അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം; തുലാവർഷ സീസണിലെ എട്ടാമത്തേത്
text_fieldsകോഴിക്കോട്: മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. തുലാവർഷ സീസണിൽ (47 ദിവസത്തിൽ) രൂപപ്പെടുന്ന ഏട്ടാമത്തെ ന്യൂനമർദ്ദമാണിത്.
പടിഞ്ഞാറു, വടക്ക്-പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. എന്നാൽ, കേരളത്തിൽ നിന്ന് അകന്നു പോകുന്നതിനാൽ സംസ്ഥാനത്തിന് കൂടുതൽ ഭീഷണിയില്ല.
അതേസമയം, വടക്ക് ആൻഡമാൻ കടലിലെ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദ്ദം (well marked low pressure) ആകാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 18ഓടെ മധ്യ പടിഞ്ഞാറ് -തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി തെക്ക് ആന്ധ്രാപ്രദേശ്- വടക്കു തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.
വിവിധ ഏജൻസികളുടെ മഴ പ്രവചനം ഇങ്ങനെ
- കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ IMD-GFS മോഡൽ പ്രകാരം അടുത്ത രണ്ട് ദിവസം കേരളത്തിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
- കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്‍റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting)ന്‍റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ - വടക്കൻ കേരളത്തിലും നാളെ വടക്കൻ കേരളത്തിലും ശക്തമായ മഴ സാധ്യത പ്രവചിക്കുന്നു.
- National Centers for Environmental Prediction (NCEP)ന്‍റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്നും നാളെയും കേരളത്തിൽ മിതമായ മഴയ്ക്ക് സാധ്യത.
- European Centre for Medium-Range Weather Forecasts (ECMWF)ന്‍റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നും നാളെയും വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.
- സ്വകാര്യ ഏജൻസിയായ IBM weather ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മഴയ്ക്കുള്ള സൂചന നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.