കക്ഷിരാഷ്ട്രീയത്തിന് അതീതമായ സാംസ്കാരിക പ്രതിരോധം ഉണ്ടാവണം –എ.കെ. ബാലൻ
text_fieldsതിരുവനന്തപുരം: വർത്തമാനകാലത്ത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി സാംസ്കാരിക പ്ര തിരോധം ഉണ്ടാവണമെന്ന് മന്ത്രി എ.കെ. ബാലൻ. രാജ്യം നേരിടുന്ന പ്രതിസന്ധികളെ രാഷ്ട്രീയ പാർട്ടികളെക്കൊണ്ട് നേരിടാനാവില്ല. സാംസ്കാരിക പ്രതിരോധം ഉണ്ടായില്ലെങ്കിൽ രാജ്യത്തിെൻറ ഭാവി അപകടത്തിലാവുമെന്നും കമലാ സുറയ്യ പുരസ്കാരം വിതരണം ചെയ്ത് അദ്ദേഹം പറഞ്ഞു. യോഗങ്ങളിൽ പ്രാർഥനയെക്കാൾ നല്ലത് ഭരണഘടനാ പ്രതിജ്ഞയാണ്. മുൻ ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം ഇക്കാര്യത്തിൽ വലിയ താൽപര്യം കാണിച്ചു. അദ്ദേഹത്തിെൻറ താൽപര്യപ്രകാരം ഭരണഘടനയുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങൾ അച്ചടിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിതരണം ചെയ്തിരുന്നു. അത് എത്രയോ കാലംമുമ്പ് ഏറ്റെടുക്കേണ്ട ദൗത്യമായിരുന്നെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.
വിശ്വസാഹിത്യത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ പ്രതിഭയാണ് മാധവിക്കുട്ടി. കാൽപനികമായി കലഹിച്ച എഴുത്തുകാരിയാണവർ. നൊബേൽ സമ്മാനത്തിന് അവരുടെ പേര് പരിഗണിച്ചിരുന്നുവെന്നത് എഴുത്തിെൻറ മഹിമയാണ് സൂചിപ്പിക്കുന്നത്. ഉന്നതമായ ജനാധിപത്യ, മതനിരപേക്ഷമൂല്യങ്ങൾ അവർ ഉയർത്തിപ്പിടിച്ചു. മതംമാറ്റം പോലും മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായിരുന്നു. അതും പ്രതീകാത്മകമായ വെല്ലുവിളിയായിരുന്നെന്നും മന്ത്രി പറഞ്ഞു.
മാധ്യമരംഗത്തെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം മാധ്യമം -മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാനും സാഹിത്യ പുരസ്കാരം ഒ.വി. ഉഷയും ഏറ്റുവാങ്ങി. പ്രതിഭാ പുരസ്കാരം ആലംകോട് ലീലാകൃഷ്ണനും വള്ളിക്കാവ് മോഹൻദാസും ഏറ്റുവാങ്ങി. ദോഹ ഫ്രണ്ട്സ് കൾച്ചറൽ സെൻറർ പ്രസിഡൻറ് ഹബീബ് റഹ്മാൻ അധ്യക്ഷതവഹിച്ചു. എം. ചന്ദ്രബാബു, ഫൈസൽ കൊച്ചി, എൻ. അൻസാരി, എം. മെഹബൂബ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.