ക്ഷേത്ര വളപ്പുകളിൽ ആയുധ പരിശീലനവും മാസ് ഡ്രില്ലും അനുവദിക്കാനാകില്ല- ഹൈകോടതി
text_fieldsകൊച്ചി: ക്ഷേത്ര വളപ്പുകൾ ആയുധ പരിശീലനത്തിനും മാസ് ഡ്രില്ലിനും ഉപയോഗിക്കാനാവില്ലെന്ന് ഹൈകോടതി. തിരുവനന്തപുരത്തെ ശ്രീ ശാർക്കര ദേവി ക്ഷേത്ര വളപ്പ് കൈയേറി ആർ.എസ്.എസ് ആയുധ പരിശീലനത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭക്തരായ ജി. വ്യാസൻ, കെ.വി. വിജയകുമാർ എന്നിവരുടെ ഹരജിയിലാണ് ജസ്റ്റിസ് അനിലിന്റെ ഉത്തരവ്. ക്ഷേത്രപരിസരത്ത് ആൾക്കൂട്ട അഭ്യാസങ്ങളും ആയുധ പ്രയോഗങ്ങളും തടയുന്നത് കർശനമായി പാലിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം കമീഷണർക്കും ശാർക്കര ദേവിക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർക്കും കോടതി നിർദേശം നൽകി.
ക്ഷേത്രത്തിൽ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഭക്തർക്കും ക്ഷേത്രദർശനത്തിനെത്തുന്ന തീർഥാടകർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി. സംഘടന പ്രവർത്തകർ ക്ഷേത്രപരിസരത്ത് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് കുട്ടികളും മുതിർന്ന പൗരന്മാരും സ്ത്രീകളുമടക്കമുള്ള ഭക്തർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. സന്നിധാനത്തിന്റെ വിശുദ്ധിയെയും ദൈവികതയെയും ബാധിക്കുന്നു. ആയുധ പരിശീലനത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിക്കുന്നു. ക്ഷേത്രത്തിലെ ആയുധ പരിശീലനം തടയണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ക്ഷേത്രപരിസരത്ത് സംഘപരിശീലനവും ആയുധപരിശീലനവും നടത്തുന്നില്ലെന്നും അപകീർത്തിപ്പെടുത്താനായി രാഷ്ട്രീയപ്രേരിതമായാണ് ആരോപണങ്ങളെന്നും ആർ.എസ്.എസ് വാദിച്ചു. 2021 മാർച്ച് 30ന് ദേവസ്വം കമീഷണർ ആയുധ പരിശീലനം നിർത്തുന്നത് സംബന്ധിച്ച ആദ്യ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഹരജി നൽകിയതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായും ക്ഷേത്രത്തിൽ ഗേറ്റ് സ്ഥാപിക്കണമെന്ന അപേക്ഷ മരാമത്ത് വകുപ്പിന്റെ പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു. ക്ഷേത്രത്തിൽ മാസ് ഡ്രില്ലും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി ആർ.എസ്.എസിന് നോട്ടിസ് നൽകുകയും അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ക്ഷേത്രത്തിന്റെ സ്വത്തുക്കളും മറ്റും കൈകാര്യം ചെയ്യാനും നിത്യപൂജകൾ നടത്താനും ദേവസ്വം ബോർഡിന് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ ആചാരങ്ങളും ഉത്സവങ്ങളും സുഗമമായി നടത്താൻ ബോർഡിനും ഉദ്യോഗസ്ഥർക്കും ആവശ്യമായ സഹായം നൽകാൻ ക്ഷേത്ര ഉപദേശക സമിതി ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.