‘പുനരാലോചിക്കാം, പുനർനിർമിക്കാം, പുതുവിപ്ലവം സൃഷ്ടിക്കാം’; അമ്മയിലെ രാജിക്കു പിന്നാലെ ഡബ്ല്യു.സി.സി
text_fieldsകോഴിക്കോട്: താര സംഘടനയായ അമ്മയിലെ കൂട്ടരാജിക്കു പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യു.സി.സി. പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ആഹ്വാനമാണിത് എന്ന തലക്കെട്ടിൽ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് കുറിപ്പ് പങ്കുവെച്ചത്.
‘പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചുനിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം’ എന്നാണ് ഇംഗ്ലീഷിലും മലയാളത്തിലും പങ്കുവെച്ച കുറിപ്പ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉയർന്ന വിവാദങ്ങൾക്കു പിന്നാലെയാണ് അമ്മ സംഘടന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നടൻ മോഹൻലാലും 17 എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചത്. നേരത്തെ, ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവെച്ചിരുന്നു.
ഓൺലൈനായി ചേർന്ന യോഗത്തിലാണ് കൂട്ടരാജി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കുന്നു എന്ന് മോഹൻലാൽ വ്യക്തമാക്കി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതു മുതൽ ഡബ്ല്യു.സി.സിയുടെ പ്രതികരണങ്ങളെല്ലാം വലിയ ചർച്ചയായിരുന്നു.
ചലച്ചിത്രനടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് 'വിമൻ ഇൻ സിനിമാ കലക്ടീവി'ന്റെ (ഡബ്ല്യു.സി.സി) ആവശ്യം പരിഗണിച്ചാണ് സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.