കോവിഡ് വാർഡിൽ താലിചാർത്തിയ ദമ്പതികൾക്ക് വധുഗൃഹത്തിൽ വിവാഹ ചടങ്ങ്
text_fieldsഅമ്പലപ്പുഴ: കോവിഡ് വാർഡിെൻറ വരാന്ത കതിർമണ്ഡപമാക്കി താലിചാർത്തിയ ദമ്പതികൾക്ക് സമുദായ ആചാരപ്രകാരം വധുഗൃഹത്തിൽ വിവാഹം. കുപ്പപ്പുറം ഓണംപള്ളി ശശിധരൻ -ജിജി ദമ്പതികളുടെ മകൻ ശരത് മോനും വടക്കനാര്യാട് പ്ലാം പറമ്പിൽ സുജി -കുസുമം ദമ്പതികളുടെ മകൾ അഭിരാമി (ശ്രീകുട്ടി)യുമായുള്ള വിവാഹമാണ് രാവിലെ 10നും 10.30 നും ഇടയിലെ മുഹൂർത്തത്തിൽ വായ്ക്കുരവയോടെ നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 20 പേരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ചടങ്ങ്.
കഴിഞ്ഞ 25ന് 12 നും 12.15 നുമിടയിലെ മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിദേശത്തായിരുന്ന ശരത് മോൻ നാട്ടിലെത്തിയപ്പോഴേക്കും കോവിഡ് പിടിപെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹം മറ്റൊരു ദിവസത്തേക്ക് തീരുമാനിക്കാമെന്ന് കരുതിയെങ്കിലും ഇരുവരുടെയും ഉത്തമ മാംഗല്യ മുഹൂർത്തം അടുത്തദിവസങ്ങളിൽ ഇല്ലാത്തതിനാൽ ആചാരപ്രകാരം തുളസിമാല അണിഞ്ഞ് താലികെട്ട് ചടങ്ങ് ആശുപത്രിയിലെ കോവിഡ് വാർഡിന് മുന്നിൽ വരാന്തയിൽ നടത്തിയിരുന്നു. കോവിഡ് മുക്തനായ ശരത് മോൻ കഴിഞ്ഞ നാലിനാണ് ആശുപത്രി വിട്ടത്. തുടർന്ന് ക്വാറൻറീനിൽ കഴിയുകയായിരുന്നു.
തുടർന്നാണ് ഇന്നലെ വധുഗൃഹത്തിൽ സമുദായ ആചാരപ്രകാരമുള്ള വിവാഹം നടത്താൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.