‘അഴിമതി കണ്ടെത്താന്‍ ജലീലിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവശ്യമില്ല’; രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: സി.പി.എം സെക്രട്ടേറിയറ്റിനു ശേഷം മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദ്യങ്ങളോട് പരുഷമായാണ് ഇന്ന് പ്രതികരിച്ചത്. മാധ്യമങ്ങളും പ്രതിപക്ഷവും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാൻ പി.വി. അൻവറിനെ ഉപയോഗിക്കുകയാണെന്നും എം.വി. ഗോവിന്ദൻ തുറന്നടിച്ചു. വാർത്ത സമ്മേളനത്തിനിടെ കെ.ടി. ജലീലിനെയും പാർട്ടി സെക്രട്ടറി രൂക്ഷമായി വിമർശിച്ചു.
അഴിമതി കണ്ടെത്താന്‍ കെ.ടി. ജലീലിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവശ്യമില്ലായിരുന്നു എം.വി. ഗോവിന്ദന്‍റെ പരാമർശം. നേരത്തെ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി പോർട്ടൽ തുടങ്ങുമെന്നും ജലീൽ ഫേസ്ബുക് കുറിപ്പുമായി രംഗത്തുവന്നിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് സി.പി.എം സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ വാട്സാപ്പ് നമ്പർ പുറത്തുവിട്ടുകൊണ്ടായിരുന്നു ജലീലിന്‍റെ ഫേസ്ബുക് പോസ്റ്റ്.
കൈക്കൂലിക്കാരുടെ തസ്തികയും ഓഫിസും ഉൾപ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേൽവിലാസവും ഫോൺ നമ്പറുമടക്കം എഴുതി അയച്ചാൽ വിജിലൻസ് തരുന്ന നോട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകാനുള്ള എല്ലാ മാർഗനിർദേശങ്ങളും കൈമാറും. പരാതിക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്റെ കത്തോടുകൂടി കൈമാറുമെന്നും ജലീൽ ഫേസ്ബുക്കിൽ വ്യക്തമാക്കി. 9895073107 എന്ന നമ്പരാണ് വിവരങ്ങൾ കൈമാറാനായി നൽകിയത്.
പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച പി.വി അന്‍വർ എം.എൽഎയുടെ നിലപാടിനെയും എം.വി ഗോവിന്ദൻ വിമർശിച്ചു. ജനപ്രതിനിധിയും പാര്‍ലമെന്‍ററി പാര്‍ട്ടി അംഗവുമായ പി.വി. അന്‍വര്‍ ഇങ്ങനെയായിരുന്നില്ല പ്രശ്‌നം ഉന്നയിക്കേണ്ടിയിരുന്നതെന്നും അതിനെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. അൻവർ പറയുന്നതിന്‍റെ പേരിൽ കോൺഗ്രസിന് സമരം നടത്തേണ്ടിവരുന്നത് പ്രതിപക്ഷത്തിന്‍റെ പരാജയമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.