മഹാരാജാസിലേത് മാരകായുധങ്ങൾ തന്നെയെന്ന് എഫ്.ഐ.ആർ; പൊലീസും മുഖ്യമന്ത്രിയും രണ്ട് തട്ടിൽ
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിൽനിന്ന് കണ്ടെടുത്തത് മാരകായുധങ്ങളെന്ന് പൊലീസ്. മുഖ്യമന്ത്രി വെള്ളിയാഴ്ച നിയമസഭയില്‍ നടത്തിയ പ്രസ്താവനക്ക് വിരുദ്ധമായ കാര്യങ്ങളാണ് പൊലീസ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പ്രഥമവിവര റിപ്പോര്‍ട്ടിലും െസര്‍ച്ച് പട്ടികയിലുമുള്ളത്.
ഗാര്‍ഹികമോ കാര്‍ഷികമോ ആയ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്ന മാരകായുധത്തില്പെട്ട ഒന്നര അടി നീളവും മൂര്‍ച്ചയുമുള്ള വെട്ടുകത്തിയും കമ്പിവടികളുമാണ് ഹോസ്റ്റലില്‍നിന്ന് പിടിച്ചെടുത്തതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എഫ്.ഐ.ആറിനൊപ്പം ചേര്‍ത്തിരിക്കുന്ന സെര്‍ച്ച് റിപ്പോര്‍ട്ടില്‍ ആയുധങ്ങളുടെ വിശദാംശങ്ങളും സെന്‍ട്രല്‍ എസ്.ഐ ജോസഫ് സാജന് ചേര്‍ത്തിട്ടുണ്ട്. നിയമസഭയില്‍ അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പ്രിന്‍സിപ്പല്‍ കെ.എല്‍. ബീന നല്കിയ കത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കോളജ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്. ആയുധ നിയമത്തിലെ 27ാം വകുപ്പ് ചുമത്തിയാണ് പൊലീസ് അന്വേഷണത്തിന് തുടക്കംകുറിച്ചത്.
കോടതിയില്‍നിന്ന് െസര്‍ച്ച് വാറൻറ് വാങ്ങാന്‍ കാലതാമസമുണ്ടാവുമെന്ന് മനസ്സിലാക്കി സെര്‍ച്ച് മെമ്മോറാണ്ടം തയാറാക്കി കോടതിക്ക് അയച്ചശേഷമായിരുന്നു പൊലീസ് പരിശോധന. വിദ്യാര്‍ഥികള്‍ക്ക് താമസിക്കാൻ അനുവദിച്ചിരുന്ന സ്റ്റാഫ് ഹോസ്റ്റലിലെ 14ാം നമ്പര്‍ മുറിയിൽ കട്ടിലിനടിയില്‍ കറുത്ത ഫ്ലക്സില്‍ പൊതിഞ്ഞാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്.
ചതുരത്തിലുള്ള രണ്ട് ഇരുമ്പ് പൈപ്പ്, ഒരറ്റം ചുവപ്പുതുണി ചുറ്റിയ പൈപ്പ്, 90 സെ.മീറ്റര്‍ നീളമുള്ള അഞ്ച് ഇരുമ്പ് പൈപ്പുകൾ, ഒരു സ്റ്റീല്‍ പൈപ്പ്, പല വലുപ്പത്തിലുള്ള വാര്‍ക്കക്കമ്പികള്‍, റബര്‍ പിടിയുള്ള വെട്ടുകത്തി, 75 സെ. മീറ്റര്‍ നീളവും ഒന്നരയടി വണ്ണവുമുള്ള കുറുവടി, മൂന്ന് അടി നീളവും ഒരു ഇഞ്ച് വണ്ണവുമുള്ള മുളവടി, രണ്ടരയടി നീളവും അര അടി വണ്ണവുമുള്ള പലകക്കഷണം എന്നിവയാണ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധങ്ങള്‍ കണ്ടെടുത്ത മുറിയിലെ താമസക്കാരായ വിദ്യാര്‍ഥികളുടെ ലിസ്റ്റും റിപ്പോര്‍ട്ടിനൊപ്പമുണ്ട്.
പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്ന് പൊലീസ് എഫ്.െഎ.ആറിൽ വിശദീകരിച്ചിരിക്കെ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.