ദുരന്തം കവർന്ന മനസ്സുമായി വോട്ട് ചെയ്യാൻ ശ്രുതിയെത്തി
text_fieldsചൂരൽമല: ഉരുൾദുരന്തത്തിൽ ഒമ്പത് ഉറ്റവരെയും പിന്നീടുണ്ടായ വാഹനാപകടത്തിൽ പ്രിയപ്പെട്ടവനെയും നഷ്ടപ്പെട്ട് പൂർണമായും ഒറ്റക്കായ ശ്രുതി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ചൂരൽമലയിലെ പള്ളി ഓഡിറ്റോറിയത്തിലേക്ക് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നുകയറിയപ്പോൾ വോട്ട് ചെയ്യാനെത്തിയവരുടെയെല്ലാം ഈറനണിഞ്ഞു. ചുറ്റും നോക്കിയ ശ്രുതിക്ക് എല്ലാം പരിചിതമുഖങ്ങൾ. പക്ഷെ, ജൂലൈ 30ലെ രാത്രിയിൽ നൂറുകണക്കിന് ജീവനുകൾ ഇല്ലാതായതോടെ വേണ്ടപ്പട്ടവരടക്കം പലരും അവിടെ വോട്ട് ചെയ്യാനില്ല.
വെള്ളാർമല സ്കൂളിലായിരുന്നു നേരത്തേ ശ്രുതി ഉൾപ്പെടെയുള്ളവർക്ക് വോട്ടുണ്ടായിരുന്നത്. ഉരുൾ ദുരന്തം വെള്ളാർമല സ്കൂളും മുണ്ടക്കൈ സ്കൂളുമെല്ലം കശക്കിയെറിഞ്ഞതോടെ തെരഞ്ഞെടുപ്പിന് വേണ്ടി അധികൃതർ ഒരുക്കിയ താൽക്കാലിക ബൂത്തിൽ ബുധനാഴ്ച വൈകീട്ട് 3.45ഓടെയാണ് ബന്ധുക്കളുടെ സഹായത്തോടെ ശ്രുതി വോട്ട് ചെയ്യാനെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ട് അതിജീവനപാതയൊരുക്കുന്നതിന് തന്റെ കരങ്ങൾ പിടിച്ചവർക്കുവേണ്ടിയാണ് ഇപ്പോൾ വോട്ട് ചെയ്യാനെത്തിയതെന്ന് ശ്രുതി പറഞ്ഞു.
ജൂലൈ 30ന് ഇരുണ്ട രാത്രിയിൽ മുണ്ടക്കൈയിലുണ്ടായ പ്രകൃതിക്കലിയിൽ മാതാപിതാക്കളെയും അനുജത്തിയെയുമുൾപ്പടെ പ്രിയപ്പെട്ട ഒമ്പതുപേരെ നഷ്ടപ്പെട്ട ശ്രുതിക്ക് ഏകതണലായിരുന്ന പ്രതിശ്രുത വരൻ ജെൻസനെ കൽപറ്റക്കടുത്ത് വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തിൽ നഷ്ടപ്പെടുകയായിരുന്നു. ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. ഉരുൾദുരന്ത ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരുകയായിരുന്ന ശ്രുതി ജോലിസ്ഥലത്തായതിനാൽ രക്ഷപ്പെടുകയായിരുന്നു.
ഉരുൾപൊട്ടലിന്റെ രണ്ടു മാസം മുമ്പ് നിർമിച്ച വീടിരുന്നിടത്ത് ഇപ്പോൾ കല്ലും ചളിയും മാത്രമാണ് ബാക്കി. വിവാഹത്തിനായി സ്വരുക്കൂട്ടി വെച്ചിരുന്ന നാലു ലക്ഷം രൂപയും 15 പവൻ സ്വർണവും ഉരുളിൽ ഒലിച്ചുപോയി. പ്രതിശ്രുത വരൻ ജെൻസനോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ശ്രുതിക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ജെൻസനും മണ്ണോട് ചേർന്നതോടെ തീർത്തും ഒറ്റക്കായ ശ്രുതി ഓപറേഷനും ആഴ്ചകളുടെ വാസത്തിനും ശേഷമാണ് ആശുപത്രി വിട്ടത്. കൽപറ്റക്കടുത്ത മുണ്ടേരിയിൽ ബന്ധുക്കളോടൊപ്പം വാടക വീട്ടിലാണ് ഇപ്പോൾ താമസം. ശ്രുതിക്ക് സർക്കാർ ജോലി വാഗ്ദാനം ലഭിച്ചതിനൊപ്പം വീടും ഒരുങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.