വയനാടൻ റോബസ്റ്റ കാപ്പി ഡെന്മാർക്കിലെ ലോക കാപ്പി കോൺഫറൻസിൽ
text_fieldsകൽപറ്റ: ഡെൻമാർക്കിലെ കോപ്പൻഹെഗനിൽ നടന്നുവരുന്ന ലോക കോഫി മേളയിൽ വയനാടിന്റെ സ്വന്തം റോബസ്റ്റ കാപ്പി ആദ്യമായി ലോക കാപ്പി വിപണിക്ക് പരിചയപ്പെടുത്തുന്നു. വ്യവസായ വകുപ്പ്, പ്ലാന്റേഷൻ വകുപ്പ്, കിൻഫ്ര എന്നീ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി വയനാടൻ കാപ്പിയുടെ സമഗ്ര പുരോഗതിക്കായി സംസ്ഥാന സർക്കാർ രൂപം നൽകിയ പൊതുമേഖല കമ്പനിയായ കേരള കോഫി ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് വേൾഡ് ഓഫ് കോഫി കോൺഫറൻസിൽ പ്രദർശന സ്റ്റാളും കപ്പ് ടേസ്റ്റിങ് പ്രദർശനവും ഒരുക്കിയത്. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ടാണ് കേരള കോഫി ലിമിറ്റഡ് മുഖേന നടപ്പാക്കുന്നത്.
വയനാടൻ കാപ്പിയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിനും സവിശേഷമായ വയനാടൻ റോബസ്റ്റ കാപ്പി പ്രത്യേക വാണിജ്യനാമത്തിൽ വിറ്റഴിക്കുന്നതിനും വേണ്ടിയാണ് കർഷക പങ്കാളിത്തത്തോടെ സമഗ്രമായ പദ്ധതിക്ക് രൂപം നൽകിയത്.
കേരള കോഫി ലിമിറ്റഡ്, ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ട്, കിൻഫ്ര, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ലോക കാപ്പി മേളയിൽ പ്രദർശന സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. കോഫി ബോർഡ് നടപ്പിലാക്കുന്ന നിങ്ങളുടെ കാപ്പിയെ അറിയുക എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട്ടിൽ നിന്നും 331 കാപ്പി സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനക്ക് വിധേയമാക്കിയതിൽ ഏറ്റവും മികച്ച 10 സാമ്പിളുകളാണ് മേളയിൽ പരിചയപ്പെടുത്തുന്നത്. ഇതോടൊപ്പം കാപ്പിയുടെ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും രുചിച്ചുനോക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ട് മേധാവി ജി. ബാലഗോപാൽ ഐ.എ.എസ് (റിട്ട), മുൻ ഉപാസി ചെയർമാൻ ധർമരാജ് നരേന്ദ്രനാഥ്, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനൂപ് പാലുകുന്ന്, കേരള കോഫി ലിമിറ്റഡ് സ്പെഷൽ ഓഫിസർ ജീവ ആനന്ദ് എന്നിവരാണ് ടീമിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.