വയനാട് ദുരന്തം: ക്യാമ്പുകളിലെ കുട്ടികൾക്കായി കലാപരിപാടികളുമായി മജീഷ്യന്‍ മുതുകാട്
text_fieldsമേപ്പാടി: വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കായി കലാപരിപാടികൾ സംഘടിപ്പിച്ച് സംസ്ഥാന ബാലാവകാശ കമീഷൻ. മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ചലച്ചിത്ര ഹാസ്യനടന്‍ വിനോദ് കോവൂർ, മനഃശാസ്ത്ര വിദഗ്ധൻ ഡോ. മോഹൻ റോയി തുടങ്ങിയവർ മേപ്പാടിയിലെത്തി. മേപ്പാടി സെൻറ് ജോസഫ് യു.പി സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കലാപരിപാടികൾ അരങ്ങേറിയത്.
ഉറ്റവരെയും നാടിനെയും ഒരു രാത്രി കൊണ്ട് നഷ്ടമായ കുരുന്നുകള്‍ക്കിടയില്‍ അതിജീവനത്തിന്റെ ഭാഗമായാണ് പ്രത്യേക വേദിയൊരുക്കിയത്. കുഞ്ഞുകഥകളും അതിലൊളിപ്പിച്ച മായാജാലങ്ങളുമായാണ് ഗോപിനാഥ് മുതുകാട് കുട്ടികളുടെ മുന്നിലെത്തിയത്. എല്ലാം മറന്ന് കുട്ടികളെല്ലാം മുതുകാടിന്റെ മായജാലങ്ങളില്‍ മാന്ത്രികരായി. ജാലവിദ്യകള്‍ പഠിക്കുവാനും കുട്ടികള്‍ക്കിടയില്‍ തിടുക്കമായി.
ഉത്സാഹത്തിന്റെയും നൈപൂണ്യത്തിന്റെയും മായാജാലങ്ങള്‍ക്കിടയില്‍ ഗോപിനാഥ് മുതുകാട് കുട്ടികളെയും ചേര്‍ത്തുപിടിച്ചു. എളുപ്പം പഠിച്ചെടുക്കാവുന്ന മാജിക്കുകളും അതിന്റെ പിന്നാമ്പുറങ്ങളുമെല്ലാം കുട്ടികള്‍ക്കായി പരിചയപ്പെടുത്തി. അതിനൊപ്പം അതിജീവിക്കാനുള്ള കരുത്തു പകരുന്ന കഥകള്‍ കൂടി പങ്കുവെച്ചതോടെ ദുഃഖം തളംകെട്ടി നിന്ന ക്യാമ്പിന് അല്‍പമെങ്കിലും ആശ്വാസം ലഭിച്ചു.
വിനോദ് കോവൂരിന്റെ പാട്ടിനൊത്ത് കുട്ടികള്‍ താളം പിടിച്ചു. ശബ്ദാനുകരണത്തിന്റെയും ഏകാഭിനയത്തിന്റെയും വേറിട്ട വഴികളില്‍ അവര്‍ എല്ലാം മറന്നു. മനഃശാസ്ത്ര വിദഗ്ധൻ ഡോ. മോഹൻ റോയി കുട്ടികളുമായി സംവദിച്ചുമാണ് പരിപാടികൾ അവതരിപ്പിച്ചത്.
ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ, കമീഷൻ അംഗങ്ങളായ ഡോ. എഫ്. വിൽസൺ, ബി. മോഹൻ കുമാർ, കെ.കെ. ഷാജു എന്നിവർ നേതൃത്വം നൽകി. എ.ഡി.എം. കെ. ദേവകി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക അന്ന തോമസ്, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ കെ.ഇ. ജോസ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.