വയനാട്ടിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം -പ്രിയങ്ക ഗാന്ധി
text_fieldsകൽപറ്റ: വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം കലക്ടറേറ്റിൽ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. സമഗ്ര റിപ്പോര്‍ട്ട് ജില്ല ഭരണകൂടം നല്‍കിയാല്‍ സി.എസ്.ആര്‍ ഫണ്ട് ഉള്‍പ്പെടെ ലഭ്യമാക്കി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. ഫണ്ടിന്റെ അപര്യാപ്തത വലിയ പ്രശ്‌നമായി നിലകൊള്ളുകയാണ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ ഇത് പെടുത്തും. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും.
പ്രിയദര്‍ശിനി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും വന പ്രദേശങ്ങളിലും തദ്ദേശീയരായ കൂടുതല്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരെ നിയോഗിക്കണം. ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം. കുറഞ്ഞ വേതനത്തിന് കൂടുതല്‍ സമയം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മകന് സ്ഥിരം ജോലി നല്‍കണം.
ഇതിന് മുമ്പ് വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ സ്ഥിരം ജോലി നല്‍കാത്തവര്‍ക്കും സ്ഥിരം ജോലി നല്‍കണം. വന്യ ജീവി ആക്രമണം തടയുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ വിശ്വാസത്തിലെടുത്ത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട് പോവും. മനുഷ്യ ജീവന്‍ വിലപ്പെട്ടതാണ്. ഫണ്ടില്ലാത്തതുകൊണ്ട് ഇത് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്.
മുന്‍ഗണന നിശ്ചയിച്ച് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കണം. ഇതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍, ടി. സിദ്ധീഖ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ല കലക്ടർ ഡി.ആര്‍. മേഘശ്രീ, എ.ഡി.എം കെ. ദേവകി, ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, ഡി.എഫ്.ഒമാരായ മാര്‍ട്ടിന്‍ ലോവല്‍, അജിത് കെ. രാമന്‍, ഹരിലാല്‍, അസി. കണ്‍സര്‍വേറ്റര്‍ വൈല്‍ഡ് ലൈഫ് സജ്ന കരീം, എ.ഡി.സി.എഫ്, സൂരജ് ബെന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.