാണ് താമസമെന്നും മൂന്ന് ചെറിയ മക്കളും ഭർത്താവും ഊരിലെ ഷെഡിൽ താമസിക്കുന്നുണ്ടെന്നും അറിഞ്ഞത്. ഉരുൾപൊട്ടലിന്റെ കൂടി പശ്ചാത്തലത്തിൽ അപകടം മണത്ത വനപാലകർ ചെങ്കുത്തായ പാറകളും മലയടിവാരവും കടന്ന് ഇവരുടെ താമസസ്ഥലത്തെത്തുകയായിരുന്നു.
ചുറ്റും മൂടിയ കോടയും വഴുക്കുനിറഞ്ഞ വലിയ പാറക്കൂട്ടവും അവരെ തളർത്തിയില്ല. നാലുമണിക്കൂറിനു ശേഷം അവിടെ എത്തിയപ്പോൾ കുഞ്ഞുങ്ങൾ കൂനിക്കൂടിയിരിക്കുകയായിരുന്നു. ഉടൻ കൈയിലുള്ള വെള്ളവും ഭക്ഷണവും കൊടുത്തു. ആ കുട്ടികളെ കൈയിലെടുത്ത് ചൂടും നൽകി. ബെഡ്ഷീറ്റ് മൂന്നായി കീറി മൂന്ന് കുഞ്ഞുങ്ങളെയും അനൂപും അനിലും കൃഷ്ണനും ശരീരത്തോട് ചേർത്തുകെട്ടി. പിന്നീടായിരുന്നു അപകടകരമായ പാറക്കെട്ടുകൾ ഇറങ്ങിയത്. പലപ്പോഴും കാൽവഴുതി ജീവൻതന്നെ നഷ്ടമാകുന്ന അവസ്ഥവരെയെത്തി. നാലര മണിക്കൂറെടുത്താണ് ഇവരെ വനംവകുപ്പിന്റെ ആന്റി പോച്ചിങ് ക്യാമ്പിലെത്തിച്ചത്. തുടർന്ന്, അമ്മ ശാന്തയെയും ഇവിടേക്ക് കൊണ്ടുവരുകയായിരുന്നു. ജനിച്ച ശേഷം ആദ്യമായാണ് ആ കുഞ്ഞുങ്ങൾ മറ്റു മനുഷ്യരെ കാണുന്നത്. പക്ഷേ, വെള്ളിയാഴ്ച തങ്ങളുടെ രക്ഷകരായ അവരെ കണ്ടപ്പോൾ അവർ പല്ലുകാട്ടി നിഷ്കളങ്കമായി ചിരിച്ചു. സാഹസിക രക്ഷാപ്രവർത്തനം നടത്തിയ വനപാലകരെ രാഹുൽ ഗാന്ധിയടക്കം നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.