സങ്കടവഴി താണ്ടി അവർ വോട്ടുവണ്ടിയിലേറി
text_fieldsചൂരൽമല (വയനാട്): ഉറ്റവർ പലരും മണ്ണിനടിയിലാണ്... പുനരധിവാസമടക്കം സർക്കാറിന്റെ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല... അപ്പോഴും ഉന്നത ജനാധിപത്യബോധത്തിന്റെ മഹാമാതൃകയാണ് മുണ്ടക്കൈ ഉരുൾദുരന്തബാധിതർ തീർത്തത്. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ ഇല്ലാതാക്കിയ ഉരുൾപൊട്ടലിന്റെ 106ാം ദിവസം നടന്ന വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ദുരന്തബാധിതർ വോട്ടുചെയ്യാൻ മടിച്ചില്ല. അടിയന്തര ധനസഹായമടക്കം അർഹമായ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതിന്റെ പ്രതിഷേധം ഉള്ളിലൊതുക്കിയാണ് അവർ ‘വോട്ടുവണ്ടി’കളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. അവരെ അധികൃതർ പൂക്കൾ നൽകി വരവേറ്റു.
സുൽത്താൻ ബത്തേരി, കൽപറ്റ, മീനങ്ങാടി, അമ്പലവയൽ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഒരുക്കിയ വാടകവീടുകളിൽ കഴിയുന്ന ദുരന്തബാധിതർക്കായി ‘വോട്ടുവണ്ടി’ എന്ന പേരിൽ അധികൃതർ നാല് കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പാടാക്കിയിരുന്നു. ദുരന്തം നേരിട്ട് ബാധിച്ച 10, 12 വാർഡുകളിലുള്ളവർക്കായി ചൂരൽമല ജുമാമസ്ജിദിലാണ് 167, 169 ബൂത്തുകൾ തയാറാക്കിയത്.
11ാം വാർഡായ മുണ്ടക്കൈയിലുള്ളവർക്കായി മേപ്പാടി സ്കൂളിൽ 168 നമ്പർ ബൂത്തുമുണ്ടായിരുന്നു. ഈ വാർഡിൽ മാത്രം 149പേരാണ് ദുരന്തത്തിൽ മരിച്ചത്. രാവിലെ മുതൽ വോട്ടുചെയ്യാൻ തിരക്കുണ്ടായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞ് തിരക്ക് ഏറെ കുറഞ്ഞു. നാലു ബസുകൾ വിവിധ സമയങ്ങളിലായി നിരവധി തവണ ഓടിയാണ് ദുരന്തബാധിതരെ ബൂത്തുകളിലേക്കും തിരിച്ചുമെത്തിച്ചത്. തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പുകൾ നടത്തിയാണ് അധികൃതർ അവ തയാറാക്കിക്കൊടുത്തത്. അതിനാൽ ആർക്കും വോട്ടുചെയ്യുന്നതിന് തടസ്സമുണ്ടായില്ല. ചൂരൽമല ബൂത്തിലെത്തിയ ചിലർ വോട്ടുചെയ്തതിനു ശേഷം ദുരന്തത്തിൽ തകർന്ന തങ്ങളുടെ വീടുകളും സ്ഥലങ്ങളും ഒരിക്കൽ കൂടി കണ്ടു.
പുനരധിവാസം വഴിമുട്ടിയതടക്കം വിവിധ കാര്യങ്ങളിൽ തങ്ങൾക്ക് പ്രതിഷേധമുണ്ടെങ്കിലും അതൊന്നും വോട്ടുചെയ്യുക എന്ന അവകാശത്തിൽ നിന്ന് തങ്ങളെ പിന്തിരിപ്പിച്ചില്ലെന്ന് ദുരന്തബാധിതരുടെ ജനകീയസമിതി കൺവീനർ ജെ.എം.ജെ മനോജ് ‘മാധ്യമ’ത്തോട് പറഞ്ഞു. ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 983 കുടുംബങ്ങളിലെ 2569 പേരാണ് നിലവിൽ വാടകവീടുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്.
ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 231 മൃതദേഹങ്ങളും 223 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. 47 പേരെ ഇനിയും കണ്ടെത്താനുണ്ട്. സർക്കാറിന്റെ ടൗൺഷിപ് പദ്ധതിക്ക് കണ്ടെത്തിയ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് ഹൈകോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഇതോടെ, സ്ഥിരം പുനരധിവാസ പദ്ധതി വഴിമുട്ടിയ അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.