‘എസ്.എഫ്.ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ സമ്മതിക്കില്ല’ -എ.കെ. ബാലൻ
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐയുടെ അക്രമപ്രവർത്തനങ്ങളെ വിമർശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി സി.പി.എം നേതാവ് എ.കെ ബാലൻ. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി, ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശമെങ്കിൽ സമ്മതിക്കില്ല. എസ്.എഫ്.ഐയും സി.പി.എമ്മും വഴിയിൽ കെട്ടിയ ചെണ്ടയല്ല. എസ്.എഫ്.ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല -അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐയെ വളർത്തിയത് തങ്ങളാണ്. എസ്.എഫ്.ഐയെ സംബന്ധിച്ചടത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘടനക്ക് കഴിയും. എസ്.എഫ്.ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി. കേരള കൂടോത്ര പാർട്ടിയാണ് കോൺഗ്രസ് -ബാലൻ പരിഹസിച്ചു.
കാര്യവട്ടത്തെ കേരള യൂനിവേഴ്സിറ്റി കാമ്പസിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐക്കെതിരെ ബിനോയ് വിശ്വം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃത സംസ്കാരമാണെന്നും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ശൈലിയല്ലെന്നും തിരുത്തിയേതീരുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അർഥം അറിയില്ല. ഇത്തരക്കാർക്ക് അവരുടെ രാഷ്ട്രീയത്തിന്‍റെ ആഴം അറിയില്ല. പുതിയ ലോകത്തിന് മുമ്പിലുള്ള ഇടതുപക്ഷത്തിന്‍റെ കടമയെ കുറിച്ചും അറിയില്ല. അവരെ പഠിപ്പിക്കണം. എസ്.എഫ്.ഐയെ പഠിപ്പിച്ച് തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയായി മാറും’ -എന്നാണ് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞത്.
കഴിഞ്ഞ മാർച്ചിൽ കേരള സർവകലാശാല കലോത്സവത്തിനിടെ സംഘർഷമുണ്ടായ സന്ദർഭത്തിലും എസ്.എഫ്.ഐക്കെതിരെ ബിനോയ് വിശ്വം രൂക്ഷ വിമർശനം നടത്തിയിരുന്നു. ഒരു സംഘടനക്ക് നിരക്കാത്തതും എസ്.എഫ്.ഐയുടെ പാരമ്പര്യത്തിനും ചരിത്രത്തിനും ചേരാത്ത പ്രവൃത്തിയാണെന്നും അന്ന് ബിനോയ് വിശ്വം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.