ബലമില്ലാത്ത തിരക്കഥ; സംശയം ബാക്കി
text_fieldsകൊല്ലം: വിശ്വസിക്കാൻ പ്രയാസമുള്ള തിരക്കഥയൊരുക്കി തട്ടിക്കൊണ്ടുപോകൽ കേസ് പൊലീസ് അവസാനിപ്പിച്ചു. കോടികളുടെ ആസ്തിയുള്ള വ്യക്തി പത്ത് ലക്ഷം രൂപയുടെ അത്യാവശ്യം തീർക്കാൻ ബാലികയെ തട്ടിക്കൊണ്ടുപോയെന്നും അതിന് പദ്ധതി ഒരുക്കാൻ കുടുംബമൊഴികെ ആരുടെയും സഹായം ലഭിച്ചില്ലെന്നും പൊലീസ് പറയുന്നതിനെ പലരും സംശയത്തോടെയാണ് കാണുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി 21ാം മണിക്കൂറിൽ പോറലേൽക്കാതെ രക്ഷിതാക്കൾക്ക് തിരികെ ലഭിച്ചതിലും പ്രതികളെ വേഗം കണ്ടെത്തിയതിലും പൊലീസിന്റെ പങ്ക് അഭിനന്ദനാർഹമാണെന്ന് പറയുമ്പോഴും പൊലീസ് ഭാഷ്യം മുഴുവനായും വിശ്വസിക്കാനാവുന്നില്ല. മൂന്ന് പുരുഷന്മാരും സ്ത്രീയുമുൾപ്പെട്ട സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയുടെ സഹോദരൻ ആദ്യമേ പറഞ്ഞിരുന്നു. പ്രതികളിലേക്ക് എത്തിയപ്പോൾ അത് ഒരു പുരുഷനും രണ്ട് സ്ത്രീയുമായി ചുരുങ്ങി. കാറിന് മുമ്പിൽ ഡ്രൈവർ അടക്കം രണ്ട് പുരുഷന്മാരും പിന്നിൽ ഒരു അങ്കിളും ചേച്ചിയുമാണ് ഉണ്ടായിരുന്നതെന്ന് സഹോദരൻ വ്യക്തമായി പറയുന്നുണ്ട്. പിന്നിലിരുന്ന അങ്കിളാണ് തന്നെ തള്ളിയിട്ടതെന്നും പറഞ്ഞിരുന്നു. അപ്പോൾ വാഹനം ഓടിച്ചത് ആരാണെന്നും കാറിനുമുന്നിൽ കൂടെ ഉണ്ടായിരുന്നതാരാണെന്നും വ്യക്തമാകേണ്ടതുണ്ട്. സഹോദരന്റെ ശ്രദ്ധ അനുജത്തിയിൽ മാത്രമായിരുന്നെന്നും മുന്നിലുണ്ടായിരുന്നതാരാണന്ന് അറിയാൻ വഴിയില്ലെന്നുമാണ് പൊലീസ് അതിന് പറയുന്ന മറുപടി. ഒപ്പം ബാലിക പറഞ്ഞത് മൂന്നുപേരുടെ കാര്യം മാത്രമാണന്നും പൊലീസ് വ്യക്തമാക്കുന്നു.
പത്മകുമാറിന്റെ ആസ്തിക്കും ബാധ്യതക്കും കണക്കില്ലേ?
പ്രതി പത്മകുമാറിന് ആറ് കോടിയുടെ ആസ്തിയും അത്ര തന്നെ ബാധ്യതയും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതിമാസം അഞ്ച് ലക്ഷം രൂപവരെ യൂട്യൂബിലൂടെ വരുമാനമുണ്ടായിരുന്ന മകൾ അനുപമക്ക് ചില സാങ്കേതിക പ്രശ്നം കാരണം ആ വരുമാനം നിലച്ചുവത്രെ. ഇതോടെയാണ് മറ്റൊരു വരുമാനത്തിനായി വഴിവിട്ട മാർഗത്തെക്കുറിച്ച് ചിന്തിച്ചതത്രെ. പത്തുലക്ഷത്തിന്റെ അത്യാവശ്യം വന്നതോടെ ഉടൻ പ്രാവർത്തികമാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. രണ്ട് ആഡംബര കാറും ബേക്കറിയും നാട്ടിൽ മൂന്നര ഏക്കർ ഫാമും സംസ്ഥാനത്തിനുപുറത്ത് വേറെ ഫാമും വിലകൂടിയ ഒരു ഡസനോളം നായകളും അടക്കം സ്വന്തമായുള്ള അഭ്യസ്തവിദ്യരായ കുടുംബം കേവലം പത്തുലക്ഷത്തിനായി ഇങ്ങനൊരു വിഡ്ഡിത്തത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുമെന്ന് പലരും വിശ്വസിക്കുന്നില്ല. ഏഴുകോടി രൂപയെങ്കിലും മതിപ്പ് വില വരുന്ന വീടിനടുത്ത മൂന്നര ഏക്കർ ഫാം പത്മകുമാർ സ്വന്തമാക്കിയിട്ട് അധികം നാളുകളായിട്ടില്ലെന്നും പറയുന്നു. ഇത്രയും സമ്പത്തുള്ള പത്മകുമാറിന്റെ ബാധ്യതകളുടെ കണക്ക് വിശദീകരിക്കാനും പൊലീസ് തയാറാകുന്നില്ല.
കേസ് വിപുലമാകരുതെന്ന് ആർക്കാണ് നിർബന്ധം?
പൊലീസ് മറ്റൊരുകാര്യം അടിവരയിടുന്നത് ബാലികയുടെ പിതാവ് റെജിക്ക് ഈ കേസിൽ ഒരു പങ്കുമില്ലെന്നാണ്. ‘ഈ കേസിൽ’ എന്ന് എ.ഡി.ജി.പി അജിത്കുമാർ അടിവര ഇടുന്നുണ്ട്, ആ വാക്കിൽ തന്നെ വേറെ ഏതോ കേസ് ഒളിഞ്ഞുകിടപ്പുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് അടുത്തകാലത്ത് തുടങ്ങിയ സംഭവമല്ല. റെജി നേതാവായ സംഘടനക്കും ഇക്കാര്യത്തിൽ നല്ല സർട്ടിഫിക്കറ്റല്ല ഉള്ളത്. നഴ്സിങ് പ്രവേശനം, വിദേശ റിക്രൂട്ട്മെന്റ്, വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ഇംഗ്ലീഷ് ഭാഷ പ്രവീണ്യം എന്നിങ്ങനെ കാര്യങ്ങളിൽ ഈ മേഖലയിൽ ലക്ഷങ്ങളാണ് അനധികൃതമായി ഒഴുകുന്നത്. അന്വേഷണം ഇത്തരം കാര്യങ്ങളിലേക്ക് നീണ്ടാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് പൊലീസിനും അറിയാം. കുട്ടിയെ കാണാതായതിനെ തുടർന്ന് റെജിയുടെ വീട്ടിലും പൊലീസ് സ്റ്റേഷനിലുമൊക്കെ എത്തിയ അസോസിയേഷൻ നേതാക്കളുടെ ‘പ്രകടനങ്ങളും’ അവരിലെ ആത്മവിശ്വാസവും കണ്ടവർ അത് അടിവരയിടുന്നുണ്ട്.
ക്വട്ടേഷൻ സംഘത്തിന്റെ പങ്ക്
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ക്വട്ടേഷൻ സംഘത്തിന്റെ പങ്കിൽ സംശയം ഇനിയും തീർന്നിട്ടില്ല. കൃത്യത്തിൽ പങ്കെടുത്ത നാലാമത്തെയാളിനെ മറച്ചുവെക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ ഇക്കാര്യവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജില്ലയിലെ ബി.ജെ.പി നേതാവുമായുള്ള പത്മകുമാറിന്റെ ബന്ധവും അയാൾക്കുള്ള ക്വട്ടേഷൻ ഇടപാടുകളും നാട്ടുകാർക്ക് വ്യക്തമായറിയാം. നഴ്സിങ് റിക്രൂട്ട്മെന്റിലെ രാഷ്ട്രീയ ബന്ധങ്ങൾ വേറെയും. ഇക്കാര്യങ്ങളിലേക്ക് അന്വേഷണം നീണ്ടാൽ കേരള പൊലീസിന്റെ കൈകളിൽ മാത്രം കാര്യങ്ങൾ ഒതുങ്ങില്ലെന്നതാവും കേസ് പെട്ടെന്ന് അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.