ചൂടിനെ നേരിടാം, കരുതലോടെ
text_fieldsകൽപറ്റ: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ സക്കീന. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പൊതുജനങ്ങള്‍ യഥാസമയം ചികിത്സ തേടണം. ചൂടു മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്.
അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലായി ശരീരത്തിെൻറ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. കൃത്യമായ അവബോധവും പരിചരണവും ചികിത്സയുംകൊണ്ട് ഗുരുതരമാകാതെ സംരക്ഷിക്കാം. ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡി.എം.ഒ അഭ്യർഥിച്ചു.
ക്ഷീണംതോന്നുകയോ സൂര്യാതപം ഏറ്റതായി സംശയിക്കുകയോ ചെയ്താല്‍
• തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.
• ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
• വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
• ഫാന്‍, എ.സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കാം.
• ഫലങ്ങളും സാലഡുകളും കഴിക്കുക.
• ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
• ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.
ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
• ദാഹം ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. വിയര്‍ക്കുന്നതനുസരിച്ച് വെള്ളം കുടിക്കണം.
• ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് നല്ലത്.
• യാത്രാവേളയില്‍ ഒരു കുപ്പി ശുദ്ധജലമെങ്കിലും കരുതുക.
• കടകളില്‍നിന്നും പാതയോരങ്ങളില്‍നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കില്‍ അത് മറ്റുപല രോഗങ്ങളുമുണ്ടാക്കും.
• നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
• കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ള തോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
• 12 മണി മുതല്‍ മൂന്നു മണിവരെയുള്ള സമയം വിശ്രമ
വേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
• പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരു
തര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍
എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
• കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
• വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.
• ചൂട് പുറത്തു പോകത്തക്ക രീതിയില്‍ വീടിെൻറ വാതിലുകളും ജനലുകളും തുറന്നിടുക.
ജലാശയങ്ങളിൽ നീരൊഴുക്ക് നിലക്കുന്നു
പുൽപള്ളി: മേഖലയിലെ ജലാശയങ്ങളിൽ നീരൊഴുക്ക് നിലക്കുന്നു. സംസ്ഥാന അതിർത്തി പങ്കിടുന്ന പ്രദേശത്തുകൂടി ഒഴുകുന്ന കന്നാരം പുഴ വറ്റിവരണ്ട നിലയിലാണ്. വന്യജീവികൾക്കടക്കം വെള്ളം കിട്ടാത്ത സാഹചര്യത്തിൽ വനാതിർത്തി ഗ്രാമങ്ങളിൽ വന്യജീവിശല്യവും വർധിച്ചു. കേരള-കർണാടക സംസ്ഥാന അതിർത്തിയിലൂടെ ഒഴുകുന്ന കന്നാരംപുഴയിൽ നീരൊഴുക്ക് പലയിടത്തും നിലച്ചിരിക്കുകയാണ്. ഈ ജലാശയത്തിലെ വെള്ളമായിരുന്നു അതിർത്തി വനങ്ങളിലെ മൃഗങ്ങൾക്ക് ആശ്രയം. കഴിഞ്ഞ ദിവസം വെള്ളം ലഭിക്കാതെ ആനക്കുട്ടി ചെരിഞ്ഞ സംഭവമുണ്ടായി. വേനൽ കനത്തതോടെ മേഖലയിൽ മുഴുവൻ ജലക്ഷാമം രൂക്ഷമാണ്. തീറ്റയും വെള്ളവും തേടി ആനകൾ അടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതും പതിവായി.
പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ താപനില അനുദിനം ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ താപനില 38 വരെയായിരുന്നു. കിണറുകളിലും ജലനിരപ്പ് കുറഞ്ഞു. ഏറെ ആഴത്തിൽ കുഴിച്ച കുഴൽകിണറുകളിൽ മാത്രമാണ് വെള്ളമുള്ളത്. കബനി നദിയിലും പാറക്കെട്ടുകൾ തെളിഞ്ഞു തുടങ്ങി. വയനാട്ടിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന പ്രദേശമാണ് പുൽപള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.