വഴിയോര വിശ്രമകേന്ദ്രം പദ്ധതി: ഭൂമിയുടെ ഉടമസ്ഥാവകാശം എക്കാലവും സര്‍ക്കാരിന് തന്നെയെന്ന് ഓക്കി
text_fieldsതിരുവനന്തപുരം: നോര്‍ക്കയുടെ കീഴില്‍ രൂപീകരിച്ച കമ്പനി (ഓവര്‍സീസ് കേരള ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി- ഒ.കെ.ഐ.എച്ച.എൽ) വികസിപ്പിക്കുന്ന വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വിട്ടുകളഞ്ഞുകൊണ്ട് കൈമാറാന്‍ തീരുമാനമെടുത്തെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കമ്പനി. ഓക്കിക്കായി റവന്യൂ, ധന, നിയമ വകുപ്പുകളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ദേശീയ- സംസ്ഥാന പാതകളോട് ചേര്‍ന്ന അഞ്ചേക്കര്‍ ഭൂമി കൈമാറുന്നുവെന്നാണ് വാര്‍ത്ത.
ഓക്കി വികസിപ്പിക്കുന്ന വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി ഒരിഞ്ചു പോലും സര്‍ക്കാര്‍ ഭൂമി അന്യവല്‍ക്കരിക്കുന്നില്ല എന്നതാണ് വസ്തുത. ലോക കേരള സഭയുടെ നിർദേശപ്രകാരം രൂപീകരിക്കപ്പെട്ട നൂറുശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഓക്കി. ദേശീയ പാത കടന്നുപോകുന്ന കേരളത്തിലെ 30 മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര സൗകര്യ കേന്ദ്രങ്ങളുടെ ശൃംഖല (റസ്റ്റ് സ്റ്റോപ്പ്) സൃഷ്ടിക്കുകയാണ് ഓക്കിയുടെ പ്രധാന പദ്ധതികളിലൊന്ന്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയില്‍ ഓക്കിയുമായി സംയുക്ത സംരംഭമായി തുടങ്ങുന്ന പദ്ധതിയുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും ആത്യന്തികമായി സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. സ്വകാര്യ ഭൂമിയില്‍ ആരംഭിക്കുന്ന റെസ്റ്റ് സ്റ്റോപ്പുകള്‍ പ്രവര്‍ത്തനസജ്ജമാകുന്ന മുറയ്ക്ക് സെബിയില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റില്‍ നിക്ഷിപ്തമാക്കുകയും അത് പ്രവാസികള്‍ക്ക് 1000 രൂപയുടെയോ അതിന്റെ ഗുണിതങ്ങളായ തുകക്കോ നിക്ഷേപിക്കാനും അതിലൂടെ സ്ഥിര വരുമാനം ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.
കാസര്‍ഗോഡ് തലപ്പാടിയില്‍ ജി.എസ്ടി വകുപ്പിന്റെ അഞ്ചേക്കറിന് 7.5 കോടിയും ആലപ്പുഴ ചേര്‍ത്തലയില്‍ സില്‍ക്ക്, ഓട്ടോകാസ്റ്റ് എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമിക്ക് 45 കോടിയുമാണ് ന്യായവില കണക്കാക്കിയതെന്നത് വസ്തുതയല്ല. അതിനാല്‍ സര്‍ക്കാര്‍ ഭൂമിയിലോ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിലോ ആരംഭിക്കുന്ന റസ്റ്റ് സ്റ്റോപ്പുകളുടെ ഉടമസ്ഥാവകാശം യാതൊരു കാരണവശാലും ആര്‍ക്കും കൈമാറ്റം ചെയ്യപ്പെടില്ലെന്നും അവ ഫലത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടരുമെന്നും ഓക്കി അറിയിച്ചു. ചേർത്തലയിലെ റെസ്റ്റ് സ്റ്റോപ്പ് പദ്ധതിക്കുള്ള ഭൂമി സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനമായിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.