Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഇ​​ള​​മു​​റ​​ക്കാ​​ർ​​ക്ക് ഞ​​ങ്ങ​​ൾ ന​​ല്ല മാ​​തൃ​​ക​​യ​​ല്ല

text_fields
bookmark_border
ഇ​​ള​​മു​​റ​​ക്കാ​​ർ​​ക്ക് ഞ​​ങ്ങ​​ൾ ന​​ല്ല മാ​​തൃ​​ക​​യ​​ല്ല
cancel

‘ഇത്രയും പഠിച്ചിട്ട് ഞങ്ങൾക്ക് എവിടെയും ഒരു വോയ്സ് ഇല്ല. ഉയർന്ന പഠിപ്പുള്ള ഞങ്ങളെക്കണ്ടാണ് കോളനിയിലെ ഇളമുറക്കാർ വളരുന്നത്. സ്വതവേ പഠിക്കാൻ വിമുഖരാണ് ഉൗരുകളിലെ ഭൂരിഭാഗം കുട്ടികളും. ഹൈസ്കൂൾ ക്ലാസുകളിൽ നിന്നുതന്നെ പഠനം നിർത്തി പണിക്കുപോകുന്നവരോട് തുടർന്ന് പഠിക്കാൻ ഞങ്ങൾ ഏറെ ഉപദേശിക്കാറുണ്ട്. എന്നാൽ, നിങ്ങൾ പഠിച്ചിട്ട് ഇതുവരെ ഒന്നുമായിട്ടില്ലല്ലോ എന്നവർ തിരിച്ചുചോദിക്കുമ്പോൾ ഞങ്ങൾക്ക് മറുപടിയില്ല. റിസർവേഷൻ ഉള്ളതിനാൽ ജോലി എളുപ്പം കിട്ടുമെന്നായിരുന്നു ഞങ്ങളുടെയും ധാരണ. എന്നാൽ, സ്ഥിര ജോലിയെന്നത് സ്വപ്നം മാത്രമായി തുടരുന്നത് ഞങ്ങളെ ഏറെ നിരാശരാക്കുന്നു. അപ്പോൾ കോളനിയിലെ പുതുതലമുറയെ എന്തുപറഞ്ഞ് പ്രചോദിപ്പിക്കും. ഇത്രയും പഠിച്ചതുകൊണ്ട് കൂലിപ്പണിക്കും പോകാൻ പറ്റാത്ത അവസ്ഥയിലാണ് ഞങ്ങൾ. പഠിക്കാതിരുന്നാൽ മതിയെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും’ -എം.എസ്.ഡബ്ല്യു ബിരുദധാരിയായ വൈത്തിരിയിലെ പണിയ സമുദായാംഗം അനുരഞ്ജിത് പറയുന്നു.

ഉന്നതയോഗ്യതയുണ്ടായിട്ടും തൊഴിൽ നേടാൻ കഴിയാത്ത ആദിവാസി വിഭാഗക്കാരെല്ലാം ഈ മാനസികാവസ്ഥ പങ്കുവെക്കുന്നവരാണ്. നന്നായി പഠിച്ചാൽ എളുപ്പം ജോലി കിട്ടുമെന്ന പ്രതീക്ഷയോടെ, വീട്ടിലെ കഷ്ടപ്പാടുകൾ ഗൗനിക്കാതെ പഠനവഴിയിൽ മുന്നേറിയതിനൊടുവിൽ ഒന്നുമാകാതെ പോകുന്ന ദുരവസ്ഥ മാനസികമായി ഇവരെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. ‘വിദ്യാഭ്യാസം കിട്ടിയാലേ ഞങ്ങളുടെ സമുദായങ്ങൾക്ക് മാറ്റമുണ്ടാകൂ. സാമ്പത്തികസഹായം കൊണ്ട് കാര്യമൊന്നുമില്ല. സാമൂഹികമായ പുനരുദ്ധാരണമാണ് ആവശ്യം.’- പൊതു സമൂഹത്തി​െൻറ അതേ ചിന്താധാരകളാണ് തങ്ങൾക്കുമെന്നതിനാലാണ് എം.എസ്.ഡബ്ല്യുവും ആന്ത്രപ്പോളജിയുമടക്കമുള്ള വിഷയങ്ങൾതന്നെ ഉപരിപഠനത്തിനായി തെരഞ്ഞെടുത്തതെന്ന് ഇവർ പറയുന്നു. എന്നിട്ടും സ്വന്തം ജീവിതത്തിൽ  മാറ്റങ്ങളൊന്നുമുണ്ടാകാത്ത അവസ്ഥ ചൂണ്ടിക്കാട്ടി ഇവർ ഹതാശരാകുന്നു.

പഠനം കഠിനതരം
അതികഠിനമായ വെല്ലുവിളികളെയും സമ്മർദങ്ങളെയുമൊക്കെ അതിജീവിച്ചാണ് താഴേതട്ടിലുള്ള ആദിവാസി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ നേടിയെടുക്കുന്നത്. ഏറെ വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുമ്പോഴും കേരളത്തിലെ കലാലയങ്ങളിൽ പിന്നാക്ക ജാതിക്കാരനോടുള്ള മറ്റുള്ളവരുടെ സമീപനം മോശമായി തുടരുകയാണ്.

‘രോഹിത് വെമുലയെപ്പോലുള്ളവർ അനുഭവിച്ച മാനസിക പീഡനങ്ങളെക്കുറിച്ച് നമ്മൾ മലയാളികൾ അടക്കമുള്ളവർ ഏറെ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ, ഡിഗ്രി പഠനകാലത്ത് രോഹിത് അനുഭവിച്ചതിനപ്പുറത്തുള്ള രീതിയിൽ മാനസിക വിഷമങ്ങളും ഒറ്റപ്പെടുത്തലുകളും പരിഹാസങ്ങളുമൊക്കെ ഞങ്ങൾ നേരിട്ടിട്ടുണ്ട്. അട്ടപ്പാടിയിൽനിന്നാണ് വരുന്നതെന്നു പറയുമ്പോൾ അവിടെ തിന്നാനും കുടിക്കാനുമൊക്കെ കിട്ടുമോ? നിങ്ങൾ തേക്കിലയാണോ ധരിക്കുന്നത്? തുടങ്ങിയ കളിയാക്കലുകൾ സ്ഥിരമായിരുന്നു. സാമൂഹികമായ അപകർഷബോധം അത്രമേൽ ആഴത്തിൽ മനസ്സിലുണ്ടായിരുന്നു. പഠനം ഉപേക്ഷിച്ചുപോവുന്നതിനെക്കുറിച്ച് ആലോചിക്കാത്ത ദിവസങ്ങൾ വിരളം. ഡിഗ്രിക്ക് പഠിക്കുന്ന അവസരത്തിൽ രണ്ടുതവണ പഠനം നിർത്താൻ തീരുമാനിച്ച് കോളജിൽ പോകാതിരുന്നിട്ടുണ്ട്. പിന്നീട് വീട്ടുകാരുടെ പിന്തുണയും സമ്മർദവുമാണ് പഠനം തുടരാൻ കാരണമായത്.

അട്ടപ്പാടിയിലെ ആദിവാസി എന്ന ലേബൽ പഠനകാലത്ത് പകർന്നുനൽകിയ മാനസിക പീഡനം ഏറെയായിരുന്നതിനാൽ നിവൃത്തിയുണ്ടെങ്കിൽ ജാതി വെളിപ്പെടുത്താതെ ജീവിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. പി.ജി പഠനത്തിനിടയിൽ ഒരിക്കൽപോലും ജാതി വെളിപ്പെടുത്തിയില്ല.’-അട്ടപ്പാടി സ്വദേശിയും ബിരുദാനന്തര ബിരുദമടക്കം ഒട്ടേറെ യോഗ്യതകളുള്ള ഇരുള വിഭാഗക്കാരനുമായ ഈശ്വരൻ പറയുന്നു. താൽക്കാലിക ജോലികൾ ചെയ്യുന്നതിനിടയിൽ ഇപ്പോഴും ആദിവാസിയെന്ന ലേബൽ ചാർത്തി അപഹസിക്കുന്ന രീതി ഉന്നത ഉദ്യോഗസ്ഥരിൽനിന്നുപോലും ഉണ്ടാകുന്നുണ്ടെന്ന് ആദിവാസി യുവാക്കൾ പറയുന്നു.

പരിഹാസവും ഒറ്റപ്പെടുത്തലുകളുമൊക്കെ അതിജീവിച്ച് പഠനവഴിയിൽ തുടരുമ്പോഴും സാമ്പത്തിക പ്രയാസങ്ങൾ മറികടക്കുക ഏറെ ക്ലേശകരമായിരുന്നുവെന്ന് ചുണ്ടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ പ്രജോദ് പറയുന്നു. പയ്യന്നൂരിൽ എം.എസ്.ഡബ്ല്യു പഠനത്തിനായി ആശ്രയിച്ചത് ബാങ്ക് വായ്പയെ ആയിരുന്നു. അതിപ്പോൾ പെരുകി പലിശയടക്കം ഒരു ലക്ഷം രൂപയിലെത്തി നിൽക്കുന്നു. ബാങ്കിൽനിന്ന് സ്ഥിരമായി നോട്ടീസ് വരുന്നുണ്ട്. പക്ഷേ, കൈയിലൊന്നുമില്ലാതെ അങ്ങോട്ടു പോയിട്ടെന്ത്?

കല്ലൂർ രാജീവ് ഗാന്ധി റസിഡൻഷ്യൽ സ്കൂളിൽ കാട്ടുനായ്ക്ക വിഭാഗക്കാരാണ് വിദ്യാഭ്യാസം നേടുന്നത്. എസ്.എസ്.എൽ.സിക്ക് വർഷാവർഷം വിജയം നൂറു ശതമാനം. പ്ലസ് ടുവിനും അഭിമാനിക്കത്തക്കതാണ് ഇവിടെ പഠനനിലവാരം. പക്ഷേ, ഇതിനുശേഷം ഈ കുട്ടികൾ എങ്ങോട്ടുപോകുന്നു എന്ന് നിരീക്ഷിക്കാൻ സംവിധാനമൊന്നുമില്ല. ഇവിടെ പഠിച്ച് സർക്കാർ സർവിസിലെത്തുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ശേഷം ബഹുഭൂരിപക്ഷവും കോളനികളിലേക്ക് മടങ്ങുകയും പിന്നീട് കൂലിപ്പണിക്കാരാവുകയും ചെയ്യുന്നു.

സമൂഹവുമായി ഇടപഴകാനുള്ള അവസരം പിന്നീടവർക്കില്ല. ‘കന്നഡ കലർന്ന ഭാഷയാണ് അവരുടേത്. സ്കൂളിൽ തങ്ങളുടെ സമുദായക്കാർ മാത്രമാകുമ്പോൾ അവർക്ക് അന്യതാ ബോധമൊന്നുമില്ല. എന്നാൽ, കോളജുകളിലേക്ക് പോകുമ്പോൾ ഭാഷ അവർക്ക് വലിയ പ്രശ്നമാണ്. കളിയാക്കലുകൾക്ക് വിധേയരാക്കപ്പെടുന്ന സാഹചര്യമാണുള്ളത്. അപകർഷബോധം കാരണം പഠനം തുടരാനുള്ള താൽപര്യം മിക്കവർക്കും ഇല്ലാതെ പോകുന്നു. നല്ല മാർക്ക് വാങ്ങിയവർ പോലും പിന്നീട് പഠിത്തത്തിൽ താൽപര്യം കാട്ടുന്നില്ല. തനതു ജീവിതം നയിച്ച അവർ പ്രതിസന്ധികളിൽ വാടിത്തളർന്നു പോകുന്നവരാണ്.’- സ്കൂളിലെ ഒരു അധ്യാപകൻ പറയുന്നു.

ഈ പ്രതിസന്ധിയൊക്കെ അതിജീവിച്ചാണ് കല്ലൂർ രാജീവ് ഗാന്ധി റസിഡൻഷ്യൽ സ്കൂളിൽ പഠിച്ച ദിവ്യയും സുചിതയും അനിതയുമൊക്കെ ബിരുദാനന്തര ബിരുദമടക്കമുള്ള യോഗ്യതകൾ നേടിയത്. എന്നാൽ, കാട്ടുനായ്ക്ക വിഭാഗക്കാരായ ഇവർ ഒരുപാടുകാലമായി സ്ഥിരജോലി ആഗ്രഹിച്ചുകഴിയുന്നു. ദിവസക്കൂലിക്ക് അധ്യാപകരായി ജീവിതം മുന്നോട്ടുനയിക്കുകയാണിവർ. തിരുനെല്ലി റെസിഡൻഷ്യൽ സ്കൂളിൽ ഗെസ്റ്റ് അധ്യാപികയായ ദിവ്യക്ക് പി.ജിയും ബി.എഡും സെറ്റ് യോഗ്യതയുമുണ്ട്. എന്നാൽ, വർഷങ്ങളായി താൽക്കാലിക ജോലിയാണുള്ളത്. പി.എസ്.സി പരീക്ഷകൾ ഇവരൊക്കെ മുറപോലെ എഴുതുന്നുണ്ടെങ്കിലും സർക്കാർ ജോലി സ്വപ്നം മാത്രമായി തുടരുന്നു.

(തുടരും)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalseducated tribals
News Summary - we are not a good model for new generations
Next Story