വർഗീയ വെട്ടിൽനിന്ന് രക്ഷപ്പെട്ടത് വടകരയിലെ ജനങ്ങൾ തീർത്ത പരിചകൊണ്ട് -ഷാഫി പറമ്പിൽ
text_fieldsകോഴിക്കോട്: വടകരയിൽ സി.പി.എമ്മിന്‍റെ വർഗീയ വെട്ടിൽനിന്ന് രക്ഷപ്പെട്ടത് ജനങ്ങൾ തീർത്ത പരിചകൊണ്ടാണെന്ന് എം.പി ഷാഫി പറമ്പിൽ. സ്ക്രീൻഷോട്ട് വ്യാജമാണെന്ന് പൊലീസ് റിപ്പോർട്ട് കൊടുത്തതിൽ ആശ്വാസമുണ്ട്. ആരും തന്നോട് മാപ്പ് പറയേണ്ട. ജനം നൽകിയ മറുപടിതന്നെ ധാരാളം. മതം ഉപയോഗിച്ച് നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും ഷാഫി പറഞ്ഞു.
“ഈ നാടിന്‍റെ രാഷ്ട്രീയ ബോധത്തെ വർഗീയ ചേരിതിരിവ് ഉണ്ടാക്കി പരാജയപ്പെടുത്താൻ ശ്രമിച്ച ആളുകൾക്കെതിരെ പ്രതികരിക്കാൻ സി.പി.എം പ്രവർത്തകരും തയാറാവണം. ഏതെങ്കിലും മുഖമറിയാത്ത ആളുകൾ മാത്രമല്ല ഇത് പ്രചരിപ്പിച്ചത്. ഉത്തരവാദപ്പെട്ട, മുൻ എം.എൽ.എ ഉൾപ്പെടെയുള്ള ആളുകൾ ഇത് പോസ്റ്റ് ചെയ്യുകയാണ്. വോട്ടിങ് നടക്കുന്ന മണിക്കൂറുകളിൽ സ്ഥാനാർഥി പറയുകയാണ് ‘തന്നെ കാഫിർ എന്ന് വിശേഷിപ്പിച്ചിട്ട് എത്ര നിഷ്കളങ്കമായാണ് ബാക്കിയുള്ളവർ മതേതരത്വം പറയുന്നതെ’ന്ന്.
പ്രചരിച്ചത് വ്യാജമായ സ്ക്രീൻഷോട്ടാണെന്ന് വ്യക്തമായ സ്ഥിതിക്ക് എന്നോട് മാപ്പ് പറയേണ്ട ആവശ്യമില്ല. എനിക്ക് ജനങ്ങൾ തന്ന പരിചയുണ്ട്. ഈ വർഗീയ വെട്ടിൽനിന്ന് വടകരയിലെ ജനങ്ങൾ തീർത്ത പരിചകൊണ്ടാണ് ഞങ്ങൾ രക്ഷപ്പെട്ടത്. ജനങ്ങൾ കൊടുത്ത മറുപടിതന്നെ ധാരാളം. വർഗീയ ചിന്ത ഉള്ളിൽ കൊണ്ടുനടക്കുന്നവരുടെയും മതം ഉപയോഗിച്ച് നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട.
എന്നാൽ ഇത്തരമൊരു ഹീന പ്രവൃത്തിയിൽ ഏർപ്പെട്ടവർ, ഇത് സത്യമാണെന്നു കരുതിയ സി.പി.എമ്മിന്‍റെ പ്രവർത്തകരോടെങ്കിലും മാപ്പ് പറയണം. സ്ക്രീൻഷോട്ട് വ്യാജമാണെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിൽ വലിയ സമാധാനമുണ്ട്. എന്നാൽ അന്വേഷണത്തിൽ പൊലീസും സി.പി.എമ്മും ഇപ്പോഴും ഒത്തുകളിക്കുകയാണ്” -ഷാഫി പറഞ്ഞു.
അതിനിടെ സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ച കുറ്റ്യാടി മുൻ എം.എൽ.എ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. വിവാദ സ്ക്രീൻഷോട്ട് ലതിക ഇതുവരെ പിൻവലിക്കാത്ത സാഹചര്യം കൂടി ചൂണ്ടിക്കാണിച്ചാണ് ഈ ആവശ്യം. പൊലീസ് റിപ്പോർട്ടിനെ കുറിച്ച് സി.പി.എം ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് ലതികയും പങ്കുവെച്ചു. സന്ദേശത്തിന്റെ പേരില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ പരാതിയില്‍ വടകര പൊലീസ് കേസെടുത്തിരുന്നു. സന്ദേശം മുഹമ്മദ് കാസിമിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കാണിച്ച് യൂത്ത് ലീഗ് നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.