ദുരന്ത മേഖലയിലെ ഹീറോ
text_fieldsകഴിഞ്ഞ മാസം 30ന് പുലർച്ച രണ്ടിന് പുൽപള്ളി സ്വദേശിയായ അനന്തു സുഭാഷിന്റെ നമ്പറിലേക്ക് ഒരു അജ്ഞാത ഫോൺ. അറ്റൻഡ് ചെയ്തപ്പോൾ മറുതലക്കൽ നിലവിളിച്ചുകൊണ്ട് സഹായിക്കണേ എന്ന അഭ്യർഥന. ചൂരൽമലയിൽനിന്നാണെന്നും ഇവിടെ ഉരുൾപൊട്ടി നിരവധി പേർ ഒലിച്ചുപോയെന്നും പലരും കുടങ്ങിക്കിടക്കുകയാണെന്നും ആ പയ്യൻ നിലവിളിക്കിടെ വിളിച്ചുപറഞ്ഞു. 30 പേരടങ്ങുന്ന പുൽപള്ളി ഓഫ് റോഡ് ക്ലബിലെ അംഗമാണ് അനന്തു സുഭാഷ്. മറ്റൊരു അംഗം വിഷ്ണുവിനും സഹായ അഭ്യർഥനയുമായി ഫോണെത്തി. ക്ലബ് സെക്രട്ടറി അനിൽ വിവരമറിഞ്ഞ ഉടനെ അദ്ദേഹം മറ്റുള്ളവരെയെല്ലാം വിളിച്ചു. നല്ല ഉറക്കത്തിലായിരുന്ന പലർക്കും എന്താണ് കാര്യമെന്നറിയാൻ നിമിഷങ്ങളെടുത്തു.
2018ലും 19ലും നടത്തിയ റസ്ക്യൂ പ്രവർത്തനങ്ങൾ സംഘത്തിന്റെ ഓർമയിലുണ്ടെങ്കിലും മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ വ്യാപ്തിയും ആഘാതവും അവിടെ എത്തുമ്പോഴാണ് അവർ അറിയുന്നത്. പരമാവധി ഓഫ് റോഡ് വാഹനങ്ങൾ സംഘടിപ്പിച്ചാണ് സംഘം അവിടെ എത്തിയത്. വില്ലേജ് റോഡിൽ കുടുങ്ങിക്കിടന്ന ഗർഭിണിയായ യുവതിയെ ഇക്കരെയെത്തിക്കലായിരുന്നു ആദ്യ ടാസ്ക്. വെള്ളത്തിന്റെ ഉയരത്തിലുള്ള കുത്തൊഴുക്ക് കാരണം സന്നദ്ധ പ്രവർത്തകർക്ക് അതിന് കഴിയുമായിരുന്നില്ല. അപകടത്തിന്റെ വ്യാപ്തി ആലോചിക്കാതെ ഓഫ് റോഡ് വണ്ടി നേരെ കലക്കവെള്ളത്തിലിറക്കി സാഹസികമായി യുവതിയെ രക്ഷിച്ചു. പിന്നീട് കുടുങ്ങിക്കിടന്ന നൂറോളം പേരെ ഇത്തരത്തിൽ ഓഫ് റോഡ് വണ്ടികൾ ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്തെത്തിക്കാൻ സംഘത്തിന് കഴിഞ്ഞു.
ഇതിന് ശേഷമായിരുന്നു അക്കരെനിന്ന് മൃതദേഹങ്ങൾ കടത്തിയത്. അതുവരെ ചുമന്നും മറ്റുമായിരുന്നു മൃതദേഹങ്ങൾ ഇപ്പുറത്തേക്ക് എത്തിച്ചത്. രണ്ടുദിവസം കൊണ്ട് 36 പേരുടെ മൃതദേഹങ്ങളാണ് ടീം വണ്ടിയിൽ ഇപ്പുറത്തെത്തിച്ചത്. മിലിറ്ററിയുമായി സഹകരിച്ചായിരുന്നു രണ്ടു ദിവസത്തിനുശേഷം തുടർപ്രവർത്തനങ്ങൾ. പരിചയസമ്പന്നരായ ഡ്രൈവർമാരും എന്തിനും തയാറായ സംഘാംഗങ്ങളും 10 ദിവസമാണ് ദുരന്ത മേഖലയിൽ സേവനം ചെയ്തത്. പലർക്കും പരിക്കുകൾ പറ്റിയിരുന്നെങ്കിലും ആരും കാര്യമാക്കിയില്ല. വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. സൈന്യം അടക്കമുള്ളവരുടെ അഭിനന്ദനവും ഏറ്റവാങ്ങിയാണ് ഓഫ് റോഡ് വാഹനങ്ങൾ ദുരന്തഭൂമിയിൽ നിന്ന് തിരിച്ചിറങ്ങിയത്.
മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത പാതകളിലൂടെ അതിസാഹസികമായി വാഹനം ഓടിച്ച് കുടുങ്ങിപ്പോയവരെ രക്ഷിച്ചുകൊണ്ടുവന്നതിന് മുന്നിൽനിന്നത് ഓഫ് റോഡ് വാഹനങ്ങളാണ്. വഴിപോലുമില്ലാത്ത പല സ്ഥലത്തേക്കും പോകാൻ സൈന്യം ഉപയോഗിച്ചതും ഈ ഓഫ്റോഡ് വാഹനങ്ങളായിരുന്നു. ഉരുൾപൊട്ടലിനുശേഷം മുണ്ടക്കൈയിൽ നിശ്ശബ്ദതയെ ഭേദിക്കുന്നത് ഓഫ് റോഡ് വാഹനങ്ങളുടെ ഇരമ്പലാണ്. മലകയറിയെത്തിയ ഈ വാഹനങ്ങളിലാണ് ദുരന്തത്തിനുശേഷം മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും ഉയിര് ബാക്കിയായവർ ജീവിതത്തിലേക്ക് കൈ പിടിച്ചത്. സന്നദ്ധ പ്രവർത്തകരെയും സർക്കാർ ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർത്തകരെയും മുകളിലെത്തിക്കാനും ഭക്ഷണവും രക്ഷാസാമഗ്രികളുമായി മലകയറുന്നതിലും അരുമ മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിക്കാനുമെല്ലാം ഈ വാഹനങ്ങളായിരുന്നു. നൂറുകണക്കിന് മനുഷ്യരുടെ ഉയിരെടുത്ത മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ആഘാതം ആഴ്ചകൾ പിന്നിടുമ്പോഴും കാതുകളിൽ ഇരമ്പലായി അവശേഷിക്കുന്നുണ്ട്. മഹാദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കുവേണ്ടിയുള്ള തിരച്ചിലുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.