ദുരന്തങ്ങൾ ലഘൂകരിക്കാൻ നമുക്കും ഉത്തരവാദിത്തമുണ്ട്
text_fieldsവയനാട്ടിലെ ഉരുൾപൊട്ടലിന്റെ കാരണങ്ങൾ വിശദമായി പഠിച്ചാലേ പറയാനാവൂ. എന്നാൽ, ആവർത്തിക്കപ്പെടുന്ന പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാൻ നമുക്കും ഉത്തരവാദിത്തമുണ്ട്. ‘വികസനം’ എന്നതിന്റെ ആശയവും സങ്കൽപവും മാറണം. പാറപൊട്ടിച്ചും മലയിടിച്ചുമുള്ള വൻകിട വികസന പദ്ധതികൾ നാടിന്റെ ഭാവിക്ക് ഗുണകരമാണോ എന്നു ചിന്തിക്കണം. മെഗാ പ്രോജ്ടുകൾ സർക്കാറുകൾ നടപ്പാക്കുന്നത് പരിസ്ഥിയെക്കുറിച്ച് ചിന്തിക്കാതെയാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുകൂടി വികസന പദ്ധതികൾ തയാറാക്കുന്നതിൽ സാമാന്യ അവബോധമുള്ളവർ വേണം. അവരാകണം ഇത്തരം നയരൂപവത്കരണ രംഗത്ത് ഉണ്ടാകേണ്ടത്. സ്വിറ്റ്സർലൻഡോ, ബാർസലോണയോ പോലുള്ള വികസനം നമ്മുടെ നാടിന് അനുയോജ്യമാകണമെന്നില്ല. നിർമാണം നടക്കുന്ന ഇവിത്തെ ദേശീയപാതകൾ പോലും വലിയ അപകടങ്ങൾക്ക് സാക്ഷിയാകേണ്ടിവരുമെന്ന മുന്നറിയിപ്പുകളാണ് വരുന്നത്.
വികസനം അതത് ഭൂപ്രദേശത്തിന് അനുസൃതമായിരിക്കണം. നമുക്കൊരു ഭൂവിനിയോഗ നയമില്ല. ഏതു സ്ഥലത്ത് കെട്ടിടം പണിയണം, ഏതു സ്ഥലം തുറസ്സായി ഇടണം എന്നതെല്ലാം ആസൂത്രണം ചെയ്യേണ്ടതുണ്ട്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒരുപോലെ കാലാവസ്ഥാ ദുരന്തങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ, അതിന്റെ ആഘാതം അധികം ബാധിക്കുന്നത് വികസ്വര രാജ്യങ്ങളെയാണ്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. ഒപ്പം ഭൂവിസ്തൃതി കുറവും. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ കൂടുതൽ ബാധിക്കാന്‍ പോകുന്ന പ്രദേശങ്ങളിലൊന്നും കേരളമാണ്.
പരിസ്ഥിതിലോല പ്രദേശം ഏറെയുള്ള സംസ്ഥാനം കൂടിയാണിത്. സാധാരണ നിലയിലുള്ള മഴയോ, കാറ്റോ പോലും മുമ്പ് സൃഷ്ടിച്ചതിനെക്കാള്‍ വലിയ ആഘാതം ഇപ്പോള്‍ ഏല്‍പ്പിക്കാനിടയുണ്ട്.
(സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുൻ അംഗംമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.