വയനാടിന്റെ കണ്ണീരൊപ്പാൻ എൻ.എസ്.എസ് ; 150 വീടുകൾ പണിതുനൽകുമെന്ന് ഡോ.ആർ. ബിന്ദു
text_fieldsതിരുവനന്തപുരം : വയനാടിന്റെ കണ്ണീരൊപ്പാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കർമരംഗത്തുള്ള നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) നേതൃത്വത്തിൽ 150 വീടുകൾ പണിതുനൽകുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. കേരളത്തിന് സാക്ഷ്യംവഹിക്കേണ്ടി വന്ന ഏറ്റവും വലിയ വേദനകളിൽ ഒന്നായിത്തീർന്നിരിക്കുന്ന ദുരന്തത്തിലെ ഇരകൾക്ക് കേരളീയ കലാലയങ്ങൾ നൽകുന്ന സാന്ത്വനമായാണ് ഇത്രയും വീടുകൾ പണിതു നൽകുകയെന്നത്.
സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമാണം ഏറ്റെടുക്കുക. കാലിക്കറ്റ് സർവകലാശാല, എം.ജി സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല, ശ്രീശങ്കര സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലെയും, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐ ടി ഐ തുടങ്ങിയവയിലെയും എൻ.എസ്.എസ് സെല്ലുകളുടെ കീഴിലുള്ള എൻ.എസ്.എസ് യൂനിറ്റുകളും എൻ.എസ്.എസ് മുൻ പ്രോഗ്രാം കോർഡിനേറ്റർമാരും സംസ്ഥാന ഓഫീസർമാരും ഈ സ്‌നേഹദൗത്യത്തിൽ പങ്കാളികളാകും.
ദുരന്തബാധിതർക്ക് അവരനുഭവിച്ച മെന്റൽ ട്രോമ മറികടക്കാൻ വേണ്ട വിദഗ്ദ്ധ കൗൺസലിങ് എൻ എസ് എസ് സജ്ജമാക്കും. ദുരന്തമേഖലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വേണ്ട പൊതുശ്രമങ്ങളുടെ ഭാഗമായി വിദ്യാർഥികളിൽ പ്രത്യേകശ്രദ്ധ കൊടുക്കാനായി തിരിച്ചെത്തിക്കാനായി 'ബാക്ക് ടു സ്‌കൂൾ ബാക്ക് ടു കോളേജ്' ക്യാമ്പയിനും എൻ എസ് എസ് രൂപകല്പന ചെയ്തിട്ടുണ്ട്. 'ബാക്ക് ടു സ്‌കൂളി'ന്റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ എൻ എസ് എസ് നൽകും.
ആരോഗ്യ സർവകലാശാല എൻ എസ് എസ് ടീമിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം വിവിധ കാമ്പുകളിൽ ലഭ്യമാക്കും. ഇപ്പോൾ എൻ.എസ്.എസ് പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളുടെ തുടർച്ചയായി ദുരിത മേഖലയിൽ ഏറ്റെടുക്കുന്ന ശുചീകരണ ഡ്രൈവിൽ എൻ.എസ്.എസ് വളണ്ടിയർമാരും ഓഫീസർമാരും യൂനിറ്റുകളും പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.