അടിച്ചമർത്തിയല്ല, സംവാദത്തിലൂടെ ജനാഭിലാഷമറിയണം -കാന്തപുരം
text_fieldsരാജ്കോട്ട്: അടിച്ചമർത്തിയല്ല, സംവദിച്ചാണ് ഭരണകൂടങ്ങൾ ജനാഭിലാഷങ്ങൾ തൊട്ടറിയേണ്ടതെന്നും അടിച്ചേൽപിച്ചും അടിമകളാക്കിയും വരുതിയിൽ നിർത്തുന്ന കാലമല്ല ഇതെന്നും ഓൾ ഇന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ ഭരണഘടനകൊണ്ട് ചെറുക്കണമെന്നും അതാണ് ശരിയായ പൗരബോധമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗുജറാത്തിലെ രാജ്കോട്ടിൽ എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ആരാധനാലയം കൈയേറി തകർക്കുന്നത് നിയമവാഴ്ച നിലനിൽക്കുന്ന രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇന്ത്യയിൽ 1992ൽ അത് സംഭവിച്ചു. ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിം സമുദായം കൈക്കൊണ്ട പക്വമായ നിലപാട് ദൗർബല്യമായി കരുതി കൂടുതൽ പള്ളികൾക്കു മേൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമം അനുവദിച്ചുകൊടുക്കരുതെന്ന് അദ്ദേഹം ഭരണകൂടത്തെ ഓർമിപ്പിച്ചു. വിവേകപൂർവം ഭരണഘടനക്ക് അകത്തുനിന്നു കൊണ്ട് പ്രവർത്തിക്കാനും പ്രതികരിക്കാനും ജനങ്ങളെ പാകപ്പെടുത്തുകയാണ് മതനേതൃത്വങ്ങൾ ചെയ്യേണ്ടതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു.
എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിച്ചു. പത്മശ്രീ ജേതാവ് പ്രഫ. അഖ്തറുൽ വസീ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എഫ് ദേശീയ ജന. സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി ഒഡിഷ, എസ്.വൈ.എസ് കേരള ജന. സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.