വയനാടിന് പെൺകരുത്തിൻ തിളക്കം; ഭരണചക്രം തിരിക്കാൻ വനിതകൾ
text_fieldsകൽപറ്റ: ജില്ല പൊലീസ് മേധാവിയായി ജി. പൂങ്കുഴലി ചുമതലയേറ്റെടുക്കുന്നതോടെ ജില്ലയുടെ ഭരണസാരഥ്യം പൂർണമായി വനിതകളുടെ കൈകളിലേക്ക്.
ആർ. ഇളങ്കോ സ്ഥലംമാറി പോകുന്ന ഒഴിവിലേക്കാണ് കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണറായ പൂങ്കുഴലി എത്തുന്നത്. ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക, ജില്ല വിദ്യാഭ്യാസ ഓഫിസർ എം.കെ. ഉഷാദേവി ഉൾപ്പെടെ ജില്ല ഭരണകൂടത്തിെൻറ താക്കോൽ പദവികളെല്ലാം വഹിക്കുന്നത് വനിതകളാണ്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് സുപ്രധാന സ്ഥാനങ്ങളെല്ലാം ഒരേസമയം വനിതകളുടെ കൈകളിലെത്തുന്നത്.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ഇവരുടെ പ്രവർത്തനങ്ങൾ ഇതിനകംതന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2014 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥയാണ് പൂങ്കുഴലി. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദധാരിയായ പൂങ്കുഴലി ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് ഐ.പി.എസ് ലഭിക്കുന്നത്.
പ്രവർത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര പട്ടികയിൽ അവസാന റൗണ്ടിൽ കലക്ടർ അദീല അബ്ദുല്ല ഇടം നേടിയിട്ടുണ്ട്. 34കാരിയായി അദീല 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 2019 നവംബറിലാണ് വയനാട് കലക്ടറായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.